Image

അനൂപിന്റെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും: തങ്കച്ചന്‍

Published on 21 March, 2012
അനൂപിന്റെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും: തങ്കച്ചന്‍
തിരുവനന്തപുരം: പിറവത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട അനൂപ് ജേക്കബിന് ഏത് വകുപ്പ് നല്‍കണമെന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. അനൂപ് മന്ത്രിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ടി.എം.ജേക്കബ് കൈവശം വെച്ചിരുന്ന വകുപ്പ് തന്നെ നല്‍കുമെന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രിസ്ഥാനം ഏപ്പോള്‍ ഏറ്റെടുക്കുമെന്ന കാര്യം അടുത്ത യു.ഡി.എഫ്. യോഗത്തില്‍ തീരുമാനിക്കുമെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

പിറവത്ത് തോറ്റ ഇടതുമുന്നണി പിഴവുകള്‍ സംബന്ധിച്ച് പഠിക്കേണ്ടതിന് പകരം നിലവാരമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും യു.ഡി.എഫ്. നേടിയത് രാഷ്ട്രീയവിജയമാണെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു. പിറവത്ത് പ്രതിഫലിക്കുക സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലാകുമെന്ന് ആദ്യം പറഞ്ഞത് സി.പി.എമ്മാണെന്നും ഈ വിജയം സര്‍ക്കാര്‍ മുന്നേറുന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യത്തിന് അക്കാര്യം ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലായിരുന്നു തങ്കച്ചന്റെ മറുപടി. വകുപ്പുകള്‍ നിശ്ചയിക്കാനുള്ള വിവേചനാധികാരം മുഖ്യമന്ത്രിയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. ടി.എം.ജേക്കബിന്റെ മരണത്തോടെ അദ്ദേഹം കൈവശം വെച്ചിരുന്ന സിവില്‍ സപ്ലൈസ്, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക