Image

അസിഫയുടെ ക്രൂരമായ കൊലപാതകം ഇന്ത്യയുടെ ആത്മാഭിമാനം തകര്‍ത്തു : നവയുഗം

Published on 14 April, 2018
അസിഫയുടെ ക്രൂരമായ കൊലപാതകം ഇന്ത്യയുടെ ആത്മാഭിമാനം തകര്‍ത്തു : നവയുഗം
ദമ്മാം: ജമ്മുവിലെ കതുവ എന്ന ഗ്രാമത്തില്‍ അസിഫ എന്ന എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ ഒരു കൂട്ടം വര്‍ഗ്ഗീയഭ്രാന്തന്മാര്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച്, പലതവണ കൂട്ടമാനഭംഗം നടത്തുകയും, ഒടുവില്‍  ക്രൂരമായി കൊന്നു തള്ളുകയും ചെയ്ത സംഭവം, മനുഷ്യത്വമുള്ള ആര്‍ക്കും പൊറുക്കാന്‍ കഴിയില്ല. ആ ഹീനമായ കുറ്റകൃത്യം ചെയ്ത മനുഷ്യമൃഗങ്ങളെ രക്ഷിയ്ക്കാനായി ദേശീയപതാകയുമായി പ്രകടനം നടത്തിയ മതഭ്രാന്തരും, ആ പ്രകടനത്തിന് നേതൃത്വം നല്‍കിയ സംസ്ഥാനസര്‍ക്കാരിലെ ബി.ജെ.പി മന്ത്രിമാരും,നേതാക്കളും, കുറ്റവാളികളെ സഹായിയ്ക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ അനുകൂലികളായ വക്കീലന്മാരും ചേര്‍ന്ന്, ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ മഹാരാജ്യത്തിന്റെ ആത്മാഭിമാനമാണ് തകര്‍ത്തതെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ ബാലപീഢനങ്ങളും കൊലപാതകങ്ങളും പുതുമയുള്ള സംഭവമല്ല.  എന്നാല്‍ കതുവയിലെ ബാലികയുടെ കൊലപാതകം പല കാരണങ്ങള്‍ കൊണ്ട് വേറിട്ട് നില്ക്കുന്നു. അരങ്ങേറിയത് വെറും ബലാത്കാരമല്ല., വര്ഗ്ഗീയ ബലാത്കാരമാണ്. ഏതെങ്കിലും ലൈംഗിക ഭ്രാന്തന്റെ മനോവിഭ്രാന്തി ആയിരുന്നില്ല അത്. നാടോടി മുസ്ലീങ്ങളെ ആ സ്ഥലത്തു നിന്നും തുരത്തി ഓടിയ്ക്കാനായി ചില ഹിന്ദു മതഭ്രാന്തര്‍ വ്യക്തമായ ആസൂത്രണം വഴി നടത്തിയ പൈശാചികകൃത്യം ആയിരുന്നു അത്. ആ മൃഗീയ കൃത്യം നടത്തിയത് സര്ക്കാര് ഉദ്യോഗസ്ഥരും, പോലീസുകാരും, ക്ഷേത്രപൂജാരിയും അടക്കമുള്ള പ്രമുഖര് ആയിരുന്നു. അതും ഒരു ക്ഷേത്രത്തിന്റെ ഉള്ളില്‍ വെച്ച്. 

സാധാരണ ഇത്തരം ക്രൂരമായ കൊലപാതകങ്ങള്‍ നടന്നാല്‍, ദേശ,ഭാഷാ,മത,ജാതി, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളും ഒന്നിച്ചതിനെ എതിര്‍ക്കും. എന്നാല്‍ ഇവിടെയാകട്ടെ, എട്ട് വയസ്സുള്ള കുരുന്ന് ഏഴ് ദിവസത്തോളം അത്രിക്രൂരമായി ആക്രമിക്കപ്പെട്ട് ഇഞ്ചിഞ്ചായി മരിച്ച സംഭവത്തിന് പിന്നില് പ്രവര്ത്തിച്ച ക്രിമിനലുകള്‍ക്ക്  പിന്തുണയേകാന്‍ മതത്തിന്റെ പേരില് 'ഹിന്ദു ഏക്താ മഞ്ച്' എന്ന പേരില്‍  ഒരു സംഘടന രംഗത്തെത്തി. അവര് 'ഭാരത് മാതാ കി ജയ്' വിളിച്ചു കൊണ്ട് ഇന്ത്യന് പതാകയുമായി, കുറ്റവാളികളെ രക്ഷിയ്ക്കാന്‍ പ്രകടനം നടത്തി. ജമ്മുകശ്മീരിലെ ബി.ജെ.പി മന്ത്രിമാരായ ലാല്‍സിലങ്, ചന്ദര്‍പ്രോകാശ് എന്നിവരായിരുന്നു അതിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കുന്നതിനെ തടയാനായി സംഘപരിവാര്‍ അനുകൂലികളായ വക്കീലന്മാര്‍ പ്രതിഷേധ സംഘര്‍ഷം ഉണ്ടാക്കി. എന്തിനധികം, കേരളത്തില്‍ പോലും ഈ ഹീനകൃത്യത്തെ ന്യായീകരിയ്ക്കാന്‍ ആളുകള്‍ ഉണ്ടായി. ഇതൊക്കെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഉള്ള സംഘപരിവാര്‍ ഭരണം, ഇന്ത്യന്‍ സമൂഹത്തെ എത്രയധികം വര്‍ഗ്ഗീയമായി വിഭജിച്ചു എന്നാണ് ഇതൊക്കെ കാണിയ്ക്കുന്നത് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

അസിഫയുടെ ക്രൂരമായ കൊലപാതകത്തിനെതിരെ നവയുഗത്തിന്റെ വിവിധ സംഘടനാ കമ്മിറ്റികളുടെയും, ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധസംഗമങ്ങള്‍ സംഘടിപ്പിയ്ക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹനും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും, പ്രസ്താവനയില്‍ പറഞ്ഞു.



അസിഫയുടെ ക്രൂരമായ കൊലപാതകം ഇന്ത്യയുടെ ആത്മാഭിമാനം തകര്‍ത്തു : നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക