Image

സാഹിത്യത്തിലെ ആഗോളവല്‍ക്കരണം (നോവല്‍ നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 14 April, 2018
സാഹിത്യത്തിലെ ആഗോളവല്‍ക്കരണം (നോവല്‍ നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
(ശ്രീ ജോണ്‍ ഇളമതയുടെ മേപ്പിള്‍ മരങ്ങളില്‍ മഞ്ഞു വീഴുമ്പോള്‍ (നോവല്‍) നിരൂപണം)

നോവലുകള്‍ ഒരു കാലത്ത് എഴുതുന്നയാളുടെ ദേശത്തിന്റെ പരിധിയില്‍ ഒതുങ്ങിയിരുന്നു. വിദേശരാജ്യങ്ങളുടെ ചരിത്രവും, സംസ്കാരവും വായനയുടെ അല്ലെങ്കില്‍ കേട്ടറിവിന്റെ വെളിച്ചത്തില്‍ചിലര്‍ നോവലുകളില്‍ ഉള്‍പ്പെടുത്തിയെങ്കിലും സ്വന്തം സംസ്കാരം ഉല്‍ക്രുഷ്ടമെന്ന മുന്‍വിധിക്ക് അവര്‍ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. കുടിയേറ്റക്കാരുടെ രചനകളില്‍ അവര്‍ എത്തിപ്പെട്ട ദേശത്തിന്റെ സംസ്കാരത്തോടുള്ള വിയോജിപ്പ് പ്രകടമാണു. അതിന്റെ ആഘാതങ്ങള്‍ അവരുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നതായും അവര്‍ ചിത്രീകരിച്ചു.ഇപ്പോള്‍ ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് സാഹിത്യവും ആഗോളവല്‍ക്കരിക്കപ്പെട്ടു. ദേശദേശാന്തരങ്ങളിലെ ജീവിതരീതികളും, സംസ്കാരവും മാധ്യമങ്ങള്‍ വഴി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പോലെ തന്നെ കുടിയേറ്റക്കാര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കഥകളിലൂടേയും നോവലുകളിലൂടേയും അതിന്റെ ഒരു നേര്‍ച്ചിത്രം നമുക്ക് നല്‍കുന്നു. ഇത്തരം കഥകള്‍ കുടിയേറ്റസംസ്കാരത്തിനു, അതായ്ത് കുടിയേറ്റക്കാര്‍ കൂടെകൊണ്ടു വരുന്നതും അവര്‍ ഭാഗികമായി അവിടെ സ്വീകരിക്കുന്നതുമായ സംസ്കാരത്തില്‍ മാറ്റമുണ്ടാക്കിയേക്കാം.

ഒരു പക്ഷെ പ്രവാസനോവലുകള്‍ എന്നു വിളിക്കുന്നത് രണ്ടു രാജ്യങ്ങളിലെ സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളും അവ വരുത്തി വയ്ക്കുന്ന വിനകളും അത്തരം നോവലുകള്‍ പ്രതിപാദിക്കുന്നത്‌കൊണ്ടാകാം. വാസ്തവത്തില്‍ എഴുത്തുകാര്‍ എഴുതുന്ന കലാസ്രുഷ്ടികളില്‍ ഒരു ആഗോളവല്‍ക്കരണം നടക്കുന്നുണ്ട്.അമേരിക്കയില്‍ നിന്നൊരു എഴുത്തുകാരന്‍ എഴുതുന്ന നോവലില്‍ വ്യത്യസ്തരാജ്യക്കാര്‍ അവിടെ നയിക്കുന്ന ജീവിതവും, അവര്‍ അനുഭവിക്കുന്ന സാംസ്കാരിക സംഘര്‍ഷങ്ങളും അതിജീവനത്തിനായുള്ള പോരാട്ടവും വിവരിക്കപ്പെടുന്നു. എങ്കിലും അമേരിക്കന്‍ നോവല്‍, ബ്രിട്ടിഷ് നോവല്‍, ഇന്ത്യന്‍ നോവല്‍ എന്നൊക്കെ ഇപ്പോഴും പ്രയോഗിക്കുന്നുണ്ട്. പണ്ടത്തെ മലയാളനോവലുകള്‍ പരിശോധിച്ചാല്‍ കാണാം അതിലെ കഥയും കഥാപാത്രങ്ങളും നടക്കുന്നത് നോവലിസ്റ്റ് ഭാവന ചെയ്യുന്ന ഒരു ദേശത്താണെന്നു. എന്നാല്‍ ഇന്നു സാങ്കേതികവിദ്യ വളരുകയും മനുഷ്യര്‍ കൂടുതലായി കുടിയേറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കയും ചെയ്യുന്നതിനാല്‍ ഒരു വിശ്വസംസ്കാരം സാഹിത്യത്തില്‍ ഉടലെടുക്കുന്നുണ്ട്.

കുടിയേറ്റക്കാര്‍ക്ക് സുപരിചിതമായ ഒരു കഥയുടെ ചുരുള്‍ നിവര്‍ത്തുകയാണു ശ്രീ ജോണ്‍ ഇളമത "മേപ്പിള്‍ മരങ്ങളില്‍ മഞ്ഞു വീഴുമ്പോള്‍'' എന്ന അദ്ദേഹത്തിന്റെ പുതിയ നോവലില്‍. കുടിയേറ്റക്കാരുടെ ജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങളിലേക്ക്, അതിന്റെ വെല്ലുവിളികളിലേക്ക്, അതിന്റെ അസ്ഥിരതയിലേക്ക്് ഇറങ്ങി ചെന്ന് അതൊക്കെ വായനകാരിലേക്ക് സന്നിവേശിപ്പിക്കാന്‍ ഒരു കുടിയേറ്റക്കാരന്റെ ജീവിതകഥ ലളിതമായി ചിത്രീകരിച്ചാല്‍ എളുപ്പമാകുമെന്ന് നോവലിസ്റ്റ അനുമാനിച്ചതായി വായനകാര്‍ക്ക് അനുഭവപ്പെടാം. നോവലിസ്റ്റ് തന്റെ ആമുഖത്തില്‍ കുടിയേറ്റക്കാരും പ്രവാസികളും ആരാണെന്നു വ്യക്തമാക്കുന്നുണ്ട്.പ്രവാസി ധനാര്‍ജ്ജനത്തിനു ശേഷം തിരികെ തന്റെ ജന്മനാട്ടിലേക്ക് പോകുമ്പോള്‍ കുടിയേറ്റകാരന്‍ അവന്‍ എത്തിപ്പെട്ട സ്ഥലത്ത് സ്ഥിരതാമസമാക്കുന്നു. ഇങ്ങനെ വേരു പറിച്ച് നടുമ്പോള്‍, ആ ചെടി വളരാനുള്ള സാഹചര്യങ്ങള്‍ അവനു അനുകൂലമായി തോന്നാതെ വരുമ്പോള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണു നോവലിസ്റ്റ് പറയാന്‍ ഉദ്ദേശിക്കുന്നത്. അതായ്ത് പ്രവാസഭൂമിയില്‍ എത്തിപ്പെടുന്ന കുടിയേറ്റക്കാരന്റെ സാംസ്കാരിക ഏകീകരണത്തെപ്പറ്റിയാണു.(cultural integration)അവന്‍ നേരിടുന്ന സാംസ്കാരിക വൈവിധ്യത്തെപ്പറ്റിയാണ്. (cultural diversity) അവിടെ അവന്‍ കണ്ടെത്തുന്ന സാംസ്കാരിക സത്വത്തെയാണു. (cultural identity) തന്റെ സംസ്കാരവും വിശ്വാസങ്ങളും മറ്റുള്ളവരില്‍ നിന്നും മീതെയാണെന്ന (ethnocentrism ) മനുഷ്യന്റെ ചിന്തകള്‍, പ്രത്യേകിച്ച് ഭാരതീയന്റെ ചിന്തകള്‍, അവനു തന്നെ വിനയാകുന്നു, അവന്റെ സാഹചര്യങ്ങള്‍ മാറുമ്പോള്‍ എന്നുകൂടി സമര്‍ത്ഥിക്കാനാണ്. ഇതു വായനുകാരനു ഊഹിക്കാമെങ്കിലും നോവലിസ്റ്റ് ഇതിനൊക്കെ വേണ്ടത ഊന്നല്‍ നല്‍കിയോ എന്ന സംശയമുണ്ട്. കാരണം നോവലിസ്റ്റ് പറയുന്ന കഥയിലൂടെ അതിന്റെയൊക്കെ ഒരു യഥാര്‍ത്ഥചിത്രം വായനകാരനു തെളിഞ്ഞുകിട്ടുമെന്ന വിശ്വാസത്തോടെയാണു അദ്ദേഹം രചന നിര്‍വ്വഹിച്ചിട്ടുള്ളത്. മേലുദ്ധരിച്ച സമ്മിശ്രവികാരങ്ങള്‍ നിറയുന്ന ഇതിലെ മുഖ്യകഥാപാത്രമായ ഡോക്ടര്‍ റോയി ഇരട്ടവഞ്ചിയില്‍ കാലിട്ട് നില്‍ക്കുന്നുണ്ട്. പ്രവാസ ഭൂമിയിലെ നന്മകള്‍ ആസ്വദിക്കണം എന്നാല്‍ ജന്മഭൂമിയിലെ സംസ്കാരം കൈവെടിയാനും വയ്യ. ഒരു ശരാശരി പ്രവാസിയുടെ തനിപകര്‍പ്പാണു ഡോക്ടര്‍ റോയ്.

കഥാനായകന്റെ ജീവിതകഥയില്‍ ആഗന്തുകങ്ങളായ വന്നുഭവിക്കുന്ന സംഭവങ്ങള്‍ നോവലിസ്റ്റ് വിവരിക്കുന്നുണ്ടെങ്കിലും. നോവലിസ്റ്റ് പറയുന്നത് കഥാനായകനായ റോയ് പുതിയ സംസ്കാരവുമായ് ഇന്റഗ്രെയ്റ്റ് (integrate) ചെയ്തില്ല; അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വിടവുകള്‍ ഉണ്ടായിയെന്നാണു. എന്നാല്‍ ഡോക്ടര്‍ റോയിയുടെ ജീവിതം ആദ്യാവസാനം ശ്രദ്ധിക്കുമ്പോള്‍ അദ്ദേഹം ഇന്റെഗ്രെയ്റ്റ് ചെയ്യുന്നുണ്ട്. അതു പക്ഷെ മക്കള്‍ കാനഡിയന്‍ സംസ്കാരം സ്വീകരിച്ചതിനു ശേഷമാണെന്നു മാത്രം. വാസ്തവത്തില്‍ അയാള്‍ സംസ്കാരവുമായി ഇന്റഗ്രെയ്റ്റ് ചെയ്യുകയല്ല മറിച്ച് അസ്സിമിലേറ്റ് ചെയ്യുകയാണു. എല്ലാ സംസ്കാരങ്ങളിലും നല്ലതും ചീത്തയുമുണ്ട്. നല്ലതിനെ കാണാതെ ചീത്ത മാത്രം കാണുകയും അതില്‍ ചെന്നു ചാടി ഒരു സംസ്കാരത്തെ മൊത്തമായി ആക്ഷേപിക്കുകയും ചെയ്യുന്ന സ്വഭാവക്കാരില്‍ ഒരാളാണ് ഡോക്ടര്‍ റോയ്.

വാസ്തവത്തില്‍ ഒരു കുടിയേറ്റക്കരന്റെ പ്രയാസങ്ങള്‍ ഡോക്ടര്‍ അനുഭവിക്കുന്നില്ല. മകനും മകളും കാനഡയിലെ ചെറുപ്പക്കാരുടെ ജീവിതരീതിയനുസരിച്ച് ജീവിച്ചു. വിവാഹമെന്ന കര്‍മ്മമില്ലാതെ മകന്‍ ഒരു വെള്ളക്കാരി പെണ്‍കുട്ടിയോടൊത്ത് ജീവിക്കാന്‍ തുടങ്ങി.. മകളോ സ്വവര്‍ഗ്ഗാനുരാഗിയായി ഏതൊ പെണ്‍കുട്ടിയുടെ കൂടെ താമസമായി. മക്കള്‍ പഠിച്ച് ഉന്നത ബിരുദങ്ങള്‍ നേടി ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വഹിക്കുമെന്നു ആഗ്രഹിച്ച റോയിക്ക് മക്കളുടെ പ്രവര്‍ത്തി നീതീകരിക്കാന്‍ കഴിയാതെ അയാള്‍ അസ്വസ്ഥനായപ്പോള്‍ കാനഡയിലും നാട്ടിലുമായി ജീവിതം കൊണ്ടാടിയ ഭാര്യക്ക് കുടുംബവുമായി ഇണങ്ങാന്‍ കഴിയാതെ അവര്‍ റോയിയെ വിട്ടു ഒരു വെള്ളക്കാരന്റെ കൂടെ താമസമാക്കുന്നു. വാസ്തവത്തില്‍ ഈ രണ്ടു ജീവിത മുഹുര്‍ത്തങ്ങളില്‍ നിന്നാണു കഥയുടെ ഗതി നീങ്ങുന്നത്. കാനഡയിലെ ജീവിതം നല്‍കിയ സൗഭാഗ്യങ്ങള്‍ക്കും, അവസരങ്ങള്‍ക്കും വിലമതിക്കാതെ ഭാരതീയ സംസ്കാരത്തിന്റെ പേരും പറഞു സ്വയം കഷ്ടപ്പടുകള്‍ ഏറ്റുവാങ്ങുന്ന ഒരു കുടിയേറ്റക്കാരനായിട്ടാണ് ഡോക്ടര്‍ റോയിയെ കാണാന്‍ കഴിയുക.പല നാടുകളില്‍ നിന്നുമെത്തുന്ന പ്രവാസികളെ അപേക്ഷിച്ച് ഭാരതത്തില്‍ നിന്നൂള്ളവരെ മാത്രം ഭയപ്പെടുത്തുന്നത് അവര്‍ക്കനുഭവപ്പെടുന്ന സാംസ്കാരിക ആഘാതമാണ്.

ഭാരതീയര്‍ അദ്ധ്വാനശീലരും സുഖലോലുപമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരുമാണെന്നു ഇതിലെ കഥാപാത്രങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. എന്നാല്‍ അവര്‍ ഭാരതത്തില്‍ നിന്നും കൊണ്ടു വന്ന സാംസ്കാരിക പൈത്രുകം, കുടുംബ വ്യവസ്ഥകള്‍, മൂല്യങ്ങള്‍ എല്ലാം കാത്തു സൂക്ഷിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നു. കുടിയേറ്റഭൂമിയില്‍ ജനിച്ച് വളരുന്ന മക്കളും മാതാപിതാക്കളുടെ പാത പിന്തുടരണമെന്ന നിര്‍ബന്ധം അവര്‍ അടിച്ചേല്‍പ്പിക്കുന്നു.ഇവിടെ ഒരു കാര്യം നോവലിസ്റ്റ് ചോദിക്കാതെ ചോദിക്കുന്നുണ്ട്. ഭാരതീയ സംസ്കാരം മാത്രമോ നല്ലത്? ആരും ചോദിക്കുന്ന ചോദ്യം. ഭരതീയസംസ്കാരത്തിനു നാലായിരത്തിയഞ്ഞൂറു വര്‍ഷം പഴക്കമുണ്ടെന്നു വിശ്വസിച്ചുവരുന്നു. "സ പ്രഥമ സംസ്ക്രുതി വിസ്വവര'' അര്‍ത്ഥം ലോകത്തിലെ പ്രഥമവും ഉല്‍ക്രുഷ്ടവുമായ സംസ്കാരം എന്നും ഭാരതീയ സംസ്കാരത്തെ വിശേഷിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഭാരതത്തില്‍ ജീവിതം വളരെ സുഗമമാകേണ്ടതല്ലേ? അവിടേയും പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ? ഡോക്ടര്‍ റോയിയുടെ പെങ്ങള്‍ പ്രണയനൈരാശ്യം മൂലം തൂങ്ങി മരിക്കയായിരുന്നു. നിസ്സഹായരായ പെണ്‍കുട്ടികളുടെ കണ്ണീരു വീണു നനഞ്ഞ ശപിക്കപ്പെട്ട മണ്ണാണു ഭാരതഭൂമി. പ്രണയം പരാജയപ്പെട്ടാല്‍ പെണ്‍കുട്ടികള്‍ കെട്ടിതൂങ്ങിയോ, വിഷം കഴിച്ചോ മരിക്കണമെന്നു ആരാണു പറഞ്ഞുവച്ചതെന്നു ആരും അന്വേഷിക്കുന്നില്ല. എന്നാല്‍ കുടിയേറ്റ രാജ്യങ്ങളിലെ സംസ്കാരത്തെ ചോദ്യം ചെയ്യുന്നു. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന സംസ്കാരമാണു വലിയതെന്നു കുടിയേറ്റങ്ങളിലൂടെ ഭാരതീയര്‍ മനസ്സിലാക്കുന്നതായി ഈ നോവല്‍ വിവരിക്കുന്നു. കുടിയേറിയ രാജ്യത്തെ സംസ്കാരത്തോട് ഇഴുകിചേരാന്‍ കഴിയാത്തവര്‍ കഷ്ടപ്പടുകളും ദുരിതങ്ങളും ഏറ്റുവാങ്ങേണ്ടി വരുമെന്നും നോവലിസ്റ്റ് സൂചിപ്പിക്കുന്നു. അതേസമയം ഡോകടര്‍ റോയിയുടെ ജീവിതം വായനകാരില്‍ കാനേഡിയന്‍ സംസ്കാരത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ്. കാനേഡിയന്‍ സംസ്കാരത്തില്‍ അലിഞ്ഞുചേരാന്‍ (assimilation ) ഒന്നും ശ്രമിക്കാതെ ഭൗതികനേട്ടങ്ങളുടെ സുഖാനുഭൂതിയില്‍ ജീവിതം ആസ്വദിക്കുന്ന ഒരാളായി റോയിയെ കാണാം. പെന്‍ഷന്‍ പ്രായമാകുമ്പോഴേക്കും അയാല്‍ മൂന്നു സ്ര്തീകളുമായി ജീവിച്ചു. നാലാമത് ഒരു സ്ര്തീയുമായി ബന്ധം ആരംഭിച്ചേക്കാമെന്നുള്ളതിന്റെ ലക്ഷണങ്ങള്‍ നോവലിന്റെ അവസാനഭാഗത്തെ വിവരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. മക്കളുടെ കാര്യത്തില്‍ ഒഴികെ ആര്‍ഷഭാരതസംസ്കാരമൊന്നും ഇദേഹം പിന്‍തുടരുന്നതായി കാണുന്നില്ല. കാനേഡിയന്‍ സംസ്കാരത്തില്‍ അലിഞ്ഞുചേരാനോ, അതിന്റെ ഭാഗമാകാനോ, അവിടെ തന്റെ ഒരു സത്വം കണ്ടെത്തുന്നതിനോ ശ്രമിക്കാതെ അതില്‍ നിന്നും വേറിട്ട് നിന്ന് എന്നാല്‍ ആ സംസ്കാരത്തിന്റെ, രാജ്യത്തിന്റെ എല്ലാ നന്മയും അനുഭവിച്ച് ആ രാജ്യത്തെ പരിഹസിക്കയും, കുറ്റപ്പെടുത്തുകയും ചെയ്യുന്ന കുടിയേറ്റകാരെ വിമര്‍ശിക്കയാണു നോവലിസ്റ്റ്.

മക്കള്‍ പ്രണയബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, അവര്‍ക്ക് അനുയോജ്യരല്ലെന്നു മാതാപിതാക്കള്‍ നിശ്ചയിക്കുന്ന ഇണകളെ കണ്ടെത്തുമ്പോള്‍ രോഗാതുരാകുകയും ആത്മഹത്യവരെ ചെയ്യുകയും ചെയ്യുന്ന മാതാപിതാക്കളില്‍ നിന്നു ഡോക്ടര്‍ റോയിയും ഭാര്യയും വ്യത്യസ്തരാണ്.മക്കള്‍ക്ക് വേണ്ടി ആത്മാഹൂതി ചെയ്യാനൊന്നും അവര്‍ മുതിരുന്നില്ല. കാനഡയില്‍ താമസിക്കുന്ന അനവധി മലയാളി കുടുംബങ്ങളില്‍ നിന്ന് വേറിട്ട ഒരു കുടുംബത്തിന്റെ കഥ വളരെ സ്വാഭാവികമായി, വായനകാര്‍ക്ക് ബോദ്ധ്യപ്പെടും വിധം നോവലിസ്റ്റ് രചിച്ചിട്ടുണ്ട്. കാനഡയില്‍ ജനിച്ച് വളരുന്ന മക്കളോട് അവര്‍ ഇന്ത്യക്കാരാണെന്നു പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ അവരെ നല്ല പൗരന്മാരായി വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ കുടുംബ ജീവിതം സന്തുഷ്ടമാകും. അല്ലെങ്കില്‍ അവര്‍ക്ക് പറ്റുന്ന തെറ്റുകളെ, കുറ്റങ്ങളെ കാനേഡിയന്‍ സംസ്കാരത്തോട് ബന്ധപ്പെടുത്തി കൂടുതല്‍ ഗൗരവതരമാക്കാതെ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. മക്കള്‍ പ്രതീക്ഷക്കൊപ്പം വളര്‍ന്നില്ല എന്ന കാരണത്താല്‍ സൗകര്യമനുസരിച്ച് ഭാര്യമാരെ കണ്ടെത്തി കഴിയുന്ന ഡോക്ടര്‍ റോയ് ഒരു മാത്രുകപുരുഷനല്ല. മലയാളിയുടെ ഇരട്ടത്താപ്പു നയത്തെ നിശിതമായി നോവലിസ്റ്റ് വിമര്‍ശിച്ചതായി വായനകാര്‍ക്ക് അനുഭവപ്പെടാം.

മഞ്ഞു വീഴുംമുമ്പേ മേപ്പിള്‍ മരങ്ങള്‍ അതിന്റെ ഇലകള്‍ പൊഴിച്ച് തണുപ്പിനെ അതിജീവിക്കാന്‍ തയ്യാറാകുന്നു. എല്ലാ ഋതുവിലും സൗന്ദര്യം പ്രകടിപ്പിക്കുന്ന, മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്ന വ്രുക്ഷമാണു മേപ്പിള്‍. ഇലകൊഴിഞ്ഞ മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍ കാണാന്‍ ഭംഗിയാണു. പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ അതിനെ നേരിട്ട് ജീവിതം സുന്ദരമാക്കുന്നതാണു ഉത്തമമെന്ന ഒരു സന്ദേശം ഈ നോവല്‍ നല്‍കുന്നു. മാറുന്ന ഋതുഭേദങ്ങള്‍ക്കൊപ്പം മാറുന്നു മേപ്പിള്‍മരങ്ങള്‍. അതു പ്രക്രുതിയുടെ നിബന്ധനയാണു. കുറെ മനുഷ്യര്‍ മാത്രം ദ്രവിച്ചുപോയ ഏതൊ സംസ്കാരത്തിന്റെ ചരടില്‍ തൂങ്ങി പൊട്ടി വീണു ചുറ്റുപാടിനെ ശപിച്ച് കഴിയുന്ന ദയനീയ രംഗം നോവലിസ്റ്റ് ഒരു കുടുംബ കഥയിലൂടെ നമുക്ക് മുന്നില്‍ നിരത്തി വയ്ക്കുന്നു.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക