Image

സ്‌നേഹത്തിന്റെ മധുരം നിറയ്ക്കുന്ന വിഷു ഓര്‍മ്മകള്‍ (കുഞ്ഞൂസ്, കാനഡ)

Published on 14 April, 2018
 സ്‌നേഹത്തിന്റെ  മധുരം നിറയ്ക്കുന്ന വിഷു ഓര്‍മ്മകള്‍ (കുഞ്ഞൂസ്, കാനഡ)
വിഷുവും ഗൃഹാതുരതയില്‍ നിറയുന്ന ബാല്യകാലയോര്‍മ്മകള്‍ തന്നെയാണ് എനിക്ക്. വേലിക്കെട്ടിനപ്പുറത്തേക്ക് നീളുന്ന സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മധുരം നിറയ്ക്കുന്ന ഓര്‍മ്മകള്‍.... ! പട്ടുപാവാടയില്‍ നിറയുന്ന ചിത്രശലഭങ്ങളുടെ ഓര്‍മ്മകള്‍ ...! കൂട്ടുകൂടി പൊട്ടിച്ചിരിക്കുന്ന നിഷ്‌കളങ്കതയുടെ ഓര്‍മ്മകള്‍ ...!

തെക്കേലെ ബാലന്‍ മാമന്‍ രണ്ടു ദിവസം മുന്നേ വാങ്ങി വരുന്ന പടക്കങ്ങളില്‍ തുടങ്ങുന്നു ഞങ്ങളുടെ വിഷു. ഗീത ചേച്ചിയോടും സന്തോഷ്ചേട്ടനോടുമൊപ്പം ഞാനും അനിയന്മാരും കിഴക്കേതിലെ നാസറും സലീമിക്കായും സോഫിയും പിന്നെ റീന, ജില്ലന്‍, ജിസി, നൗഷാദ് അങ്ങിനെ കുട്ടിപ്പട്ടാളത്തിന്റെ ഒരു നീണ്ട നിരതന്നെയുണ്ടാവും പടക്കം പൊട്ടിക്കാന്‍....

വിഷുത്തലേന്ന്, എല്ലാ വീട്ടിലും വൃത്തിയാക്കലും പറമ്പൊക്കെ അടിച്ചുവാരിക്കൂട്ടി തീയിടലുമൊക്കെയായി മുതിര്‍ന്നവര്‍ തിരക്കിലാകും. അതിനിടയ്ക്ക് വേലിക്കല്‍ നിന്നുള്ള കുശലം പറച്ചിലും എന്നത്തേയുംപോലെ തന്നെയുണ്ടാവും. ബാലന്‍ മാമന്റെ വീട്ടില്‍ കണി വെക്കാനുള്ള കൊന്നപ്പൂ വിടരുന്നത് കിഴക്കേലെ മൂസാക്കാന്റെ വീട്ടിലാണ്. ഞങ്ങള്‍ കുട്ടികള്‍ എല്ലാരും കൂടിയാണ് ആ കൊന്നപ്പൂക്കളെ ശ്രദ്ധയോടെ പറിക്കുന്നതും താഴെ വീഴാതെ സൂക്ഷിച്ച് ബാലന്‍ മാമന്റെ വീട്ടിലെത്തിക്കുന്നതും..... മാങ്ങയും ചക്കയുമെല്ലാം ഞങ്ങളുടെ പറമ്പില്‍ നിന്നും പറിക്കും. ചിലപ്പോഴൊക്കെ കൈതച്ചക്ക അഥവാ പൈനാപ്പിളും ഉണ്ടാവും....

രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു പടക്കം പൊട്ടിക്കുന്ന കുട്ടികള്‍ക്ക് കൂട്ടായി നാട്ടുവിശേഷങ്ങളുമായി അച്ഛനമ്മമാരും ഉണ്ടാവും. ഇടയ്ക്ക് ഉറങ്ങിപ്പോയാലും രാവിലെ കണി കാണാന്‍ കൊണ്ടുപോകാന്‍ ഗീതചേച്ചിയോ സന്തോഷ്ചേട്ടനോ വരും. ആരാണാദ്യം കണി കാണുക എന്നായിരുന്നു അന്നത്തെ ഞങ്ങളുടെ മത്സരം. അതിനായിട്ടാണ് രാത്രി ഉറക്കമൊഴിച്ചിരിക്കുന്നത്.

കണി കാണുന്നത് , ബാലന്‍ മാമന്റെ വീട്ടിലാണെങ്കിലും ഉച്ചയ്ക്ക് സദ്യ നന്ദിനിയുടെ വീട്ടിലാണ്. കുറെ വര്‍ഷങ്ങളായുള്ള പതിവങ്ങനെയാണ്. അപ്പൂപ്പന്റെ കാലത്തു മുതലുള്ള ശീലമാണത്. അന്നൊരിക്കല്‍ പള്ളിയില്‍ പോയി തിരിച്ചു വന്ന അപ്പൂപ്പന്‍ വിശന്നു തളര്‍ന്നിരുന്നു. തറവാടു വരെ നടക്കാനുള്ള ശേഷി പോലും ഇല്ലായിരുന്നുത്രേ. കടവിലെ ഞങ്ങളുടെ വീട് അന്നുണ്ടായിരുന്നില്ല. കടവില്‍ തന്നെയുള്ള പ്രഭാകരന്റെ ചായക്കടയും വിഷു കാരണം അന്നു തുറന്നിരുന്നില്ല. അതിനടുത്തു തന്നെയായിരുന്നു നന്ദിനിയുടെ വീടും... അന്ന്, നന്ദിനിയുടെ അച്ഛന്‍, അപ്പൂപ്പന്റെ വഞ്ചിക്കാരനായിരുന്നു. അവരുടെ വീട്ടിലേക്കു ചെന്ന അപ്പൂപ്പന്‍ വിശക്കുന്നുവെന്ന് പറഞ്ഞു. അവര്‍ ഉടനെ ഉണ്ടായിരുന്നതെല്ലാം കൂട്ടി അപ്പൂപ്പന് ഊണു കൊടുത്തു. അന്ന്, അപ്പൂപ്പന്‍ പറഞ്ഞുത്രേ, എല്ലാ വിഷുവിനും ഉണ്ണാന്‍ വരുമെന്ന് ....! വെറുതെ പറഞ്ഞതാവും എന്നു കരുതി കാര്യമാക്കാതെ വിട്ടു നന്ദിനിയുടെ വീട്ടുകാര്‍. എന്നാല്‍, അടുത്ത വര്‍ഷം അപ്പൂപ്പന്‍ ഉണ്ണാന്‍ ചെന്നപ്പോഴാണ് അവര്‍ അന്തം വിട്ടു പോയതെന്ന് ലക്ഷിയമ്മ എപ്പോഴും പറയും.

അപ്പൂപ്പന്റെ മരണശേഷമാണ് കടവില്‍ വീടു വെക്കുന്നതും അമ്മൂമ്മയും മക്കളും അങ്ങോട്ടു താമസം മാറ്റുന്നതും.... ലക്ഷ്മിയമ്മയായിരുന്നു അമ്മൂമ്മയുടെ സഹായി. കാലം കടന്നു പോകെ, മക്കളായ ഓമനയും നന്ദിനിയും വീട്ടിലെ സഹായികളായി മാറി. അപ്പോഴും അപ്പൂപ്പന്‍ തുടങ്ങിവെച്ച വിഷു ഊണ് മുടക്കിയിരുന്നില്ല. ഇപ്പോഴും വിഷുവിന്റെ ഊണ് നന്ദിനിയുടെ വീട്ടില്‍ത്തന്നെ....

വിഷുക്കാലം ഞങ്ങളുടെ നാട്ടില്‍ കാപ്പ് (കെട്ട്, ചാല് എന്നൊക്കെ ചിലയിടങ്ങളില്‍ പറയും ) കലക്കുന്ന സമയം കൂടിയാണ്. കൃഷിക്കു ശേഷം വയലുകളില്‍ മീനും ചെമ്മീനുമൊക്കെ വളര്‍ത്തും. അവ ഇടയ്ക്കിടെ പിടിക്കുകയും വില്ക്കുകയും ചെയ്യും. കാപ്പുകലക്കല്‍ എന്നത്, പണിക്കാര്‍ക്കായി കാപ്പ് വിട്ടുകൊടുക്കുന്നതാണ്. നാട്ടുകാരും ഇതില്‍ പങ്കുചേരും. അന്നു കിട്ടുന്നതെല്ലാം പിടിക്കുന്നവര്‍ക്കുള്ളതാണ്. കാപ്പുകലക്കല്‍ കഴിഞ്ഞാല്‍പ്പിന്നെ, അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങളാണ്. ഇപ്പോള്‍ കൃഷിയില്ലെങ്കിലും കാപ്പ് ഉണ്ട്. കാപ്പുകലക്കല്‍ ഒരുത്സവംപോലെയാണ് ഞങ്ങളുടെ നാട്ടില്‍....

പ്രവാസജീവിതത്തില്‍ എനിക്കു നഷ്ടപ്പെടുന്നത്, കണിക്കൊന്നയുടെ മഞ്ഞള്‍പ്രസാദംമാത്രമല്ല, ബാലന്‍മാമന്റെ വീട്ടിലെ വിഷുക്കണിയും മൈഥിലിമാമി തരുന്ന വിഷുക്കട്ടയുടെ മാധുര്യവും നന്ദിനിയുടെ വീട്ടിലെ ഊണിന്റെ സ്‌നേഹവും അയല്‍വക്കസാഹോദര്യത്തിന്റെ നൈര്‍മല്യവും എല്ലാമെല്ലാമാണ്.

കാനഡയിലെ ഫ്‌ലാറ്റിലിരുന്ന്, വ്യര്‍ത്ഥമെന്നറിഞ്ഞും ഞാനെന്റെ ബാല്യത്തിലേക്ക് തിരിച്ചുപോകാന്‍ കൊതിക്കുന്നു. ഒരുമയുടെയും സഹവര്‍ത്തിത്വത്തിന്റെയും നല്ലനാളുകള്‍ ഇനിയുമുണ്ടാകും എന്ന പ്രതീക്ഷയോടെ ....

എന്നു വെച്ച് കാനഡയില്‍ വിഷു ഇല്ലാന്നല്ല കേട്ടോ... ഇവിടെ വിഷുവാഘോഷിക്കാന്‍ ആഴ്ചയവസാനമാകാന്‍ കാത്തിരിക്കണം. അതു ചിലപ്പോള്‍ വിഷുവിന് മുന്‍പേയും ആകും. ഗ്രേറ്റര്‍ റ്റൊറന്റോ ഏരിയയിലെ ഒരു ഭാഗം മാത്രമായ ഞങ്ങളുടെ മിസ്സിസാഗയില്‍ പോലും ഒരുപാടു മലയാളി സംഘടനകളുണ്ട്. എല്ലായിടത്തും ഓടിനടന്ന് സദ്യ കഴിക്കേണ്ടത് ഒരേ ആളുകള്‍ തന്നെയല്ലേ.... അപ്പോള്‍ പലപല ദിവസങ്ങളിലായി വിഷുവാഘോഷിക്കും ഞങ്ങള്‍. 

പ്രധാനമായും സദ്യയാണ്. പിന്നെ, കുട്ടികളുടെ കലാപരിപാടികളും... ഞങ്ങളെപ്പോലെത്തന്നെ കുട്ടികളും ഓടിയോടി വിഷമിക്കും, എല്ലായിടത്തും പരിപാടി നടത്തേണ്ടതും ഒരേ കുട്ടികള്‍ തന്നെയാണല്ലോ... ! മിസ്സിസ്സാഗയില്‍ മാത്രമല്ല ട്ടോ, അടുത്തുള്ള മറ്റു നഗരങ്ങളിലും ഇതൊക്കെത്തന്നെയാണവസ്ഥ... അങ്ങോട്ടുമിങ്ങോട്ടും ഓടിയോടി, സദ്യ കഴിച്ചുകഴിച്ചു മലയാളികള്‍ ക്ഷീണിക്കും....

ഇങ്ങനെയൊക്കെയാണെങ്കിലും വിഷുവും ഓണവുമൊക്കെ എന്നും ഗൃഹാതുരതയുടെ നാളുകളാണ്. അലമാരിയുടെ അടിത്തട്ടില്‍ മാറ്റിവെച്ചിരിക്കുന്ന സെറ്റുസാരി, മുണ്ടും ഷര്‍ട്ടും പട്ടുപാവാട തുടങ്ങിയവ പുറത്തെടുക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ കൂടിയാണിത്. അവ നഷ്ടപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്, ഞങ്ങള്‍ കാനഡ മലയാളികള്‍... ! പേപ്പറിലയിലെ സദ്യയും പേപ്പര്‍ കപ്പിലെ പായസവും കഴിച്ച് നാട്ടിലെ വിഷു ഓര്‍മ്മകളില്‍ മുങ്ങിത്താഴും. പിന്നെയോ, അറുപതുകളിലെയും എഴുപതുകളിലെയും കുടിയേറ്റക്കാരായ മലയാളികള്‍ പറയുന്നതു കേട്ട്, ഇതെങ്കിലും കിട്ടുന്നല്ലോ എന്നാശ്വസിക്കുകയും ചെയ്യും. അന്നൊക്കെ വാഴയിലയിലെ സദ്യയൊന്നും സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നെന്നും ഒരുപിടി കുത്തരിച്ചോറ് കിട്ടിയെങ്കില്‍ എന്നു കൊതിച്ചിട്ടുണ്ടെന്നും പഴയ തലമുറയിലെ ആളുകള്‍ പറയുന്നു.

എവിടെയെങ്കിലും ആരെങ്കിലും മലയാളം പറയുന്നതു കേട്ടാല്‍, ഓടിച്ചെന്ന് കൂട്ടുകൂടുന്ന ഒരു തലമുറയും മലയാളം കേട്ടാല്‍ അവിടെ നിന്നും മാറിപ്പോകുന്ന തലമുറയും ഇവിടെയുണ്ടായിരുന്നുവത്രെ. അതുകഴിഞ്ഞ് എവിടെത്തിരിഞ്ഞാലും മലയാളിയെ കാണുന്ന, കേള്‍ക്കുന്ന തലമുറയായി ഇപ്പോള്‍... മലയാളി സംഘടനകളും മലയാളി ഹോട്ടലുകളും കടകളുമൊക്കെ ധാരാളമായി. എന്നിട്ടും കണക്കെടുപ്പില്‍ ഇങ്ങനെയൊരു ഭാഷയും അതു സംസാരിക്കുന്ന ആളുകളും ഇവിടെയില്ല. തമിഴ്, തെലുങ്ക്, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ഒറിയ തുടങ്ങിയ ഇതരഭാഷകളും ആളുകളും ഇവിടുത്തെ കണക്കെടുപ്പിലുണ്ട്. എന്നാണാവോ എന്റെ മാതൃഭാഷ 'മലയാളം' ആണെന്നു മലയാളികള്‍ സമ്മതിക്കുന്നത് ... 
 സ്‌നേഹത്തിന്റെ  മധുരം നിറയ്ക്കുന്ന വിഷു ഓര്‍മ്മകള്‍ (കുഞ്ഞൂസ്, കാനഡ)
 സ്‌നേഹത്തിന്റെ  മധുരം നിറയ്ക്കുന്ന വിഷു ഓര്‍മ്മകള്‍ (കുഞ്ഞൂസ്, കാനഡ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക