Image

ജര്‍മനിയില്‍ എഫ്‌സിസി സമൂഹത്തിന്റെ കൃതജ്ഞതാബലി 15 ന്

Published on 15 April, 2018
ജര്‍മനിയില്‍ എഫ്‌സിസി സമൂഹത്തിന്റെ കൃതജ്ഞതാബലി 15 ന്

കൊളോണ്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തിയ സിസ്റ്റര്‍ റാണി മരിയയ്ക്കുവേണ്ടിയുള്ള ജര്‍മനിയിലെ എഫ്‌സിസി സമൂഹത്തിന്റെ കൃതജ്ഞതാബലി ഏപ്രില്‍ 15 നു (ഞായര്‍) വൈകുന്നേരം 5 ന് കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ നടക്കും. 

സിഎംഐ സഭാംഗവും കൊളോണ്‍ അതിരൂപതയിലെ റോണ്‍ഡോര്‍ഫ്, മെഷനിഷ്, ഇമ്മന്‍ഡോര്‍ഫ് എന്നീ ഇടവകകളുടെ മുഖ്യവികാരിയുമായ ഫാ.ജോര്‍ജ് വെന്പാടുംതറ ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെ എഫ്‌സിസി സമൂഹത്തിന്റെ റീജണല്‍ അധികാരി സിസ്റ്റര്‍ ലിറ്റി തെരേസ് എഫ്‌സിസിയും കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിനുമായ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐയും സ്‌നേഹപൂര്‍വം ക്ഷണിച്ചു. 

റാണി മരിയയുടെ രക്തസാക്ഷിദിനമായ ഫെബ്രുവരി 25 നാണ് തിരുസഭയില്‍ സിസ്റ്ററിന്റെ തിരുനാളായി ആചരിക്കുന്നത്. ഇന്‍ഡോറിലെ ഉദയ്‌നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലാണ് സിസ്റ്റര്‍ റാണി മരിയുടെ കബറിടം സ്ഥിതിചെയ്യുന്നത്. പെരുന്പാവൂര്‍ പുല്ലുവഴി ഇടവകാംഗമായ സിസ്റ്റര്‍ റാണി മരിയ ഭാരത സഭയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട വനിതാ രക്തസാക്ഷിയാണ്. ഇന്‍ഡോര്‍ രൂപതയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിവരികയായിരുന്ന സിസ്റ്റര്‍ റാണി നാല്പത്തിയൊന്നാമത്തെ വയസില്‍ 1995 ഫെബ്രുവരി 25 ന് സമുന്ദര്‍സംഗ് എന്ന വാടകഗുണ്ടയുടെ കുത്തേറ്റാണ് മരിച്ചത്. സിസ്റ്ററിന്റെ കൊലപാതകത്തില്‍ ജയില്‍ ശിഷയനുഭവിച്ച സമുന്ദര്‍സംഗ് പിന്നീട് മാനസാന്തരപ്പെടുകയും സിസ്റ്ററിന്റെ കുടുംബം അദ്ദേഹത്തിന് മാപ്പു നല്‍കുകയും ചെയ്തു. സിസ്റ്ററിന്റെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനചടങ്ങില്‍ സാക്ഷിയാകാന്‍ സമുന്ദര്‍സിംഗും എത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക