Image

കത്വയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

Published on 16 April, 2018
കത്വയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി
കത്വയിലെ രസ്‌ന ഗ്രാമത്തില്‍ വച്ച് കൊല്ലപ്പെട്ട എട്ട് വയസ്സുകാരി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വളര്‍ത്തു കുതിരകളെ തേടി പോയ പെണ്‍കുട്ടിയെ പ്രദേശത്തെ ക്ഷേത്രത്തിലിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു കൊന്ന സംഭവം അന്താരാഷ്ട്ര തലത്തില്‍ വരെ വാര്‍ത്തയാവുകയും പ്രതികളെ ചൊല്ലി കശ്മീരില്‍ വലിയ സംഘര്‍ഷങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് കേസിന്റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. സുരക്ഷ കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഇതിനോടകം ഗ്രാമത്തില്‍ നിന്നും പാലായനം ചെയ്തു കഴിഞ്ഞു. കുട്ടിയുടെ പിതാവിന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി അവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 

എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ എട്ടു പ്രതികളാണ് കസ്റ്റഡിയിലുള്ളത്. സെഷന്‍സ് കോടതിയില്‍ തുടങ്ങുന്ന വിചാരണ നടപടികള്‍ക്കായി രണ്ട് പ്രത്യേക പ്രോസിക്യൂട്ടര്‍മാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കേസില്‍ മതനിഷ്പക്ഷത ഉറപ്പാക്കാന്‍ സിക്ക് സമുദായത്തില്‍ നിന്നുള്ള രണ്ട് അഭിഭാഷകരെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. സംഭവം ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ വലിയ വിഭാഗീയത സൃഷ്ടിച്ച സാഹചര്യത്തിലാണ് നടപടി.
ആട്ടിടയ വിഭാഗമായ ബക്കര്‍വാളുകളെ സ്വന്തം ഗ്രാമത്തില്‍ നിന്ന് ഓടിക്കാന്‍ ഒരു കൂട്ടം ഗ്രാമവാസികള്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കൊലയെന്നാണ് െ്രെകംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ കാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക