Image

ബോറിസ് പാസ്റ്റര്‍ നാക്ക് ചരിത്രത്തോടൊപ്പം നടന്ന ആള്‍ (ഡോ. സലീമ അബ്ദുള്‍ ഹമീദ്)

Published on 16 April, 2018
ബോറിസ് പാസ്റ്റര്‍ നാക്ക് ചരിത്രത്തോടൊപ്പം നടന്ന ആള്‍ (ഡോ. സലീമ അബ്ദുള്‍ ഹമീദ്)
ചരിത്രത്തിന്റെ പുസ്തകത്തില്‍ സ്വര്‍ണ ലിപികളില്‍ എഴുതപ്പെടാനായി ചില ജന്മങ്ങളുണ്ടാവും അവയില്‍ പലര്‍ക്കും അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഇതിനെ കുറിച്ച് ഒരറിവും ഉണ്ടാവില്ല. അത്തരം ഒരു സഫല ജന്മമായ ബോറിസ് പാസ്റ്റര്‍ നാക്കിനെ പറ്റി പറയാന്‍ അധികം മുഖവുരയുടെ ആവശ്യമില്ല. ശക്തമായ ഉരുക്ക് മുഷ്ടികളുള്ള ഒരു ഗവണ്മെന്റിനോട് തന്റെ മന:സാക്ഷിയുടെ വിളിയ്കനുസരിച്ച് പൊരുതി നിന്ന് ജന്മ നാടിന്റെ ചരിത്രത്തിലെ ഇരുണ്ട ഏടുകള്‍ പുറം ലോകത്തിന് മുന്‍പില്‍ എത്തിക്കാന്‍ അദ്ദേഹവും കുടുംബവും സഹിച്ച ത്യാഗങ്ങള്‍, അദ്ദേഹത്തിന്റ തന്നെ കൃതിയായ ഡോക്ടര്‍ ഷിവാഗോ എന്ന നോവലിനേക്കാള്‍ സംഭവബഹുലമാണ്

1890ല്‍ മോസ്‌കോയില്‍ ആണ് ബോറിസ് പാസ്റ്റര്‍നാക് ജനിച്ചത് ..അദ്ദേഹത്തിന്റെ പിതാവ് അക്കാലത്തെ പ്രസിദ്ധനായ ഇംപ്രഷനിസ്റ്റ് പെയിന്ററുീ അമ്മ പ്രസിദ്ധയായ ഒരു പിയനോ വിദഗ്ദ്ധയുംആയിരുന്നു. ഇവരുടെ വീട് അക്കാലത്തെ ബുദ്ധിജീവികളെയും സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്നവരുടെയും സംഗമസ്ഥാനം ആയിരുന്നു.ടോള്‍സ്റ്റോയി അവരുടെ വളരെ അടുത്ത കുടുംബസുഹൃത്തായിരുന്നു. മാതാപിതാക്കള്‍ Tostoyan movement ന്റെ പിന്‍ തുടര്‍ച്ചക്കാരായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സാഹിത്യസംബന്ധിയായ ചര്‍ച്ചകളും മറ്റും കേട്ടു വളരാന്‍ ഇടയായത് ഉണ്ട് പീഡിതരോടുള്ള ഐക്യദാര്‍ഢ്യീ, സമൂഹത്തിലെ തുല്യത എന്നീ ആദര്‍ശങ്ങള്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ രൂഢമൂലമായി.സുരക്ഷിതത്വത്തിന്റെ ബാല്യകാലമായിരുന്നു എങ്കിലും, താന്‍ ജീവിക്കുന്ന ലോകത്തിന് പുറത്താണ് താന്‍ വിചാരവും ഏകാന്തതയും ജീവിത കാലം മുഴുവന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു.പഴയ മോസ്‌കോയിലെ കുപ്രസിദ്ധമായഒരു തെരുവിലാണ് അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്തിരുന്നത്. കണ്ണാടിജാലകത്തിലൂടെ ബോറിസ് എന്ന കുട്ടി കണ്ട കാഴ്ചകള്‍ പലതും അദ്ദേഹത്തെ വേദനിപ്പിച്ചു. സമൂഹത്തിലെ സ്ത്രീകളുടെ യാതനകളും അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളും ജീവ സന്ധാരണത്തിനായി അവര്‍ക്ക് നടത്തേണ്ടിവരുന്ന വിട്ടുവീഴ്ചകളും ഒക്കെ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. ഇതാണ് സമൂഹത്തിന്റെ രോഗാവസ്ഥയ്ക്ക് കാരണമെന്നും സ്ത്രികളുടെ ജീവിതം മെച്ചപ്പെട്ടാല്‍ സമൂഹവും മെച്ചപ്പെട്ട അവസ്ഥയിലേക്ക് മാറുമെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ജീവിതാസാനീ വരെ ഇത് അദ്ദേഹത്തിന്റ ചിന്താ പദ്ധതികളെ കൂട്ടിയിണക്കുന്ന കണ്ണിയായ വര്‍ത്തിച്ചു.

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ബോറിസ് പിതാവിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നുകൊണ്ട് വരയ്ക്കാന്‍ തുടങ്ങി. മകന്റെചിത്രങ്ങള്‍ കണ്ടു അയാള്‍ ചിത്രകലയില്‍ വളരെ പ്രസിദ്ധനാകും എന്ന് പിതാവ് പ്രവചിച്ചു. പക്ഷേ ബോറിസിന്റെ ചിത്രകലയില്‍ ഉള്ള താല്പര്യം അധികകാലം നിലനിന്നില്ല. അടുത്തതായി പിയാനോ വായന ആണ് ആ കുട്ടി തെരഞ്ഞെടുത്തത് അവിടെയും ഉന്നത നിലവാരം പുലര്‍ത്തിക്കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പക്ഷേ അധികം താമസിയാതെ അതും ഉപേക്ഷിച്ചു. പിന്നെ ഫിലോസഫി പഠിക്കാനായി ജര്‍മനിയിലേക്ക് പോയി. അതിനുീ അല്‍പ്പായുസ്സ് മാത്രമേ ഉണ്ടായുള്ളൂ. അക്കാലത്താണ് അദ്ദേഹം കവിതയെഴുതി തുടങ്ങിയത്. അവിടെയും എഴുത്തിന്റെ സവിശേഷത കൊണ്ടു് പെട്ടെന്ന് തന്നെ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുത്തു.
.
1917 ലെ റഷ്യന്‍ വിപ്ലവം പ്രബലമായ സാമൂഹിക പരിണാമത്തിന് വഴിയൊരു ക്കുമെന്ന് എല്ലാവരും വിശ്വസിച്ചു, അതില്‍ പങ്കാളികളായ ഒരോ സ്ത്രീയും പുരുഷനും സ്വയം ഒരു നായകനോ നായിയോ ആയി കരുതി പുതിയ ഒരു ലോകം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചു, പക്ഷേ വിപ്ലവത്തിന് ശേഷവും അവരില്‍ ഭൂരിപക്ഷം പേരുടെയും ജീവിതം അങ്ങനെതന്നെ തുടര്‍ന്നു.വിപ്ലവത്തിനുശേഷം റഷ്യന്‍ ജനത രണ്ട് ചേരികളായി തിരിഞ്ഞു ഭരണകൂടത്തിലെ പിന്താങ്ങുന്നവരും അവരോട് നിഷ്പക്ഷത പുലര്‍ത്തുന്നവരും. പാസ്റ്റര്‍ നാക്കും മറ്റനേകം പേരും ഉള്‍പ്പെട്ട രണ്ടാമത്തെ കൂട്ടര്‍ ഗവണ്‍മെന്റിന്റെ കണ്ണിലെ കരടായി മാറി . ട്രോട്‌സ്കി ബോറിസിനെ നേരിട്ട് വിളിച്ച് എന്തുകൊണ്ടാണ് അദ്ദേഹം വിപ്ലവത്തിന് അനുകൂലിച്ചുകൊണ്ടുള്ള കവിതകള്‍ എഴുതാത്തത് എന്നു ചോദിച്ചു. പലരും സമ്മര്‍ദ്ദം താങ്ങാനാവാതെ എഴുത്ത് അവസാനിപ്പിക്കുക ജീവിതം അവസാനിപ്പിക്കുകയോ ഒക്കെ ചെയ്തു. പലരെയും കാണാതായി. പാസ്റ്റര്‍ നാക്കിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന അക്കാലത്തെ ഏറ്റവും പ്രസിദ്ധ കവിയായ മയക്കോവ്‌സ്കി ഇക്കൂട്ടത്തിലൊരാളാണ്.അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പുറമേ അറിയപ്പെട്ടത്. ഇത് ബോറിസ്സിനെ വല്ലാതെ ഉലച്ചു.പിന്നെ വന്നത് സ്റ്റാലിന്റെ കാലമായിരുന്നു.1932 ല്‍ ഭര്‍ത്താവില്‍ വിശ്വാസ വഞ്ചന ആരോപിച്ചുകൊണ്ട് സ്റ്റാലിന്റെ ഭാര്യ സ്വയം വെടിവെച്ച് മരിച്ചു. ഇതറിഞ്ഞ പാസ്റ്റര്‍ നാക്ക് അദ്ദേഹത്തോട് വളരെയേറെ സഹാനുഭൂതി പ്രകടിപ്പിച്ചു കൊണ്ട് സ്റ്റാലിന് ഒരു അനുശോചന കത്ത് അയച്ചു. പാസ്റ്റര്‍നാക്കും ഇതേസമയം തന്നെ മറ്റൊരു വിവാഹേതര ബന്ധത്തില്‍ കൂടി കടന്നുപോവുകയായിരുന്നു. ഈ കത്ത് സ്റ്റാലിനും ആയി അദ്ദേഹത്തിന് ഒരു ഗാഢമായ മാനസിക ബന്ധത്തിന് വഴിയൊരുക്കി. അത് അവസാനകാലംവരെ നിലനില്‍ക്കുകയും കവിക്കെതിരായി കടുത്ത ശിക്ഷകള്‍ നടപ്പിലാക്കുന്നതില്‍ നിന്നും സ്റ്റാലിനെ തടയുകയും ചെയ്തു.


ഇതിനിടയില്‍ പാസ്റ്റര്‍നാക് കുടുബത്തിലെ ബോറിസു് ഒഴിച്ചു് എല്ലാവരും ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡിലേക്ക് കുടിയേറി.അദ്ദേഹത്തിന്റെ കുടുംബ വീട് ഒരു അഭയാര്‍ത്ഥി ക്യാമ്പായി മാറി. വിപ്ലവകാലത്തിനു ശേഷമുള്ള ശേഷമുള്ള റഷ്യയിലെ സാധാരണ മനുഷ്യന്റെ ജീവിതം വിശപ്പും ദാരിദ്ര്യവും മൂലം എത്രത്തോളം നിരാശാഭരിതമായ എന്ന് അദ്ദേഹം കണ്മുന്‍പില്‍ കണ്ടു. ഇക്കാലത്താണ് റഷ്യയിലെ പ്രസിദ്ധമായ റൈറ്റേഴ്‌സ് യൂണിയന്‍ ഉണ്ടായത്. താമസിയാതെ അദ്ദേഹം മോസ്‌കോയില്‍ നിന്നു് പട്ടണത്തിന് പുറത്തുള്ള പെരല്‍ഡെല്‍കീനോ എന്ന എഴുത്തുകാരുടെ ഗ്രാമത്തിലേക്ക് താമസം മാറ്റി. മോസ്‌കോയില്‍ നിന്നും 15 മൈല്‍മാത്രം മാത്രം യാത്രചെയ്താല്‍ എത്തിച്ചേരാവുന്ന സ്ഥലം! പക്ഷേ. അവിടുത്തെ പച്ചപ്പും സൂര്യപ്രകാശവും സമാധാനവും ഒക്കെ അദ്ദേഹത്തിന്റെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ ഉള്ള വളം ആയിത്തീര്‍ന്നു. അവിടെയും രഹസ്യപൊലീസിന്റെ കണ്ണുകള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. അക്കാലത്തു് അദ്ദേഹം ഓക്‌സ്‌ഫോര്‍ഡില്‍ ഉള്ള തന്റെ സഹോദരിക്ക് എഴുതിയ കത്തില്‍ ഭരണകൂട ഭീകരതയുടെ കഴുകന്‍ കണ്ണുകള്‍ക്ക് താഴെ ജീവിക്കേണ്ടിവരുന്ന ദയനീയ അവസ്ഥയുടെ വിവരണങ്ങളുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരെ റഷ്യയും അണി ചേര്‍ന്ന തോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി.ഒരു പുതിയ റഷ്യയുടെ ഉദയമാണ് യുദ്ധത്തിന്റെ അവസാനം എന്നാണ് സ്റ്റാലിന്‍ അവകാശപ്പെട്ടത്.കറകളഞ്ഞ ദേശസ്‌നേഹത്തിന്റെ സന്ദേശവുമായി ബോറിസ് പലപ്പോഴും യുദ്ധ രംഗത്ത് ഉണ്ടായിരുന്നു.് ബോംബുകള്‍ നിര്‍വീര്യമാക്കുന്ന ജോലി മുതല്‍ കവിത വായിച്ചു കൊണ്ട് യുദ്ധരംഗത്ത് പടയാളികളുടെ ആവേശം ഉജ്വലിപ്പിച്ച് നിര്‍ത്തുക, തുടങ്ങി പല പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു.പക്ഷേ യുദ്ധം അവസാനിച്ച ശേഷം ഉണ്ടായ വംശീയ ശുദ്ധീകരണവും മനുഷ്യാവകാശ ലംഘനങ്ങളും അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഇരുട്ടു് കയറ്റി. തകര്‍ന്ന മനസ്സുമായി അദ്ദേഹം പെരല്‍ ഡെ ല്‍ കീനോയിലേക്ക് മടങ്ങി. വീണ്ടും ഡോക്ടര്‍ ഷിവാഗോയുടെ സൃഷ്ടി പുനരാരംഭിച്ചു.

1946ല്‍ സ്വന്തം കൃതികളുടെ പ്രസിദ്ധീകരണത്തിനായി നോവിഎന്ന പ്രസിദ്ധീകരണ ശാല സന്ദര്‍ശിക്കുന്ന അവസരത്തിലാണ് പില്‍ക്കാലത്ത് തന്റെ ജീവിതസഖിയായ മാറിയ ഓള്‍ഗയെ കണ്ടുമുട്ടുന്നതു്. "താങ്കളുടെ കടുത്ത ആരാധികയാണ് ഓള്‍ഗ "എന്ന് പറഞ്ഞു കൊണ്ടാണ് മാനേജര്‍ അദ്ദേഹത്തിനെ പരിചയപ്പെടുത്തുന്നത്." ഇന്നു ഞാന്‍ ദൈവത്തെ കണ്ടു മുട്ടി"എന്നാണ് ഓള്‍ഗ തന്റെ അമ്മ യോടു് ഇതിനെപ്പറ്റി പറഞ്ഞത്. ഇത് ചരിത്രത്തിന്റെ താളുകളില്‍ എഴുതപ്പെട്ട ഒരു കൂടിക്കാഴ്ചയായി മാറി.പിറ്റേന്നു തന്നെ പാസ്റ്റര്‍നാക്ക് തന്റെ കൃതികളുടെ പൂര്‍ണ്ണ സമാഹാരം ഓള്‍ഗക്ക് സമ്മാനമായി കൊടുത്തയച്ചു. അന്ന് പാസ്റ്റര്‍നാക്കിന് 56 വയസ്സും ഓള്‍ഗ ക്ക് 34 വയസ്സുമായിരുന്നു പ്രായം.

താന്‍ ജീവിച്ച കാലഘട്ടത്തെപ്പറ്റി പച്ചയായി പറയാന്‍ ബുദ്ധിമുട്ടുള്ള ഉള്ള കാര്യങ്ങള്‍ ഡോക്ടര്‍ ഷിവാഗോ എന്ന നോവലില്‍ തന്നെപ്പോലെയുള്ള ഒരു ഒരു കഥാപാത്രത്തെ സൃഷ്ടിച്ച അതിലൂടെ സ്വന്തം കഥ പറയുകയായിരുന്നു . ഈ കൃതി. എഴുതിത്തുടങ്ങിയ കാലത്ത് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായ സിനെയ്ദആയിരുന്നു നായികയുടെ മാതൃക പക്ഷേ ഓള്‍ഗയെ കണ്ടുമുട്ടിയ ശേഷം അവളുടെ പല സ്വഭാവ സവിശേഷതകളും ആ നിറക്കൂട്ടില്‍ കൂടിക്കലര്‍ന്നു. അങ്ങനെ പിറവിയെടുത്തതാണ് ലോറ ! അത് വരെ കവിതകള്‍ മാത്രം എഴുതിയിരുന്ന ബോറിസിന്റെ ,നോവല്‍ എഴുതണമെന്നുള്ള സ്വപ്നസാക്ഷാത്കാരവും കൂടിയായിരുന്നു ഇത്.വരികള്‍ക്കിടയില്‍ വെടിമരുന്ന് ഒളിപ്പിച്ചു് വച്ച് ഗദ്യത്തില്‍ എഴുതിയ കവിതയായിരുന്നു ഡോക്ടര്‍ ഷിവാഗോ. കൊടുങ്കാറ്റടിച്ചു കൊണ്ടിരിക്കുന്നത് റഷ്യന്‍ ചരിത്രത്തിന്റെ സത്യസന്ധമായ ചിത്രീകരണത്തിനാണ് ഇതിലൂടെ ശ്രമിച്ചത്.

കാലക്രമേണ അദ്ദേഹത്തിനെതിരെയുള്ള ആക്രമണങ്ങള്‍ നേരിട്ടുള്ളതായി. 1945ല്‍ അദ്ദേഹത്തിന്റെ കൃതികളുടെ ഇരുപതിനായിരം കോപ്പികള്‍ നശിപ്പിക്കപ്പെട്ടു. പ്രധാന പ്രസിദ്ധീകരണശാലകള്‍ അദ്ദേഹത്തിന്റെ കൃതികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പൊതുവേദികളില്‍ അദ്ദേഹം അനഭിമതനായി മാറുകയായിരുന്നു പോലീസുകാര്‍ ബോറിസിനെ അറസ്റ്റ് ചെയ്യാനായുള്ള അനുമതിക്കായി സ്റ്റാലിനെ കാണാന്‍ ചെന്നു. പാസ്റ്റര്‍ നാക്കിന്റെ കവിത പാടിക്കൊണ്ടു് സ്റ്റാലിന്‍ "പരിശുദ്ധനായ ആ വിഢിയെവെറുതെ വിടൂ"എന്നുള്ള നിര്‍ദ്ദേശമാണ് അവിടെനിന്ന് കിട്ടിയത് സ്റ്റാലിന് പാസ്റ്റര്‍ നാക്കിന്റെക്കിന്റെ നേരെയുള്ള അലിവിനെ പ്പറ്റി അദ്ദേഹത്തിനു് അദ്ദേഹത്തിന് ഒരു അറിവുമില്ലായിരുന്നു. എന്നിട്ടും തന്റെ മനസ്സാക്ഷിയുടെ വിളി അനുസരിച്ച് അദ്ദേഹം തന്റെ എഴുത്ത് തുടര്‍ന്നു കൊണ്ടേയിരുന്നു.

താമസിയാതെ ഓള്‍ഗ അറസ്റ്റ് ചെയ്യപ്പെട്ടു.കുപ്രസിദ്ധമായ ലൂബിയാങ്ക ജയിലിലേക്ക് കൊണ്ടുപോകപ്പെട്ടു.ഓള്‍ഗയും ബോറിസും ചേര്‍ന്നു റഷ്യ വിട്ടുപോകാനുള്ള ശ്രമം നടത്തി എന്ന് ആരോപിച്ചുകൊണ്ടാണ് അറസ്റ്റുണ്ടായത് ഉറങ്ങാനും വിശ്രമിക്കാനും ഉള്ള അവസരങ്ങള്‍ ഒന്നും കൊടുക്കാതെ ശക്തി കൂടിയ വെളിച്ചത്തിന് മുന്‍പില്‍ വച്ച് അവരെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. പക്ഷേ ഒരിക്കല്‍പ്പോലും അവര്‍ തന്റെ കൂട്ടുകാരനെ ഒററു് കൊടുത്തില്ല. അവിടത്തെ താമസത്തിനിടയില്‍ ആണ് അവര്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഒരു ദിവസം ബോറിസിനെ കാണാനായി കൊണ്ടുപോകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും തുടര്‍ച്ചയായി പടികള്‍ കയറ്റുകയും ഇറക്കുകയും ചെയ്തു. അവസാനം കെട്ടിടത്തിന്റെ അടിത്തട്ടില്‍ ഉള്ള ശവമുറിയില്‍ അവരെ ബലമായി പൂട്ടിയിട്ടു.പീഡനങ്ങളുടെ പരിണിതഫലമായി ഗര്‍ഭസ്ഥ ശിശുവിനെ അവര്‍ക്ക് നഷ്ടപ്പെടുന്നു.കുറച്ച് ദിവസങ്ങള്‍ക്കുശേഷം അധികാരികള്‍ ബോറിസിനെ വിളിച്ചുവരുത്ത ഓള്‍ഗയുടെ കത്തുകളും മറ്റു ചില സാധനങ്ങളും കൈമാറി.അവര്‍ മരിച്ചു എന്നാണ് പാസ്റ്റര്‍നാക്ക് ഇതില്‍നിന്ന് അനുമാനിച്ചത്. പത്തുകൊല്ലത്തെ കഠിനതടവാണ് ഓള്‍ഗയ്ക്ക് ലഭിച്ച ശിക്ഷ. ഈ അനുഭവങ്ങള്‍ക്ക് നടുവിലും അദ്ദേഹം എഴുത്ത് തുടര്‍ന്നു. നാലു് വര്‍ഷത്തിന് ശേഷം,ഓള്‍ഗ, ജയില്‍മോചിതയായ പോയേക്കും സ്റ്റാലിനും അരങ്ങ് ഒഴിഞ്ഞിരുന്നു. അതിനുശേഷം അവര്‍ മിക്കവാറും മുഴവന്‍ സമയവും കവിയുടെ മാനേജര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു.അവര്‍സ്വന്തമായി ടൈപ്പ് ചെയ്ത കൈയെഴുത്ത് പ്രതികളുമായി അദ്ദേഹത്തിന് വേണ്ടി പ്രസിദ്ധീകരണ ശാലക്കാരെ കാണുകയും യാത്രചെയ്യുകയും ഒക്കെ ചെയ്തു.

ഏറ്റവും പ്രതികൂലമായ സാഹചര്യത്തില്‍ പോലും കൃതി പ്രസിദ്ധീകരിക്കണമെന്നു് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും അതിനുവേണ്ടി പരിശ്രമിച്ചത് ഓള്‍ഗ യായിരുന്നു. ഈ കൃതി വായിക്കുന്ന ഒരു ആളും ഇതിന്റെ പേരില്‍ അവരോട് കടപ്പെട്ടിരിക്കുന്നു. അക്കാലത്തെ ഭരണവര്‍ഗത്തിന്റെ ആദര്‍ശത്തിന് ഘടകവിരുദ്ധമായ ഉള്ളടക്കത്തോട് കൂടിയ സാഹിത്യകൃതിയായിരുന്നെങ്കിലും എഴുത്ത് അവസാനിച്ചപ്പോള്‍ റഷ്യയില്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന് പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു.പ്രസിദ്ധീകരണശാലയായ "നോവിമിയ" ഇതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് പരസ്യവും നല്‍കി. പക്ഷേ അവസാനം ആദര്‍ശ വൈരുദ്ധ്യത്തിന്റെ പേര് പറഞ്ഞു പുസ്തകം തള്ളുകയായിരുന്നു. അങ്ങനെയാണ് റഷ്യയ്ക്ക് പുറത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള സാധ്യതകളെപ്പറ്റി അന്വേഷിക്കുന്നത്. ഒരു കൈയെഴുത്ത് പ്രതി ബര്‍ലിന്‍ വഴി ഒളിച്ചു കടത്തി ഒരു ഇറ്റാലിയന്‍ പ്രസിദ്ധീകരണശാലയില്‍ എത്തിച്ചേരുന്നു.നോവലിന്റെ പൂര്‍ണ്ണരൂപം കൈ മാറിക്കൊണ്ട് തന്നെ ഫയറിംഗ് സ്ക്വാഡ് വെടിവയ്ക്കുന്ന ചടങ്ങിലേക്ക് കൂടി ബോറിസ് പ്രസാധകരെ ക്ഷണിക്കുകയും ചെയ്തു. അത്രത്തോളം ആയിരുന്നു ഭരണകൂട ഭീകരത! മിലാനിലെ പ്രസിദ്ധീകരണ ശാലയില്‍ എത്തിച്ചേര്‍ന്ന കൃതിയുടെ കൈയെഴുത്തുപ്രതി വായിച്ച് ആദ്യം തന്നെ ഇത് ഒരു മാസ്റ്റര്‍പീസ് ആണ് എന്നും ഇതു് പ്രസിദ്ധീകരിക്കാതെ ഇരിക്കുന്നത് മാനവികതയോട് ചെയ്യുന്നു ഒരു വലിയ കുറ്റമായിരിക്കും എന്ന് മുന്‍കൂട്ടി കണ്ട അവര്‍ പ്രസിദ്ധീകരണത്തെ സംബന്ധിച്ച എഴുത്തുകളെല്ലാം കോഡ് ഭാഷയില്‍ ആണ് കൈമാറിയത്. പക്ഷേ എന്നിട്ടും ഗവണ്‍മെന്റ് കാര്യങ്ങളെല്ലാം മണത്തറിഞ്ഞു. അധികം താമസിയാതെ തന്നെ ഗ്രന്ഥ കര്‍ത്താവിന്റേത് ആണെന്ന മട്ടില്‍ പ്രസിദ്ധീകരണ ശാലയ്ക്ക് റഷ്യന്‍ ഭാഷയില്‍ ഒരു കത്ത് ലഭിച്ചു. ചില തെറ്റ് തിരുത്തലുകള്‍ നടത്താനായി കൈയ്യെഴുത്ത് പ്രതി തിരിച്ചയയ്ക്കണമെന്ന് ആയിരുന്നു ആവശ്യപ്പെട്ടത്. അവര്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടക്കാതായപ്പോള്‍ ഗവണ്‍മെന്റ് റഷ്യന്‍ പ്രസാധനവുീ വില്‍പനയും നിരോധിച്ചു ഏതുവിധേനയും ഈ കൃതി പ്രസിദ്ധീകരിക്കണമെന്നുള്ള ഉറച്ച തീരുമാനത്തോടെ അതിനു വേണ്ടി നാല് കോപ്പികള്‍ കൂടി റഷ്യയ്ക്ക് പുറത്തേക്ക് രഹസ്യമായി എത്തിച്ചു അതിലൊന്ന് ഫ്രാന്‍സിലേക്ക് ആയിരുന്നു. മറ്റൊരു കോപ്പി ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ പാസ്റ്റര്‍ നാക്കിന്റെ കുടുംബത്തിന്റെ കൈയിലേക്കും എത്തിച്ചേര്‍ന്നു.

സൃഷ്ടാവിന്റെ പേരില്ലാതെ അനാഥനായ ഒരു കുട്ടിയെപ്പോലെ പുസ്തകം എത്തിച്ചേരാനുള്ള ഇടങ്ങളില്‍ സ്വയം എത്തിച്ചേരുകയായിരുന്നു, ചരിത്രത്തിന്റെ ഒരു ആവശ്യം പോലെ. ഇതുമായി ബന്ധപ്പെട്ടവരെല്ലാം വല്ലാതെ സഘര്‍ഷത്തിലൂടെ കടന്ന് പോയ ദിവസങ്ങളായിരുന്നു അവ. പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ സംജാതമാകുന്ന അവസ്ഥയും പാസ്റ്റര്‍നാക്കിന്റെ സുരക്ഷയും ഓര്‍ത്തു അവരെല്ലാം വല്ലാതെ വേവലാതിപ്പെട്ടു. പക്ഷേ ഇരുപത് കൊല്ലത്തെ ഒരു മനുഷ്യന്റെ ജീവിതം കാച്ചിക്കുറുക്കിയ ചാറു കൊണ്ട് എഴുതിയ അക്ഷരങ്ങള്‍ തമസ്കരിക്കാന്‍ അവര്‍ക്കും മനസ്സുവന്നില്ല അങ്ങനെ1957 നവംബറില്‍ ഡോക്ടര്‍ ഷിവാഗോ എന്ന കൃതി ആദ്യമായി പ്രസിദ്ധീകരിച്ചു. കാട്ടുതീ പോലെ പടരുന്നു കൃതിയുടെ ജനപ്രീതി മുലം വളരെ പെട്ടെന്ന് തന്നെ ഈ കൃതി 18ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു. ഇതിനു മുമ്പൊരിക്കലും ഗവണ്‍മെന്റിന്റെ താല്‍പര്യത്തിനെതിരായി ഇത്തരത്തിലൊരു കുതി റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അക്കാലത്തെ റഷ്യന്‍ പ്രസിഡന്റ് ആയിരുന്ന ക്രൂഷ്‌ചേവ് ഇതെപ്പറ്റി വളരെയധികം ക്ഷുഭിതനായി.

ശീതയുദ്ധം കൊടുമ്പിരി കൊണ്ടു് നിന്ന അക്കാലത്ത് റഷ്യയെ അടിക്കാന്‍ കിട്ടിയ ഒരു നല്ല വടിയായി സിഐയെ ഈ പുസ്തകത്തെ ഉപയോഗിച്ച് എന്നു പറയാം.അവര്‍ തന്നെ നേതൃത്വം കൊടുത്തു കൊണ്ടു് ഈ കൃതി പല രാജ്യങ്ങളിലും പ്രസിദ്ധീകരിച്ചു. ഇതിനായി സിഐഎ ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ സഹായത്തോടുകൂടി നോവലിന്റെ മുഴുവന്‍ പേജുകളും ഫോട്ടോ എടുത്തു അത് ടൂറിസ്റ്റുകളുടെ കയ്യില്‍ ഫിലിം റോളുകള്‍ ആയി റഷ്യയില്‍ എത്തിച്ചു. റഷ്യയുടേയും കമ്യൂണിസത്തിന്റെയും കിരാത മുഖം തുറന്നുകാട്ടാന്‍ അവരുടെ തന്നെ ഏറ്റവും ജനപ്രീതിയുള്ള സാഹിത്യകാരന്റെ ഒരു കൃതി ഉപയോഗിക്കാനുള്ള സുവര്‍ണാവസരം സിഐഎ വേണ്ടവിധത്തില്‍ ഉപയോഗിക്കുകയായിരുന്നു. ഏതുവിധേനെയും ഇത് റഷ്യന്‍ ഭാഷയില്‍ അച്ചടിച്ച റഷ്യക്കാരുടെ ഇടയില്‍ വിതരണം ചെയ്യണം എന്നതായിരുന്നു അവരുടെ ഉദ്ദേശം. തന്റെ കൃതി സ്വന്തം രാജ്യത്തിന് എതിരായി തന്നെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതിനെപ്പറ്റി പാസ്റ്റര്‍നാക്കിന് ഒരറിവും ഉണ്ടായിരുന്നില്ല.

1958 ഒക്ള്‍ടോബറില്‍ സാഹിത്യത്തിന്റെ നോബല്‍ സമ്മാനത്തിന് ഡോക്ടര്‍ ഷിവാഗോ തെരഞ്ഞെടുക്കപ്പെട്ടു. തന്റെ 20 കൊല്ലത്തെ തപസ്യയ്ക്ക് കിട്ടിയ ഈ അംഗീകാരം സ്വീകരിക്കാനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് അദ്ദേഹത്തെ ക്ഷണിക്കപ്പെട്ടു പക്ഷേ ഭരണകൂടത്തിന്റെ വിദ്വേഷം സമ്പാദിച്ചുകൊണ്ട് അംഗീകാരം സ്വീകരിച്ചശേഷം റഷ്യയിലേക്ക് മടക്കി വരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പാസ്റ്റര്‍ നാക്കിന് സംശയമുണ്ടായിരുന്നു.

ആരാധകരുടെ ധാരാളം കത്തുകള്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും പാസ്റ്റര്‍നാക്കിന് കിട്ടിക്കൊണ്ടേയിരുന്നു. "എന്റെ രാജ്യത്തിന്റെ ഭംഗിയെപ്പറ്റി എഴുതി,ഞാന്‍ ലോകത്തെ കരയിച്ചു" എന്നദ്ദേഹം തന്റെ ഒരു കവിതയില്‍ എഴുതി. പലതരം പീഡനങ്ങളുടെയും ദുഃഖങ്ങളുടെയും തുടര്‍ക്കഥയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം ,എങ്കിലും താന്‍ മനസ്സാക്ഷിക്കനുസരിച്ച് മുന്നോട്ടു നീങ്ങിയത് അവസാനഘട്ടത്തില്‍ എങ്കിലും ലോകം അംഗീകരിക്കുകയും ഏറ്റവും ഉന്നതമായ സാഹിത്യപുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത് അദ്ദേഹത്തിനു് വളരെ ആനന്ദം നല്‍കി. പക്ഷേ ഈ സമ്മാനം അദ്ദേഹം സ്വീകരിക്കരുതെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ അഭിപ്രായം.

ലോകം ഡോക്ടര്‍ ഷിവാഗോയെയും അതിന്റെ കര്‍ത്താവിനെയും പ്രശംസയും സമ്മാനങ്ങളും കൊണ്ടു മൂടുമ്പോള്‍ റഷ്യയില്‍ സ്ഥിതി മറിച്ചായിരുന്നു. റഷ്യയിലെ റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി.പാസ്റ്റര്‍ നാക് റഷ്യ വിട്ടു പോകുന്നതായിരിക്കും നല്ലതെന്ന് അഭിപ്രായം പോലും അവിടെ നിന്നു വന്നു. പാസ്റ്റര്‍ നാക്കിന്റെ ആരാധകനായിരുന്ന അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് ഈ നാടുകടത്തല്‍ തടയുന്നതില്‍ ഒരു പ്രധാന പങ്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.റഷ്യയില്‍ നിന്നും പുറത്താക്കപ്പെടുന്നത് ഒഴിവാക്കാനായി താന്‍ സോവിയറ്റ് യൂണിയനോട് ഉള്ള കൂറ് പ്രഖ്യാപിച്ചുകൊണ്ട് ഒരു കത്തെഴുതാന്‍ നിര്‍ദേശം ലഭി ച്ചു.അതു് പോലെ തന്നെ കത്തെഴുതിയെങ്കിലും അതും ഒരു വിവാദത്തിലാണ് അവസാനിച്ചത്.ഓള്‍ഗ എഴുതിയ കത്ത് ബോറിസ് ചെറിയ ഒരു തിരുത്തലോടു കൂടിയാണ് അയച്ചത്. അത് ഇപ്രകാരമായിരുന്നു "ഞാന്‍ എന്റെ ജന്മംകൊണ്ടും ജീവിതംകൊണ്ടും സോവിയറ്റ് യൂണിയനോട് വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു അതുകൊണ്ട് എന്റെ ഭാഗധേയം ഈ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു"എന്നെഴുതിയത് അദ്ദേഹം സോവിയറ്റ് യൂണിയന്‍ വെട്ടിമാറ്റി റഷ്യ എന്ന വാക്ക്എഴുതിച്ചേര്‍ക്കുകയായിരുന്നു.ഹൃദയം കൊണ്ടും തലച്ചോറുകൊണ്ട് അദ്ദേഹം നൂറ് ശതമാനീ റഷ്യക്കാരനായിരുന്നു;ഒരിക്കലും സോവിയറ്റ് യൂണിയന്‍കാരനായിരുന്നതുമില്ല. ഇതും ഭരണകൂടത്തെ ചൊടിപ്പിച്ചു.

ലോക പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും അദ്ദേഹം ദാരിദ്ര്യത്തിന്റെ മടിത്തട്ടില്‍ ആയിരുന്നു. ഭരണകൂടത്തിന്റെ കണ്ണില്‍ കരട് ആകാതിരിക്കാന്‍ എല്ലാവരും അദ്ദേഹത്തില്‍ നിന്ന് അകലം പാലിച്ചു. നോബല്‍ പുരസ്കാരത്തിന്റെ ഭീമമായ സമ്മാനത്തുക പല ഭാഷകളിലായി പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ റോയല്‍റ്റിയും ഒന്നും അദ്ദേഹത്തിന് ലഭിച്ചില്ല.

ഇക്കാലത്തു തന്നെയാണ് ശ്വാസകോശ ക്യാന്‍സര്‍ പിടികൂടിയത്. പിന്നീട് രണ്ടു് കൊല്ലം കൂടി അദ്ദേഹം ജീവിച്ചുള്ളൂ. മീഡിയ മുഴുവനും ഗവണ്മെന്റിന്റെയും പാര്‍ട്ടിയുടെയും ചട്ടുകമായി വര്‍ത്തിക്കുന്ന റഷ്യയില്‍ അദ്ദേഹത്തിന്റെ മരണം പത്രങ്ങള്‍ ചെറിയ കോളം വാര്‍ത്തയായി ഒതുക്കി. പക്ഷെ കവിയെ ഹൃദയത്തിലേറ്റിയ സാധാരണജനങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും രഹസ്യമായി കുറിമാനം കൈമാറിക്കൊണ്ട് 1950 ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് നടക്കുന്ന അദ്ദേഹത്തിന്റെ അന്ത്യ യാത്രയെക്കുറിച്ചുള്ള അറിയിപ്പ് എല്ലാവര്‍ക്കും നല്‍കി. വലിയ തോതില്‍ ജനക്കൂട്ടം കൂട്ടം കൂടുന്നത് നിയമലംഘനമായി കരുതപ്പെടുന്ന അന്നത്തെ റഷ്യയില്‍ ആയിരക്കണക്കിന് ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി മോസ്‌കോയില്‍ നിന്നും പെരല്‍ഡെല്‍കിനോയിലേക്ക് യാത്ര ചെയ്തു. ഇതില്‍ ഭൂരിഭാഗവും യുവാക്കളായിരുന്നു. ഭരണകൂടത്തിന്റെ പ്രതികാരം അവിടെ അവസാനിച്ചില്ല. ശവസംസ്കാരം നടന്നുകഴിഞ്ഞു ദിവസങ്ങള്‍കം രഹസ്യമായി റോയല്‍റ്റി കൈപ്പറ്റിയെന്ന് ആരോപിച്ചു ഓള്‍ഗയെയും മകളെയും വീണ്ടും അറസ്‌റ് ചെയ്തു് ലേബര്‍ ക്യാമ്പിലേക്ക് അയച്ചു.

പ്രസിദ്ധികരിച്ച് മുപ്പതു കൊല്ലത്തിനു ശേഷം പെരിസ്‌റ്റ്രോയിക്കയുടെ കാലത്താണ് അതിന്റെ മൂലകൃതിയുടെ രൂപത്തില്‍ റഷ്യയില്‍ ആദ്യമായി ഡോക്ടര്‍ ഷിവാഗോ പ്രസിദ്ധീകരിക്കപ്പെടുന്നത്. 1988ല്‍ ഈ പ്രസിദ്ധീകരണം റഷ്യയില്‍ ഒരു തരംഗം തന്നെ ഉണ്ടാക്കി.നൂറുകണക്കിനു മനുഷ്യര്‍ ട്രെയിനുകളിലും പാര്‍ക്കുകളിലും ഇതിന്റെകോപ്പികള്‍ വായിച്ചുകൊണ്ട് ഇരിക്കുന്നത് അക്കാലത്തെ റഷ്യ സന്ദര്‍ശിച്ച പല സാഹിത്യകുതുകികളും രേഖപ്പെടുത്തിയിട്ടുണ്ട്.അതിന്റെ അടുത്ത വര്‍ഷം കവിയുടെ മകന്‍ സ്റ്റോക്ക്‌ഹോമില്‍ പോയി അദ്ദേഹത്തിന്റെ നോബല്‍ സമ്മാനം ഏറ്റുവാങ്ങി. സമ്മാനം വാങ്ങാന്‍ അദ്ദേഹം "വിസമ്മതിച്ചു" എന്നുള്ളത് മാറ്റി "സമ്മാനം വാങ്ങാന്‍ അനുവദിക്കപ്പെട്ടില്ല" എന്ന് മാറ്റി ഇത് സംബന്ധിച്ച രേഖകളില്‍എഴുതുകയും ചെയ്തു.

ഓരോ വ്യക്തിയുടെയും ജീവിതം ഓരോ തരത്തില്‍ ദുഃഖ പൂര്‍ണമാണെന്നും നശ്വരമായ മനുഷ്യജീവിതം സാര്‍ത്ഥകമാക്കുന്നത് നമ്മുടെ പീഡാനുനുഭങ്ങളാണെന്നും അദ്ദേഹം വിശ്വസിച്ചു. ഏറ്റവും വിപരീതമായ ചുറ്റുപാടുകളില്‍ പോലും ആ സൃഷ്ടികള്‍ ഏറ്റവും പ്രതീക്ഷയും സകാരാത്മകതയും (positivtiy)നിറഞ്ഞവ ആയിരുന്നു.

1965 ഇല്‍ ഡേവിഡ് ലീന്‍ ഈ നോവല്‍ ചലച്ചിത്രമാക്കി.. ഒമര്‍ഷെരീഫ് യൂറി ഷിവാഗോ ആയുീ ജൂലി ക്രിസ്റ്റി ലോറയായും അഭിനയിച്ചുകൊണ്ട് സിനിമ പുറത്തിറങ്ങി. ഒരു ബ്ലോക്ക്ബസ്റ്റര്‍ .ആയിത്തീര്‍ന്ന ഈ ചിത്രം 5 ഒസ്കാര്‍ അവാര്‍ഡുകളുീ പത്ത് നോമിനേഷനുകളുീ നേടി.പെരിസ്റ്റ്രായിക്കക്ക് ശേഷമാണ് ഈ ചിത്രം റഷ്യയില്‍ പ്രദര്‍ശിപ്പിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുപോലും അദ്ദേഹം തന്റെ മാതൃരാജ്യം വിട്ടുപോകാനോ സ്വന്തം നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ അദ്ദേഹം ശ്രമിച്ചില്ല . അത് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതും. ലോക ക്ലാസിക്കുകളില്‍ഒന്നായി ഡോക്ടര്‍ ഷിവാഗോ ഇന്നുീ കരുതപ്പെടുന്നു ;എന്നുീ ആ സ്ഥാനം അങ്ങനെ തന്നെ നില്ക്കുകയും ചെയ്യും.

Acknowledgements;
1.https://tvo.org/video/documentaries/the-real-doctor-zhivago
2.https://en.wikipedia.org/wiki/Boris_Pasternak
3.https://www.youtube.com/watch?v=6Rmx3ufHG10
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക