Image

ഉണ്ണീലി മാഹാത്മ്യം (നര്‍മ്മ കഥ: റോബിന്‍ കൈതപ്പറമ്പ്)

Published on 17 April, 2018
ഉണ്ണീലി മാഹാത്മ്യം (നര്‍മ്മ കഥ: റോബിന്‍ കൈതപ്പറമ്പ്)
ഇരവിപുരം ഗ്രാമത്തിലെ ജനങ്ങള്‍ ഇന്ന് വളരെ സന്തോഷത്തിലാണ്. ഇന്നാണ് അവരുടെ ഗ്രാമത്തിലെ ഉത്സവവും തട്ടുംപുറത്തപ്പന്റെ പുന:പ്രതിഷ്ഠയും.ജാതി മത ഭേദമെന്യേ എല്ലാവരും ഒന്നിച്ചു കൂടുന്ന ഗ്രാമത്തിലെ ഏക ഉത്സവം . നാളുകളായി തകര്‍ന്ന് നിലം പൊത്താറായി കിടന്ന തട്ടുംപുറത്തപ്പന്റെ ക്ഷേത്രം, നിലവിലെ പൂജാരിയുടെ കഠിന പ്രയത്‌നവും അത്യുത്സാഹവും കൊണ്ട് പുനര്‍നിര്‍മ്മിക്കുകയും, തട്ടും പുറത്തപ്പനെ പുതിയ ശ്രീകോവിലിനുള്ളിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു അതിനോടനുബന്ധിച്ചുള്ള ഉത്സവം നടക്കുന്നതുകൊണ്ടാണ് ഇരവിപേരൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഇത്ര സന്തോഷം.

പഷേ ഈ സന്തോഷങ്ങള്‍ക്കിടയിലും അവിടുത്തെ ജനങ്ങളില്‍ ഒരു സങ്കടം ബാക്കിയുണ്ട് ;ആ ശ്രീകോവില്‍ പുനര്‍നിര്‍മ്മിച്ച പുജാരി സ്ഥലം മാറി പോവുകയാണ്. അങ്ങ് തലക്കുളത്തു നിന്നുള്ള ഉത്തരവാണ്. പകരം ഒരു പുതിയ പൂജാരി എത്തുന്നു.ചെറുപ്പക്കാരനും, സുമുഖനും,ആരോഗ്യദ്യടഗാത്രനുമായ പുതിയ പൂജാരിയെ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും പഴയ പൂജാരി പോകുന്നതിനുള്ള സങ്കടം അവര്‍ മറച്ചുവെച്ചില്ല. ഔദ്യോഗികമായി ശ്രീകോവിലിന്റെ താക്കോല്‍ പുതിയ പൂജാരിക്ക് കൈമാറി പഴയ പൂജാരി പടിയിറങ്ങി.

മകന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് കൊടുത്ത പുതിയ കൊടാക്ക് കാമറയുമായി മറ്റു ഫോട്ടം പിടിത്തക്കാരോടൊപ്പം കിനാശ്ശേരിയിലെ കുട്ടന്‍പിള്ളയും ഓടിനടന്ന് ഫോട്ടം പിടിക്കുന്നു. കുട്ടന്‍പിള്ളയുടെ ഫോട്ടം പിടിത്തം കണ്ട് അസൂയാലുക്കളായ ചില കാര്‍ന്നോര്‍മാര്‍ ചിറികോട്ടി ചിരിച്ചു. ചില സുന്ദരികളായ ചേച്ചിമാര്‍ നാണം കൊണ്ട് മുഖം പൊത്തി തല കുമ്പിട്ട് തള്ളവിരലാല്‍ തറയില്‍ കളം വരച്ചു. കാര്‍ന്നോര്‍മാരുടെ പുച്ചത്തില്‍ തളരാതെ കുട്ടന്‍പിള്ള ആ മനോഹരമായ സായഹ്നത്തിന്റെ ഫോട്ടം പിന്നെയും പിന്നെയും പിടിച്ചു കൊണ്ടെ ഇരുന്നു.

നാളുകള്‍ കടന്ന് പോയി, പുതിയ പൂജാരി തട്ടുംപുറത്തപ്പന്റെ ചുമതല പൂര്‍ണ്ണമായും ഏറ്റെടുത്തു. തട്ടും പുറത്തപ്പനും, ഇരവിപുരത്തെ ജനങ്ങള്‍ക്കും പുതിയ പൂജാരിയെ ക്ഷ പിടിച്ചു. പൂജാരിയെ സന്തോഷിപ്പിക്കാനും, വീടുകളില്‍ വിളിച്ച് സല്‍ക്കരിക്കാനും അവിടുത്തെ ജനങ്ങള്‍ മത്സരിച്ചു.വിവാഹം കഴിക്കാത്ത, സുന്ദരനും, സുമുഖനുമായ പൂജാരിയെ നോക്കി ആ നാട്ടിലെ ചെറുപ്പക്കാരികളായ സുന്ദരികള്‍ ദീര്‍ഘനിശ്വാസം വിട്ടു. മറ്റാരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി നാട്ടിലെ ചില ചേച്ചിമാരും.ഗോകുലത്തിലെ ശ്രീകൃഷ്ണനെ പോലെ പൂജാരി ആ നാട്ടിലെ സ്ത്രീ രത്‌നങ്ങളുടെ കണ്ണിലുണ്ണിയായി മാറി. അങ്ങനെ കാര്യങ്ങള്‍ ഒരു വിധം സുഗമമായി മുന്‍പോട്ട് പോകുംമ്പോഴാണ് നാട്ടിലെ പ്രമുഖ വ്യവസായിയായ ഉണ്ണായികോലോത്തെ ശശിധരന്റെ വീട്ടില്‍ പൂജാരിയെ സല്‍ക്കരിക്കാനായി വിളിക്കുന്നത്. ശശിധരനും ഭാര്യ ഉണ്ണീലിയും, കെട്ടുപ്രായം കഴിഞ്ഞിട്ടും കെട്ടിച്ച് വിടാതെ പുര നിറഞ്ഞ് നില്‍ക്കുന്ന രണ്ട്, മൂന്ന് മക്കളും പിന്നെ പുട്ടിന് തേങ്ങാപീര കണക്ക് ഒന്ന് രണ്ട് വേലക്കാരും, ഇവരായിരുന്നു ശശിധരന്റെ തറവാട്ടിലെ അദ്ദേവാസികള്‍. പൂജാരി ശശിധരന്റെ സല്‍ക്കാരം സ്വീകരിക്കാനായി കുളിച്ച് കുറീം തൊട്ട് ഉണ്ണായി കോലോത്ത് എത്തി.ശശിധരന്‍ പരിവാരങ്ങളുമായി തന്റെ പ്രതാപം ഒട്ടും കളയാതെ പൂജാരിയെ സ്വീകരിച്ചാനയിച്ച് തളത്തില്‍ പൂജാരിക്കായി ഒരുക്കിയ പ്രത്യേക പീഠത്തില്‍ കൊണ്ട് വന്ന് ഇരുത്തി.

ഉണ്ണായി കോലോത്ത് വന്ന് കയറിയതുമുതല്‍ പൂജാരിയുടെ കണ്ണുകള്‍ ഉണ്ണീലിയുടെ മുഖത്ത് നിന്നും മാറിയതേ ഇല്ല.പൂജാരി സ്വയം പറഞ്ഞു "എന്റെ തട്ടുംപുറത്തപ്പാ എന്താ ഇത്; എത്ര സ്ത്രീ രത്‌നങ്ങളെ കണ്ടിരിക്കുന്നു. പക്ഷേ ഉണ്ണീലിയെ കണ്ടപ്പോള്‍ തനിക്ക് എന്താ പറ്റിയത്. തട്ടുംപുറത്തപ്പാ അടിയന്റെ മന:സിന് ശക്തി തരേണമേ" ഒളി കണ്ണാല്‍ ഉണ്ണീലിയെ നോക്കുംപോള്‍ അവരുടെ കണ്‍കോണിലും ഒരു തിളക്കം, വെറുതെ തോന്നിയതാകുമോ എന്ന് കരുതിയെങ്കിലും ആ തോന്നല്‍ ശരിയായിരുന്നു എന്ന് പിന്നീട് മന:സിലായി. വളരെ തരക്കേടില്ലാത്ത ഒന്ന് രണ്ട് വേലക്കാരികളും, കെട്ടുപ്രായം കഴിഞ്ഞ പിള്ളേരും ഉണ്ടായിട്ടും തനിക്കെന്തേ ഉണ്ണീലിയോട് ഒരു അഭിനിവേശം. ഒരു വിധത്തില്‍ അവിടുത്തെ സല്‍ക്കാരവും സ്വീകരിച്ച് കൈ കഴുകി ഇറങ്ങുന്നതിന്റെ ഇടയില്‍ ഉണ്ണീലി ആരും കാണാതെ ഒരു തുണ്ടു കടലാസില്‍ തന്റെ ഫോണ്‍ നമ്പര്‍ എഴുതി പൂജാരിയുടെ കൈയ്യില്‍ ഒരു നിവേദ്യം കണക്കെ സമര്‍പ്പിച്ചു. ആരും കാണാതെ പൂജാരി അത് പോക്കറ്റില്‍ തിരുകി വെച്ചു.

രാത്രിയുടെ ഏകാന്തതയില്‍ ഉറക്കം വരാതെ പുജാരി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉള്ളിന്റെ ഉള്ളില്‍ തട്ടുംപുറത്തപ്പനും ഉണ്ണീലിയും വടംവലി നടത്തുന്നു. ആര് ജയിക്കും ആര് തോല്‍ക്കും. ഒടുവില്‍ തട്ടുംപുറത്തപ്പന്‍ പരാജിതനായി വിയര്‍ത്ത് ഇറങ്ങിപ്പോയി.ഉണ്ണീലി വിജയഭരിതയായി പുഞ്ചിരി തൂകി നിന്നു.പിന്നെ തുലോം സമയം കളയാതെ ഫോണ്‍ തപ്പിപ്പിടിച്ച് എടുത്ത് വാട്ട്‌സ്ആപ് ഓണ്‍ ചെയ്തു. അതാ ഉണ്ണീലിയുടെ മെസെജുകള്‍ വരിവരിയായി കിടക്കുന്നു. മന:സില്‍ തട്ടുംപുറത്തപ്പന്‍ കുത്തി കത്തി വിളിക്കുന്നുണ്ടെങ്കിലും ഉണ്ണീലിയുടെ ചിരിക്ക് മുന്‍പില്‍ എന്ത് തട്ടുംപുറത്തപ്പന്‍.ആ രാത്രി ഒരു തുടക്കം മാത്രം ആയിരുന്നു. ഇരവുകള്‍ പകലുകളാക്കി പൂജാരിയും ഉണ്ണീലിയും വാട്ട്‌സാപ്പിലൂടെ തങ്ങളുടെ വികാരവിചാരങ്ങള്‍ കൈമാറി.

ഉണ്ണായി കോവിലകവുമായും ശശിധരനുമായും പൂജാരി ഇതിനിടയില്‍ വളരെ അടുത്ത ബന്ധം സ്ഥാപിച്ചെടുത്തു. ഏത് കാര്യങ്ങള്‍ക്കും പൂജാരിയുടെ അഭിപ്രായം ചോദിക്കാതെ ശശിധരന്‍ ചെയ്യില്ല എന്നായി. ശശിധരന്റെ മുന്‍പില്‍ ഉണ്ണീലിയും പൂജാരിയും "സഹോദരീ സഹോദരങ്ങളെ" പോലെ പെരുമാറി.ശശിധരന്‍ വീട്ടിലില്ലാത്തപ്പോള്‍ പൂജാരി അവിടുത്തെ നിത്യ സന്ദര്‍ശകനായി. ശരിധരന്റെ കാതില്‍ കാര്യങ്ങള്‍ എത്തിയെങ്കിലും അയാള്‍ പറഞ്ഞു "അവര്‍ സഹോദരങ്ങളെപോലെ ആണ് ,എനിക്ക് പൂജാരിയെ വിശ്വാസവും പിന്നെ നിങ്ങള്‍ക്കെന്താ". അതോടെ നാട്ടുകാരും ഒന്നും പറയാതായി. എങ്കിലും അങ്ങാടിയില്‍ ചില കുശുകുശുപ്പുകള്‍ ഉണ്ടായി അതില്‍ പ്രധാനം "ഉണ്ണീലിക്ക് പൂജാരിയേക്കാളും ആറ് ഏഴ് വയസ് വ്യത്യാസം ഉണ്ട് അതുകൊണ്ടാ ശശിധരന് പൂജാരിയില്‍ ഒട്ടും സംശയം ഇല്ലാത്തതെന്ന് "

പൂജാരിയും ഉണ്ണീലിയുമായുള്ള ബന്ധം അനര്‍ഗള നിര്‍ഗളം മുന്‍പോട്ട് പോകവെയാണ് ജര്‍മ്മനിയില്‍ നിന്നും അവധിക്കായി മനോഹരന്‍ ചേട്ടന്‍ നാട്ടില്‍ എത്തുന്നത്.തട്ടുംപുറത്തപ്പന്റെ ശ്രികോവില്‍ പുനര്‍നിര്‍മ്മിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള ആളാണ് മനോഹരന്‍ ചേട്ടന്‍.ജര്‍മ്മനിയിലെ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു വാഗ്മിയും, എഴുത്തുകാരനുമൊക്കെയാണ് കക്ഷി.സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളെ നഖശികാന്തം എതിര്‍ക്കുകയും എഴുതുകയും ചെയ്യുക വഴി ജര്‍മ്മനിയിലെ ഭൂരിഭാഗം എഴുത്തുകാരുടെയും കണ്ണിലെ കരടും കൂടെയാണ് ടിയാന്‍. പക്ഷേ അതിന്റെ അഹങ്കാരം ഒന്നും അദ്ദേഹത്തിനില്ല.

അവധിക്ക് നാട്ടിലെത്തി മഞ്ഞക്കരയുള്ള മുണ്ടും തിളങ്ങുന്ന ജുബായും ധരിച്ച് വൈകുന്നേരം വെറുതെ ഉമ്മറത്ത് ഉലാത്തികൊണ്ടിരുന്നപ്പോള്‍ തോന്നി ഏതായാലും വന്നതല്ലെ തട്ടുംപുറത്തപ്പനെ ഒന്ന് തൊഴുത് വരാം.കാറില്‍ വേണ്ട നടന്ന് തന്നെ പോകാം. എങ്കിലെ താന്‍ വന്ന വിവരം നാലാള് അറിയൂ. കാറില്‍ അടച്ച് പൂട്ടി പോയാല്‍ ആരും അറിയില്ല. അധവാ ആള്‍ക്കാര്‍ അറിഞ്ഞ് വരുംപോഴേയ്ക്കും തനിക്ക് തിരിച്ച് പോകാനുള്ള സമയം ആകും.ഇങ്ങനെ നടന്ന് പോയി പത്ത് പേരെ കാണുംമ്പോഴെ നാട്ടിലെ ചൂടിനെക്കുറിച്ചും,വ്യത്തിയില്ലായ്മയെക്കുറിച്ചും മറ്റും കുറ്റം പറയാന്‍ പറ്റൂ.അങ്ങനെ നാട്ടുകാരോട് കുശലാന്വേഷണങ്ങള്‍ നടത്തി മനോഹരന്‍ ചേട്ടന്‍ തട്ടുംപുറത്തപ്പന്റെ നടയില്‍ എത്തി. ചിതറിയും കൊഴിഞ്ഞും അങ്ങിങ്ങായി കുറെ ആള്‍ക്കാര്‍ .ഇനീം ആരുടെ എങ്കിലും ഫോട്ടം പിടിക്കാനുണ്ടോ എന്ന ചോദ്യവുമായി ക്യാമറയും തൂക്കി കുട്ടന്‍പിള്ള ആല്‍ത്തറയില്‍ കുത്തിപ്പിടിച്ച് ഇരിക്കുന്നു. മനോഹരന്‍ ചേട്ടനെ കണ്ടപ്പോള്‍ ആല്‍ത്തറയില്‍ വെടിവട്ടം പറഞ്ഞിരുന്ന മറ്റ് ആള്‍ക്കാരോടൊപ്പം കുട്ടന്‍പിള്ളയും ബഹുമാനപൂര്‍വ്വം എഴുന്നേറ്റ് നിന്നു. അവരെ അഭിവാദനം ചെയ്ത് വിനയാന്വിതനായി തട്ടുംപുറത്തപ്പനെ തൊഴാന്‍ മനോഹരന്‍ ചേട്ടന്‍ ശ്രീകോവിലിലേയ്ക്ക് കയറി. കുളിച്ച് തുളസിക്കതിരും ചൂടി, സെറ്റ് സാരിയും ഉടുത്ത് തട്ടുംപുറത്തപ്പനെ കാണാനോ അതോ പൂജാരിയെ കാണാനോ എന്നറിയാതെ ഉണ്ണീലിയും. ഉണ്ണീലിയെ കണ്ട് തട്ടുംപുറത്തപ്പനെ തൊഴാന്‍ മറന്ന് മനോഹരന്‍ ചേട്ടന്‍ നിന്നു. ഒരുമിച്ച് പഠിക്കുംപോള്‍ ഇവള്‍ക്ക് ഇത്രയും സൗന്ദര്യം ഇല്ലാരുന്നല്ലോ തട്ടുംപുറത്തപ്പാ എന്ന് അറിയാതെ പറഞ്ഞുപോയ്. വളരെ നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷത്തില്‍ രണ്ട് പേരും കുശലാന്വേഷണത്തില്‍ മുഴുകി. നടതുറന്ന് ഇറങ്ങി വന്ന പൂജാരി ഈ ദൃശ്യം കണ്ട് സ്തംഥനായി ഒരു നിമിഷം നിന്നുപോയി. "ഇവനാരാടാ അനുവാദം ഇല്ലാതെ തന്റെ പറമ്പില്‍ കയറി തേങ്ങാ ഇടാന്‍ നോക്കുന്നത്" എന്ന മട്ടില്‍ പൂജാരി മനോഹരന്‍ ചേട്ടനെ തുറിച്ച് നോക്കി. മനോഹരന്‍ ചേട്ടന്‍ അത് കാര്യമാക്കാതെ തന്റെ സരസ സംഭാഷണം തുടര്‍ന്ന് ഉണ്ണീലിയുമൊത്ത് ശ്രികോവിലിന് വെളിയിലേയ്ക്ക് ഇറങ്ങി.പൂജാരിയാകട്ടെ എരിപൊരി വെപ്രാളത്താല്‍ ഒരു വിധം പൂജ മതിയാക്കി തട്ടും പുറത്തപ്പനെ കയറ്റിഇരുത്തി ശ്രീകോവില്‍ അടച്ച് വെളിയില്‍ചാടി. ആല്‍ത്തറയുടെ സമീപത്തായി ഗതകാലസ്മരണകള്‍ അയവിറക്കി നില്‍ക്കുന്ന മനോഹരനേയും ഉണ്ണീലിയേയും ഒരു ചാരനെപ്പോലെ സസൂഷ്മം വീക്ഷിച്ച് പൂജാരി നിന്നു. "എന്റെ തട്ടുംപുറത്തപ്പാ നീയായിട്ട് കൊണ്ടു തന്ന മൊതലാ ആ നില്‍ക്കുന്നത്. ജര്‍മ്മനിയില്‍ നിന്നും വന്ന ഈ നരാധമന്‍ തന്റെ കൈയ്യില്‍ നിന്നും അതിനെ തട്ടിയെടുക്കുമോ?". പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറി ഉണ്ണീലി കിഴക്കോട്ടും മനോഹരന്‍ ആല്‍ത്തറയുടെ അടുത്തേയ്ക്കും നടന്നു. എങ്കിലും ഒന്ന് രണ്ട് വട്ടം തിരിഞ്ഞ് ഉണ്ണീലിയുടെ ആനച്ചന്തം ആസ്വദിക്കാര്‍ മനോഹരന്‍ ചേട്ടന്‍ മറന്നില്ല.

രാത്രിയിലുള്ള സംഭാഷണ മദ്യേ പൂജാരി ഉണ്ണീലിക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇനി മേലില്‍ മനോഹരന്‍ ചേട്ടനുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ പാടില്ല. നിങ്ങള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം അതി വിദഗ്ദമായി ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിട്ടുണ്ട്.തുടര്‍ന്നും ഏതെങ്കിലും വിധത്തിലുള്ള ബന്ധപ്പെടലുകള്‍ നിങ്ങള്‍ തമ്മില്‍ ഉണ്ടായാല്‍ ഞാന്‍ അത് ശശിധരന്‍ ചേട്ടനോട് പറഞ്ഞ് കൊടുക്കും. മാത്രമല്ല എന്റെ കൈവശമുള്ള റിക്കോര്‍ഡിംഗ് കേള്‍പ്പിക്കുകയും ചെയ്യും. ഉണ്ണീലി ആകെ വലഞ്ഞു. മനോഹരന്‍ ചേട്ടനോട് ഒരുവിധം കാര്യങ്ങള്‍ പറഞ്ഞു. എങ്കിലും മുഴുവനും പറഞ്ഞതും ഇല്ല.

ഫേസ്ബുക്കില്‍ നിന്നും ഉണ്ണീലി മനോഹരന്‍ ചേട്ടനെ മനസില്ലാ മനസോടെ നീക്കം ചെയ്തു.ഈ സമയം പൂജാരി മനോഹരന്‍ ചേട്ടന്റെ ഫേസ്ബുക്കില്‍ കയറി പരതി.മനോഹരന്‍ ചേട്ടന്റെ പല പോസിലുള്ള വര്‍ണ്ണ കളര്‍ ചിത്രങ്ങള്‍ കണ്ട് പൂജാരിയുടെ കണ്ണ് തള്ളി.മനോഹരന്‍ ചേട്ടന്റെ വീര ശൂര പരാക്രമങ്ങള്‍ മന:സിലാക്കിയ പൂജാരി എങ്ങനെയും ഉണ്ണീലിയെ മനോഹരനില്‍ നിന്നും അകറ്റണം എന്ന് ഉറപ്പിച്ചു.ശശിധരന്‍ ചേട്ടനോട് എങ്ങും തൊടാതെ പറഞ്ഞു "ജര്‍മ്മനിയില്‍ നിന്നും ഉടനൊരു വിസ കിട്ടാന്‍ സാധ്യത കാണുന്നുണ്ട്". ഒരു വിധത്തിലും ഉണ്ണീലിയോട് ബന്ധപ്പെടാന്‍ അവസരം കൊടുക്കാതെ മനോഹരന്‍ ചേട്ടനെ പൂജാരി കോട്ട കെട്ടി തടഞ്ഞു. വളരെ നാളുകള്‍ക്കുശേഷം കണ്ടുമുട്ടിയ സഹപാഠിയോട് നല്ല രീതിയില്‍ ഒന്ന് സംസാരിക്കാന്‍ കഴിയാത്ത വിഷമത്തില്‍ മനോഹരന്‍ ചേട്ടന്‍ വിമാനം കയറി. മനോഹരന്‍ എന്ന മാരണം ഒഴിഞ്ഞ് പോയ സന്തോഷത്തില്‍ പൂജാരിയും, ഇനി ഒരിക്കലും മനോഹരന്‍ ചേട്ടനെ കാണാന്‍ പറ്റില്ലല്ലോ എന്ന സങ്കടത്തില്‍ ഉണ്ണീലിയും കഴിഞ്ഞു.

ഓരോരോ സാന്ത്വന വചനങ്ങളാല്‍ പൂജാരി ഉണ്ണീലിയെ ആശ്വസിപ്പിച്ചു. പൂജാരി അറിയാതെ ഉണ്ണീലി മറ്റു ഫോണുകളില്‍ നിന്നും മനോഹരന്‍ ചേട്ടനുമായി ബന്ധപ്പെടുകയും ആകുലതകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. പൂജാരിയെക്കുറിച്ച് മനോഹരന്‍ നടത്തിയ അന്വേഷണങ്ങള്‍ അദ്ദേഹം ഉണ്ണീലിയുമായി പങ്കുവെച്ചു.ഉണ്ണീലി മാത്രമല്ല നാട്ടിലുള്ള മറ്റ് പല പെങ്ങമ്മാര്‍ക്കും പൂജാരി ആങ്ങള ആണെന്നും അവരുമായി ഒക്കെ പൂജാരിക്ക് ബന്ധമുണ്ടെന്നും ഉണ്ണീലിയെ പറഞ്ഞ് ബോധ്യപ്പെടുത്തി. "ജര്‍മ്മനിയില്‍ ഇരിക്കുന്ന മനോഹരന്‍ ചേട്ടന് അറിയില്ലല്ലോ തന്റെ പ്രയാസം" ഉണ്ണീലി മനസ്സില്‍ ഓര്‍ത്തു. മനോഹരന്‍ ചേട്ടനുമായുള്ള സംസാരത്തിനിടയ്ക്ക് സ്വന്തം ഫോണില്‍ പൂജാരിയുടെ വിളി വന്നു. മനോഹരന്‍ ചേട്ടനെ ഒഴിവാക്കി ഉണ്ണീലി ഫോണ്‍ എടുത്ത് കാതോട് ചേര്‍ത്ത് പ്രേമപുരസരം മൊഴിഞ്ഞു ....."ഹലോ...... "

-----

വാല്‍ക്കഷ്ണം : ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്.ഇത് വായിച്ചിട്ട് ഇത് എന്നെക്കുറിച്ചാണ് എന്നെക്കുറിച്ച് മാത്രമാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ട് എന്റെ നേര്‍ക്ക് കുതിര കേറാന്‍ വന്നേക്കരുത് പറഞ്ഞില്ല എന്ന് വേണ്ട


Join WhatsApp News
Joice thonniamala 2018-04-17 15:16:14
5471
Joice thonniamala 2018-04-17 17:07:54
നമുക്ക് ചുറ്റും , നമ്മുടെ ഇടയിൽ ജീവിക്കുന്ന പുരോഹിത വൃന്ദത്തെയും ഉണ്ണിയാലി മാരെയും, പൊങ്ങച്ചത്തിന്റെ ആൾരൂപങ്ങളായ കുട്ടൻപിള്ളമാരെയും മനോഹരന്മാരെയും വലിച്ചു കീറി വാങ്മയ ചിത്രം തീർത്ത കഥാകാരൻ നര്മത്തിലൂടെ ആത്മിക്ക കള്ള നാണയങ്ങളൂടെ നേർച്ചിത്രം തുറന്നു കാട്ടിയിരിക്കുന്നു !!! എഴുത്തുകാരൻ എന്ന നിലയിൽ ഭാഷയെ അടുക്കിനു ഉപയോഗിക്കാൻ കാണിക്കുന്ന സാമർഥ്യം, തികച്ചും അഭിനന്ദിനിയം ... എല്ലാ ഭാവുങ്ങളും 

ജോയ്‌സ് തോന്നിയാമല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക