Image

പ്രസംഗ കലയെ ആകര്‍ഷകമാക്കിയ മഹാനുഭാവന്‍ (കുരുവിള വര്‍ഗീസ്)

Published on 17 April, 2018
പ്രസംഗ കലയെ ആകര്‍ഷകമാക്കിയ മഹാനുഭാവന്‍ (കുരുവിള വര്‍ഗീസ്)
സി ഐ ജോര്‍ജ്ജച്ചന്‍ മാര്‍ത്തോമ്മാ സഭയിലെ ഗീവര്‍ഗീസ് മാര്‍ അത്തനാസ്യോസ് എപ്പിസ്‌കോപ്പ ആയതിനുശേഷം മാത്രമാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നതും കേള്‍ക്കുന്നതും. പിന്നീടാണ് അദ്ദേഹം എന്റെ സമീപഗ്രാമമായ നെടുമ്പ്രം സ്വദേശിയാണെന്നും, മാത്രമല്ല ഞങ്ങള്‍ ''സൊസൈറ്റി തങ്കച്ചായന്‍'' എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ചിറയില്‍ കണ്ടത്തില്‍ തങ്കച്ചായന്റെ സഹോദരനാണെന്നും മനസിലാക്കുന്നത്. തിരുമേനിയുടെ പ്രസംഗം ആദ്യമായി കേട്ടതുമുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറി.

പ്രസംഗകലയെ ഇത്ര ആകര്‍ഷകമാക്കിയ അധികം പേരുണ്ടാവില്ല. അവധിക്കു വരുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ ഞാന്‍ പോയി കേള്‍ക്കാറുണ്ടായിരുന്നു. പ്രസംഗങ്ങളിലെ ആശയങ്ങളേക്കാള്‍ അതിന്റെ അവതരണരീതിയായിരിക്കും പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തുക. എന്തൊരു അടുക്കും ചിട്ടയിലുമാണ് തനിക്കു പറയാനുള്ളത് കേള്‍വിക്കാരുടെ മനസിലേക്ക് സന്നിവേശിപ്പിക്കുന്നത്. അരോചകമായ വാചാടോപങ്ങളോ അംഗവിക്ഷേപങ്ങളോ അലങ്കാര വൈകൃതങ്ങളുടെ അകമ്പടിയോ ഇല്ലാതെ അദ്ദേഹം കത്തിക്കയറുന്നത് കണ്ടും കേട്ടും നില്‍ക്കാന്‍ പ്രത്യേക സുഖമാണ്. ഒന്നോ രണ്ടോ തവണ പ്രസംഗം കഴിഞ്ഞു അദ്ദേഹവുമായി സംസാരിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ടെന്നും ഓര്‍ക്കുന്നു. സംഘാടകര്‍ സമയം പാലിക്കാതിരുന്നാല്‍ അദ്ദേഹം നീരസപ്പെടും, അതുപോലെ മൈക്ക് നിലവാരം പുലര്‍ത്തിയില്ലെങ്കിലും. നല്ല പ്രഭാഷകന്റെ ഗുണഗണങ്ങള്‍ എന്തൊക്കെ എന്നതിനെപ്പറ്റി അഴിക്കോട് മാഷ് പറഞ്ഞിട്ടുള്ളത് ഈയവസരത്തില്‍ സ്മരണീയമാണ്

''പ്രസംഗം ശ്രോതാക്കളുടെ ഹൃദയത്തില്‍ കടത്തുകയാണ് പ്രാസംഗികന്റെ പ്രധാനമായ ലക്ഷ്യം. ആത്മവിശ്വാസം പ്രഭാഷകന് അത്യാവശ്യമത്രെ. പ്രാസംഗികന്‍ സമസ്ത വിജ്ഞാന നിധിയായിരിക്കണം. ചിന്താശിലവും യുക്തി കുശലതയും പ്രാസംഗികരില്‍ ഒഴിച്ചുകൂടാത്ത ഗുണങ്ങളാണ്. വികാരം, വിജ്ഞാനം എന്നിവയുടെ കൂടെ നില്‍ക്കേണ്ടതാണ് വിചാരം. സ്വരമാണ് പ്രസംഗത്തെ വിജയിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം. അധികം നേര്‍ത്തതോ കനത്തതോ അല്ലാത്ത ഗൗരവമുള്ള പുരുഷ ശബ്ദമാണ് പ്രസംഗത്തിന് ഏറ്റവും പറ്റിയത്. നല്ല വാഗ്മിത്വം മിതവും സാരവുമായ വാക്ക് ഉപയോഗിക്കലാണ്. പ്രത്യുത്പന്നമതിത്വമാണ് (സമയോചിത ബുദ്ധി) പ്രാസംഗികനു വേണ്ട ഒരു പ്രധാന ഗുണം. നല്ല വാഗ്മിത്വം മിതവും സാരവുമായ വാക്ക് ഉപയോഗിക്കലാണ്.''

മാഷിന്റെ ഈ നിര്‍വചനം അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുന്ന ചിലരെയെങ്കിലും കണ്ടുമുട്ടിയിട്ടുണ്ട്. അവരില്‍ ഒരാളാണ് അഭിവന്ദ്യ അത്തനാസിയോസ് തിരുമേനി എന്ന് നിസംശയം പറയാം.

അദ്ദേഹത്തിന്റെ ദേഹവിയോഗം വ്യക്തിപരമായി എന്നെ ഏറെ ദുഖിപ്പിക്കുന്നു. വല്ലപ്പോഴുമാണെങ്കിലും എന്റെ എളിയ ചിന്തകളെ പ്രചോദിപ്പിച്ച എന്നെ സന്തോഷിപ്പിച്ച ആ അനുഗൃഹീത പ്രഭാഷകന്റെ സ്മരണക്കുമുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക