Image

ഇന്റര്‍നെറ്റ് അന്നേ ഉണ്ടായിരുന്നെന്നു മുഖ്യന്‍; ഏറ്റു പറഞ്ഞു ഗവര്‍ണര്‍

Published on 18 April, 2018
ഇന്റര്‍നെറ്റ് അന്നേ ഉണ്ടായിരുന്നെന്നു മുഖ്യന്‍; ഏറ്റു പറഞ്ഞു ഗവര്‍ണര്‍
മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും കൃത്രിമോപഗ്രഹങ്ങളും
ന്യൂഡല്‍ഹി: മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും കൃത്രിമോപഗ്രഹങ്ങളും അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉണ്ടായിരുന്നെന്ന അഭിപ്രായത്തില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സങ്കുചിത മനസ്‌കര്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ അഭിപ്രായത്തിന് പിന്തുണയുമായി ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ്. 'ദിവ്യദൃഷ്ടി', 'പുഷ്പക രഥം' തുടങ്ങി പുരാണേതിഹാസങ്ങളില്‍നിന്നുള്ളി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തഥാഗത റോയിയുടെ അഭിപ്രായപ്രകടനം.  മുഖ്യമന്ത്രി നടത്തിയ അഭിപ്രായപ്രകടനം വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തിലാണ്  പിന്തുണയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

'ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പത്തെ കാര്യമായതിനാല്‍ ശാസ്ത്രത്തിന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് തെളിയിക്കാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍, ലോകത്തിലെ ഏറ്റവും മികച്ചതും ശ്രേഷ്ഠവുമായ രാജ്യമാണ് ഇന്ത്യ എന്ന കാര്യം എല്ലാ ഇന്ത്യക്കാരുടെയും മനസ്സിലുണ്ടാവണം. മറ്റൊരു രാജ്യവും നേടുന്നതിനു മുന്‍പ് എന്റെ രാജ്യത്ത് ഇത്തരം സാങ്കേതികവിദ്യകള്‍ ഉണ്ടായിരുന്നു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. സംശയങ്ങളെല്ലാം മാറ്റിവെച്ച് ഈ സത്യം അംഗീകരിക്കാന്‍ നാം തയ്യാറാവണമെന്നാണ് എനിക്ക് ആവര്‍ത്തിച്ചു പറയാനുള്ളത്'- ബിപ്ലവ് ദേബ് കുമാര്‍ പറഞ്ഞു.

പലരും സങ്കുചിത മനസ്‌കരാണ്. അങ്ങനെയുള്ളവര്‍ക്കാണ് ഇത്തരം സത്യങ്ങള്‍ അംഗീകരിക്കാന്‍ പ്രയാസമുള്ളത്. അവര്‍ സ്വന്തം രാജ്യത്തെ താഴ്ത്തിക്കെട്ടുകയും മറ്റു രാജ്യങ്ങള്‍ മഹത്തരമാണെന്നു വിചാരിക്കുകയും ചെയ്യുന്നതായും ബിപ്ലവ് ദേബ് കുമാര്‍ പറഞ്ഞു.

അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഇന്റര്‍നെറ്റ് എത്തുന്നതിനേക്കാള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 ഇന്റര്‍നെറ്റ് ഇല്ലായിരുന്നുവെങ്കില്‍ എങ്ങനെയാണ് സഞ്ജയന് കുരുക്ഷേത്രയുദ്ധത്തെപ്പറ്റി ധൃതരാഷ്ട്രര്‍ക്ക് വിശദീകരിച്ച് നല്‍കാനാവുക. അതിനര്‍ഥം അക്കാലത്ത് സാറ്റലൈറ്റും ഇന്റെര്‍നെറ്റും ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഈ നാട്ടില്‍ നിലവിലുണ്ടായിരുന്നുവെന്നാണ്- ബിപ്ലബ് ദേബ് പറഞ്ഞു.

ഇത്തരം അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ബിപ്ലബ് ദേബ് പറഞ്ഞു. സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ എന്നവകാശപ്പെടുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരെയാണ് അവരുടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താന്‍ ജോലിക്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'പൗരാണിക കാലത്തെ സംബന്ധിച്ച് സാന്ദര്‍ഭികമായ നിരീക്ഷണങ്ങളായിരുന്നു മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് നടത്തിയത്. ഏതെങ്കിലും തരത്തിലുള്ള പഠനങ്ങളോ ആദിമാതൃകകളോ ഇല്ലാതെ 'ദിവ്യദൃഷ്ടി', 'പുഷ്പക രഥം' തുടങ്ങിയവ പോലുള്ള ഉപകരണങ്ങള്‍ രൂപപ്പെടുത്തുക സാധ്യമല്ല'- തഥാഗത റോയ് ട്വിറ്ററില്‍ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക