Image

പ്രതിക്ഷേധം ഇവിടംകൊണ്ട് നിര്‍ത്തരുത് (രേഖ ഫിലിപ്പ്)

Published on 18 April, 2018
പ്രതിക്ഷേധം ഇവിടംകൊണ്ട് നിര്‍ത്തരുത് (രേഖ ഫിലിപ്പ്)
ആസിഫ എന്ന പെണ്‍കുട്ടിയോട് അവര്‍ ചെയ്ത ക്രൂരത വായിച്ചറിഞ്ഞപ്പോള്‍ മിക്ക ആളുകളുടെയും മനസ്സ് വേദനിച്ചിട്ടുണ്ടാകും. പക്ഷെ ഇതിനു മുന്‍പും കണ്ടിട്ടുള്ളതുപോലെ , ഒരാഴ്ച കൂടിവന്നാല്‍ ഒരു മാസം നമ്മള്‍ ഇത് ചര്‍ച്ചചെയ്യും. നമ്മളുടെ പ്രതിഷേധം നമ്മള്‍ ഫേസ്ബുക് വഴി അറിയിച്ചു. മതത്തെയും , ഭരണകൂടത്തെയും , രാജ്യത്തെ നീതിവ്യവസ്ഥിതിയെയും , രാഷ്ട്രീയക്കാരെയും നമ്മള്‍ കുറ്റപ്പെടുത്തി. ഈ തവണയെങ്കിലും നമ്മള്‍ അവിടം കൊണ്ട് നിര്‍ത്തരുത്. ഇതൊരു അപേക്ഷയാണ്. മനുഷ്യ മനസ്സിന്റെ അധപധനത്തിനിനെ ആണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്.

കാലം ഇത്രയേറെ പുരോഗമിച്ചിട്ടും ടെക്‌നോളജി അല്ലാതെ മനുഷ്യ മനസ്സും അതിലെ ചിന്തകളും മെച്ചപ്പെടുന്നില്ല, മറ്റുപലതിന്റെയും പിന്നാലെ പായുമ്പോള്‍ മനസ്സിന്റെ നന്മ ഇല്ലാതെയാകുകയാണോ? ശരിതെറ്റുകള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടി മനുഷ്യര്‍ ഉണ്ടാക്കിയ മതം , ഇന്ന് പരസ്പരം വെറുക്കാനും, കൊല്ലാനും ആണ് ഉപയോഗിക്കപ്പെടുന്നത്.

ഈ സംഭവത്തിന്റെ അത്രെയും ഭീകരമല്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചൂഷണം ചെയ്യപെടുന്നതായിട്ടു നമ്മള്‍ക്കറിയാം.
ചിലരൊക്കെ ചെറുപ്പം ആയിരുന്നപ്പോള്‍ അങ്ങനെയുള്ള അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാവും. നമ്മളുടെ ഇടയില്‍ ഉണ്ട് ഇത്തരക്കാര്‍ , നമ്മുടെ കുടുംബങ്ങളില്‍, നമ്മളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ . എന്നിട്ടും നമ്മള്‍ അതിനെ പറ്റി ഇന്നും മൗനം പാലിക്കുന്നു. എന്ത് ന്യായികരണമാണ് ഈ
പ്രവണതക്ക് നമ്മുക്ക് നല്കാന്‍ ഉള്ളത് ?

സ്ത്രീകള്‍ക്ക് ഇതൊക്കെ എങ്ങനെ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയുന്നു? സാമൂഹിക സംഘടനകളുടെ നേതൃത്വം വഹിക്കുന്ന സ്ത്രീകള്‍ ഇങ്ങനെയും ചില പ്രശ്‌നങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടെന്നു അംഗീകരിക്കുകയും , ഇതിനെ പറ്റി ഒന്ന് സംസാരിക്കാന്‍ എങ്കിലും തയ്യാറാകണം. ഇതൊക്കെ കണ്ടില്ല എന്ന് വെക്കുമ്പോള്‍ അടുത്ത കുട്ടി പീഡിപ്പിക്കപ്പെടുവാന്‍ നിങ്ങള്‍ കാരണമാവുകയാണ് . സ്ത്രീ സുരക്ഷാ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഈ കാലയളവില്‍ അതിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവര്‍ വേണം സംഘടനാപ്രവര്‍ത്തനങ്ങളില്‍ മുന്‍പോട്ടു വരാന്‍.

എന്റെ മകള്‍ക്കൊരിക്കലും ഇങ്ങനെ ഒന്നും ഉണ്ടാവരുതേ എന്ന് നിങ്ങള്‍ പ്രാര്ഥിച്ചിട്ടുണ്ടെങ്കില്‍ , നിങ്ങളുടെ മകന്‍ നാളെ ആരെയും പീഡിപ്പിക്കരുത്, അത് നിങ്ങളുടെ ഉത്തരവാദിത്വം ആണ്. മതവും രാഷ്ട്രീയവും എല്ലായിടത്തും നുഴെഞ്ഞു കേറി മനുഷ്യത്വം ഇല്ലാതെയാകുകയാണ്. അതിനു വേണ്ടി നമ്മള്‍ ആരോടും തര്‍ക്കിക്കും അതിന് നമ്മള്‍ക്ക് സമയവുമുണ്ട്. അങ്ങനെ ഉള്ളവര്‍ ലജ്ജിക്കുക.

പുരുഷന്മാര്‍ക്ക് പിന്നെ ഇതൊന്നും പേടിക്കേണ്ടല്ലോ പിന്നെ അവര്‍ എന്തിനു മുന്നിട്ടിറങ്ങണം? അതോ നിങ്ങള്‍ ഇതില്‍ തെറ്റൊന്നും കാണുന്നില്ലേ? അമ്മയായും പെങ്ങളായും ഒന്നും കാണേണ്ട ഒരു മനുഷ്യ ജീവിയായെങ്കിലും കണ്ടു ഈ ഭൂമിയില്‍ ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ട് എന്ന് മനസ്സിലാക്കാന്‍ ഇത്രയ്ക്കു ബുദ്ധിമുട്ടാനോ? ഇതൊരു കുറ്റപ്പെടുത്തല്‍ ആയി കാണാതെ, ഇത്തരം പ്രവര്‍ത്തികള്‍ കാണുമ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് പ്രതികരിച്ചിട്ടുള്ളത് എന്ന് ചിന്തിക്കുക.

മലയാളി സമൂഹത്തില്‍ ഒരു അവബോധത്തിനു കാലം അതിക്രമിച്ചിരിക്കുന്നു. ഇതുവരെ ഉള്ളത് അവിടെ നില്‍കട്ടേ, ഇനിയുമങ്ങോട്ടു മെച്ചപ്പെട്ട ചിന്താഗതികള്‍ നമ്മള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ എന്താണ് ചെയ്യേണ്ടത്? നാടിനു വേണ്ടി എന്ത് ചെയ്യാം എന്ന് ചിന്തിക്കുമ്പോള്‍, ശരീരം ഇവിടയും മനസ്സു അവിടെയുമായി ജീവിക്കുന്ന നമ്മളില്‍ നിന്നും ആവട്ടെ ഇതിനൊരു തുടക്കം. ഇത്രെയെങ്കിലും ചെയ്യാന്‍ നമ്മുക്ക് കഴിയണം.
പ്രതിക്ഷേധം ഇവിടംകൊണ്ട് നിര്‍ത്തരുത് (രേഖ ഫിലിപ്പ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക