Image

ലോയയുടെ വിധി; സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ്

Published on 19 April, 2018
ലോയയുടെ വിധി; സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ്
ലോയയുടെ മരണത്തില്‍ സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്ത്. ജസ്റ്റീസ് ലോയയുടെ മരണത്തില്‍ തുടരന്വേഷണമില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് കോണ്‍ഗ്രസ്സ് രംഗത്തെത്തിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഖകരമായ ദിവസമാണിന്നെന്നും ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നതാതാണ് കോടതി വിധിയെന്നും കോണ്‍ഗ്രസ്സ് വിമര്‍ശിച്ചു. 'രാജ്യം ഉത്തരം തേടുന്ന ചോദ്യങ്ങള്‍' എന്നു കാണിച്ചു വാര്‍ത്താക്കുറിപ്പും കോണ്‍ഗ്രസ്സ് പുറത്തിറക്കി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമല്ല ഇരയുടെ പേര് രേഖപ്പെടുത്തുന്നതില്‍ വരെ വൈരുദ്ധ്യങ്ങളാണ് ഉണ്ടായിരുന്നത്. ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളാണ് വിധി അവശേഷിപ്പിക്കുന്നത്. മരണത്തില്‍ ബാഹ്യ ഇടപെടലോ മറ്റു ശ്രമങ്ങളോ ഉണ്ടായോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാനാകൂവെന്നും മരണം സ്വഭാവികമാണോ അല്ലയോ എന്ന് അന്വേഷണത്തിലൂടെയല്ലാതെ എങ്ങനെ പറയാനാകുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

അതേസമയം, സിപിഎമ്മും വിധിയെ ചോദ്യം ചെയ്ത് രംഗത്തുവന്നിരുന്നു. കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. സൊഹ്‌റാബുദീന്‍ കേസിന്റെ വിചാരണക്കിടെയായിരുന്നു ലോയയുടെ മരണം. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ അദ്ദേഹം 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരിലാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

എന്നാല്‍ ലോയയുടെ തലയ്ക്ക് പിന്നില്‍ മുറിവുണ്ടായിരുന്നുവെന്നും ഷര്‍ട്ടിന്റെ കോളറില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്നും മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും സഹോദരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം വിവാദമായത്.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെട്ടിരുന്ന സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ലോയ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക