Image

യാത്രാമൊഴി.(കവിത: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 20 April, 2018
യാത്രാമൊഴി.(കവിത: ജയന്‍ വര്‍ഗീസ്)
( ഇരുപതാം നൂറ്റാണ്ട് വിട പറയുന്നതിന് തൊട്ടുമുന്‍പ് എഴുതിയ ഈ കവിത ' മലയാളം പത്രം ' പ്രസിദ്ധീകരിച്ചപ്പോള്‍, ' ചങ്ങന്പുഴക്കു ശേഷം താന്‍ വായിച്ച ഭാവസാന്ദ്രമായ കവിതയാണി' തെന്ന് യശഃ ശരീരനായ ശ്രീ എം.കൃഷ്ണന്‍നായര്‍ മലയാളം പത്രത്തിലെ ' സാഹിത്യ വാരഫലം ' എന്ന പംക്തിയിലും,  കൈരളിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ രചനകളെ വിലയിരുത്തിക്കൊണ്ട്   ' അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ മുനിവാടങ്ങളില്‍ അക്ഷരങ്ങളുടെ അരണി കടഞ് അഗ്‌നിയുണ്ടാക്കുന്ന കവിയാണ് ജയന്‍ വര്‍ഗീസ് ' എന്ന് ശ്രീ വാസുദേവ് പുളിക്കല്‍ കൈരളി പത്രത്തിലെ ' അഭിമുഖം ' എന്ന ആസ്വാദന പംക്തിയിലും എഴുതി.)

ഇരുപതാം ശതകമേ അഭിവാദനം !
ഇതുവഴി വന്നതിന്നഭിവാദനം !
ഇവിടെയീ കാല പ്രവാഹിനീ തീരത്തെ  
യീറക്കുടിലില്‍, എന്നീറക്കുടിലില്‍....,
അഭിവാദനം....,അഭിവാദനം,....!

കോടി യുഗങ്ങളും, നമ്മളും ഭൂമി ത 
ന്നാരംഭകാലം മുതല്‍ക്കേ, 
തേടിയലഞ്ഞതാണീ യുഗ്മ സംഗമ 
തീരം ! അനശ്വര തീരം.!

എന്റെ മോഹങ്ങളെ മൊത്തിച്ചുവപ്പിച്ച 
ഗന്ധര്‍വ ഗായികേ, കാലമേ..., 
നമ്മൊളൊന്നായി തുഴഞ്ഞൊരീ നാളുകള്‍ 
ക്കെന്തൊരു നിര്‍വൃതിയായിരുന്നു ?!

എന്റെ ഭാവങ്ങളെ തൊട്ടിലിലാട്ടിയ
ബന്ധുരേ, രാഗ ബന്ധുരേ...., 
നിന്‍ മുലക്കാന്പ് നുകര്‍ന്ന്, നുകര്‍ന്നെത്ര 
മന്വന്തരങ്ങള്‍ വളര്‍ന്നു ?!

എന്നുമീ സ്വാന്തന സംഗീത ഭൂമിയില്‍, 
ജന്മാന്തരങ്ങളിലൂടെ,
നിന്‍ മടിത്തട്ടി, ലുറങ്ങി, യുറങ്ങി ഞാന്‍ 
തുന്നിയെടുത്തൊരീ സ്വപ്നം ;

എന്നും മനസ്സിന്‍ നിലവിളക്കില്‍ ഒരു 
സ്വര്‍ണ്ണ ത്തിരിനാളമാക്കി, 
എന്നും കെടാതെ ഞാന്‍ സൂക്ഷിക്കുമേ, നിന്റെ 
മണ്‍ വിളക്കിന്‍ തിരി വെട്ടം !

എന്‍മണി വീണയിലൊന്നിച്ചൊരായിരം 
മന്തോളനങ്ങളായ് വീണ്ടും, 
ഒന്നിച്ചുറങ്ങാന്‍..., ഒരു നിലാത്തുന്പിയായ് 
വിണ്ണില്‍പ്പറന്നു രസിക്കാന്‍, 

ഒന്നിച്ചു വീണു മരിക്കാന്‍, അതിലൂടെ 
യെന്നു, മനശ്വര മാവാന്‍, 
എന്റെ മോഹങ്ങള്‍ വിതുന്പിയെന്‍ മോഹങ്ങ  
ളെന്നെ പൊതിഞ്ഞുണര്‍ത്തുന്‌പോള്‍,

അല്ലയോ ദേവീ, നീ പോകയോ? നിന്‍വഴി  
ക്കെന്നെ തനിച്ചാക്കി ദൂരേ ?
ഇല്ല ! ഞാന്‍ പാടിക്കഴിഞ്ഞില്ലിതേ വരെ 
യെങ്ങു പോകുന്നു നീ ദേവീ ?!

എങ്കിലും തേങ്ങിക്കരഞ്ഞു ഞാന്‍ ചൊല്ലുന്നു,
നന്‍മ, യൊരായിരം നന്മ !
എന്ന് നീ വീണ്ടും വരുമെന്റെ ജീവനില്‍ 
മന്ദഹാസങ്ങള്‍ പരത്തി ?

മന്വന്തരങ്ങള്‍ വിരിയും, യുഗങ്ങളില്‍ 
ജന്മാന്തരങ്ങള്‍ കോഴിയും, 
എന്നുമീ തീരത്ത് കാതോര്‍ത്തിരിക്കും,
നിന്‍ ചിലന്പിന്‍ മന്ദ്ര നാദം.!!

ഇരുപതാം ശതകമേ, അഭിവാദനം,
ഇത് വഴി വന്നതിനഭിവാദനം,!
ഇവിടെയീ കാല പ്രവാഹിനീ തീരത്തെ 
യീറക്കുടിലില്‍, എന്നീറക്കുടിലില്‍...,
അഭിവാദനം ! അഭിവാദനം !!

യാത്രാമൊഴി.(കവിത: ജയന്‍ വര്‍ഗീസ്)
Join WhatsApp News
Sudhir Panikkaveetil 2018-04-20 12:26:20
പ്രിയ ശ്രീ ജയൻ വർഗീസ് - മുമ്പ് വായിച്ച് ആസ്വദിച്ചതാണ് . നല്ല കവിത എന്ന് മാത്രം എഴുതിയാൽ പോരാ വളരെ നല്ല കവിത എന്നെഴുതേണ്ടിയിരിയ്ക്കുന്നു. മാനുഷികവികാരങ്ങൾ അക്ഷരങ്ങളിലൂടെ പ്രകടിക്കുമ്പോൾ  അതിനു കാല്പനികത ആധുനികത എന്നൊക്കെ പേരിട്ട മനുഷ്യർ വെറുതെ കലഹിക്കു ന്നു ഇക്കാലത്ത്. താങ്കൾക്ക് അനുമോദനങ്ങൾ. 
വിദ്യാധരൻ 2018-04-20 13:55:13
നല്ലൊരു കവിതയ്ക്ക്, ആരോ ഈ മലയാളിയിൽ സൂചിപ്പിച്ചതുപോലെ 'എം കൃഷ്ണനായരുടെയോ, അയപ്പ പണിക്കാരുടെയോ 'മുൻ‌കൂർ ജാമ്യം' അത് 'ബുള്ളെറ്റ് പ്രൂഫ്' വെസ്റ്റിന്റെയോ  ആവശ്യമില്ല .  അത് ആത്മ വിശ്വാസം ഇല്ലായ്മയുടെ ലക്ഷണമാണ് . 

ഇവിടെയീ കാല പ്രവാഹിനി തീരത്തെ-
യീറക്കുടിലിൽ എന്നീറകുടിലിൽ ... (2 )
ഇരുപതാം ശതകമേ അഭിവാദനം
ഇതുവഴി വണ്ണത്തിനഭിവാദനം (1 )

എന്ന ഭാഗം വായിച്ചപ്പോൾ എന്റെ ഓർമ്മയിലേക്ക് കടന്നു വന്നത് ഭാവഗീതരചനയുടെ ആശാനായ 'കുമാരനാശാന്റെ 'പ്രാത്ഥന ' എന്ന കവിതയിലെ ചില വരികളാണ് 

"അല്ലെങ്കിലിക്കാടുകൾ വെട്ടിനീക്കി-
യകെത്തെഴുന്നെള്ളുകയെൻകുടിഞ്ഞിൽ 
അരക്ഷണം വിശ്രമമഞ്ചമാക്കി 
യങ്ങെന്റെ ആത്മർപ്പണമിട്ടുകൊൾക''

ഭാവഗീതങ്ങൾ വികാരതിരത്തള്ളലിൽ നിന്ന് ജനിക്കുന്നുവെന്ന് പണ്ഡിതവർഗ്ഗം പറയുമെങ്കിലും, "ഭാവഗീതങ്ങൾക്ക് ഇന്ന് മനുഷ്യന്റെ ഏതുവിധ സാഹിത്യാസ്വാദനത്തേയും പൂർത്തിയാക്കാൻ കഴിയുന്നു . കവിത്വത്തിന്റെ സമ്പൂർണ്ണപ്രകാശനം നിർവ്വഹിക്കാനുള്ള കരുത്ത് ഭാവഗാനങ്ങൾക്കുള്ളതിനാൽ മഹാകവികളെ സൃഷ്ടിക്കാൻ മഹാകാവ്യങ്ങൾ മഹാകാവ്യങ്ങൾ ആവശ്യമില്ലെന്നായിരിക്കുന്നു " (ഡോ. തോന്നയ്ക്കൽ നാരായണൻ -കാവ്യപദങ്ങൾ ) 

ആസ്വാദകരുടെ അന്തർനേത്രങ്ങളെ തുറന്ന് സൗന്ദര്യം പ്രതിഫലിപ്പിക്കുവാൻ നിങ്ങളുടെ കവിതയ്ക്ക് കഴിഞ്ഞിരിക്കുന്നു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക