Image

മനുഷ്യ ജീവനേക്കാള്‍ വിലപ്പെട്ടതാണോ മനുഷ്യനാല്‍ സൃഷ്ടിയ്ക്കപ്പെട്ട വര്‍ഗ്ഗീയത? (എഴുതാപ്പുറങ്ങള്‍: 21 ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 20 April, 2018
മനുഷ്യ ജീവനേക്കാള്‍ വിലപ്പെട്ടതാണോ മനുഷ്യനാല്‍ സൃഷ്ടിയ്ക്കപ്പെട്ട വര്‍ഗ്ഗീയത? (എഴുതാപ്പുറങ്ങള്‍: 21 ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
അനീതികള്‍ക്ക് വര്‍ഗ്ഗീയത അല്ലെങ്കില്‍ മതം ഒരു മറക്കുടയാകാമോ? നീതിന്യായവ്യവസ്ഥയില്‍ പഴുതുകള്‍ ഉണ്ടാകുന്നതെങ്ങനെ? ലഹരി മനുഷ്യനെ ഒരു മൃഗമാക്കുമോ?

വര്‍ഗീയതയുടെ പേരും പറഞ്ഞു താന്‍ കാണിയ്ക്കുന്ന തോന്നിവാസങ്ങള്‍ക്ക് തന്റെ മതം കൂട്ടുനില്‍ക്കുമെന്ന ധൈര്യമോ? അതോ എന്ത് തെറ്റുചെയ്താലും നീതിന്യായവ്യവസ്ഥയുടെ കൈകളില്‍ എത്തിച്ചേര്‍ന്നാല്‍ രാഷ്ട്രീയത്തെയോ, വ്യക്തികളെയോ സ്വാധീനിച്ച് നിയമ നടപടികളില്‍ മതിയായ പഴുതുകള്‍ സൃഷ്ടിച്ച് രക്ഷപ്പെടാമെന്ന ഇന്ത്യക്കാരന്റെ അമിതവിശ്വാസമോ? അതോ ലഹരിയില്‍ മുക്കിയെടുത്ത കാമവെറിയോ? എന്താണ് ജമ്മു കാശമീരില്‍ കഠവയില്‍, വനത്തില്‍ കുതിരയെ അന്വേഷിച്ചുപോയ ആസിഫ ബാനുവിനെ പറഞ്ഞു പറ്റിച്ച് കൊണ്ടുപോയി മയക്കുമരുന്ന് കൊടുത്ത് ഒരു പ്രായപൂര്‍ത്തിയാകാത്ത പൗരന്‍ ഉള്‍പ്പെടെ നാലഞ്ചു പേര്‍ ചേര്‍ന്ന് മതിയാവോളം ലൈംഗിക പീഡനത്തിനിരയാക്കി തല കല്ലിലിടിച്ച് കൊന്നു, വര്‍ഗ്ഗീയ വൈരാഗ്യമെന്നു വിളിച്ചതിനു പുറകിലെ വികാരം? മതമെന്താണെന്നോ, വര്‍ഗ്ഗീയത എന്തെന്നോ തിരിച്ചറിവാകാത്ത ഒരു പിഞ്ചു കുഞ്ഞിനെ വര്‍ഗ്ഗീയതയുടെ പേരില്‍ വളരെ ദാരുണമായി കുരുതികൊടുത്തിരിയ്ക്കുന്നു ഇന്ത്യയില്‍. ഈ സംഭവം മനസ്സാക്ഷിയുള്ള ഓരോ ഇന്ത്യക്കാരനെയും ഞെട്ടിച്ചു. ഈ ഞെട്ടലിന്റെ ചിത കെട്ടണയും മുന്‍പ് ഉത്തര്‍പ്രദേശിലെ 8 വയസ്സുകാരിയെ ഒരു കാമ പിശാച് ലൈംഗികമായി ഉപയോഗിച്ച് ആളൊഴിഞ്ഞ കെട്ടിടത്തില്‍ തല കല്ലിലിടിച്ച് കൊന്നു എന്നും, കുറ്റവാളി തൊട്ടടുത്തു തന്നെ ലഹരിയില്‍ കുളിച്ച് കിടന്നിരുന്നുവെന്നുമുള്ള വാര്‍ത്ത വായിയ്ക്കാന്‍ ഇടയായി. ഇങ്ങനെ ഇന്ത്യയില്‍ എത്രയോ മുകുളങ്ങള്‍ വിരിയും മുമ്പേ ഞെട്ടരിയുന്നു ക്രൂരന്മാര്‍. സ്ത്രീകള്‍ക്ക് തുല്യാവകാശം, സ്ത്രീകള്‍ക്ക് മതിയായ വിദ്യാഭ്യാസം എന്നീ എല്ലാ തലങ്ങളിലും എത്തിപിടിച്ച സ്ത്രീ ഇന്നും ഇന്ത്യയില്‍ സുരക്ഷിതയല്ല എന്നതാണ് സത്യം. ലഹരിയ്ക്കുവേണ്ടി മുത്തികുടിയ്ക്കുന്ന മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പി വലിച്ചെറിയുന്ന ലാഘവത്തോടെയാണ് ഇവിടെ ഉപയോഗപ്പെടുത്തിയതിനുശേഷം പെണ്‍കുട്ടികളെ പുരുഷന്‍ കൊന്നു വലിച്ചെറിയുന്നത്.

വര്‍ഗ്ഗീയതയ്ക്കു ബലികൊടുത്ത ആസിഫ ബാനുവിനുവേണ്ടി ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും മെഴുകുതിരി കത്തിച്ചും സമാധാന റാലികള്‍ നടത്തിയും നീതിയ്ക്കുവേണ്ടി ജനങ്ങള്‍ നിരത്തിലിറങ്ങി. ഏതു വികാരത്തെയും ഹര്‍ത്താലിലൂടെ പ്രതികരിയ്ക്കുന്ന കേരളം സോഷ്യല്‍ മീഡിയയില്‍ കുടി പ്രചരിപ്പിയ്ക്കപ്പെട്ടതോ എന്തായാലും ആസിഫ ബാനുവിനുവേണ്ടിയും ഹര്‍ത്താല്‍ നടത്താനൊരു ശ്രമം നടത്തി അതും മറ്റൊരു ലഹളയ്ക്ക് കാരണമായി. ഇത്തരം പ്രതികരണങ്ങളിലൂട പൊലിഞ്ഞു പോയ കുരുന്നിനെ തിരിച്ചുകിട്ടുമോ? മനുഷ്യമൃഗങ്ങളുടെ നായാട്ടില്‍ ഓരോ വേദനകളുടെ കണങ്ങള്‍ കടിച്ചമര്‍ത്തുംമ്പോഴും ഒരുപക്ഷെ അവള്‍ ആഗ്രഹിച്ചത് ഇതായിരിയ്ക്കാം എന്നെ പിടിച്ചുഞെരുക്കിയ ഈ വിധി ഇനി എന്നെപ്പോലെ ഒരു കുരുന്നിനെയും കാര്‍ന്നുതിന്നാതിരിയ്ക്കട്ടെ.

ഏതു മതത്തിന്റെയും ചിന്താഗതികളും തത്വങ്ങളും മനുഷ്യന് തിന്മവളര്‍ത്തുന്നതല്ല. അതിനെ തനതായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാത്ത മനുഷ്യനിലാണ് തിന്മകള്‍. അതിനാല്‍ മൃഗീയമായ പ്രവര്‍ത്തികള്‍ ഏതു മതത്തിന്റെ ലേബലിലാണെങ്കിലും അനീതിയ്ക്ക് ഒരു മതവികാരങ്ങളും കൂട്ടുനില്‍ക്കരുത്. ഏതു മതക്കാരനാണെങ്കിലും അനീതിയ്‌ക്കെതിരെയുള്ള മനുഷ്യന്റെ പ്രതികരണം മനുഷ്യത്വം മാത്രമാകണം. മത വിദ്വേഷങ്ങള്‍ക്കായി അനീതിയുടെ മാര്‍ഗ്ഗങ്ങള്‍ക്ക് കുട്ടു നില്‍ക്കുന്ന മതങ്ങള്‍ അനീതിയെ ഊട്ടിവളര്‍ത്തുകയാണ്.

ഏതു തീവ്രമായ തെറ്റുകള്‍ ചെയ്താലും നിയമത്തിന്റെ കൈകളില്‍ തത്തിക്കളിച്ച് അതിന്റെ അന്തിമ തീരുമാനത്തിലെത്താന്‍ സമയമെടുക്കുമെന്നതും, ആ കാലത്തിനുള്ളില്‍ സാധ്യമായ രാഷ്ട്രീയത്തിന്റെയോ വ്യക്തികളുടെയോ സ്വാധീനത്താലോ, പണം വലിച്ചെറിഞ്ഞുകൊണ്ടോ നിഷ്പ്രയാസം രക്ഷപ്പെടാമെന്ന ഉറപ്പും ഇത്യയില്‍ ഇത്തരം ക്രൂരപ്രവര്‍ത്തങ്ങള്‍ അരങ്ങേറാന്‍ പ്രേരിയ്പ്പിയ്ക്കുന്നു. ഇവിടെ നിലവിലുള്ള നിയമ വശങ്ങളെ കുറിച്ച് ഗഹനമായ അറിവ് എനിയ്ക്കില്ല എങ്കിലും മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്ന ക്രൂരമായ പ്രവര്‍ത്തികളിലൂടെ ഏല്‍ക്കപ്പെടുന്ന വിങ്ങുന്ന മുറിവുകള്‍ ഉണങ്ങും മുമ്പേ, ഒരു കാരണവശാലും പഴുതുകള്‍ ഉണ്ടാക്കാന്‍ സാധ്യതയില്ലാത്ത കര്‍ശനമായ നിയമങ്ങളിലൂടെ ഒരു പക്ഷെ ദുര്‍വിധിയുടെ ആസിഫകള്‍ ഇവിടെ ജനിയ്ക്കാന്‍ അനുവദിയ്ക്കാതിരിയ്ക്കാം. ക്രൂരപ്രവര്‍ത്തിയില്‍ നിന്നും താല്‍ക്കാലിക സുഖങ്ങളെ കുറിച്ചോര്‍ക്കുന്ന മനുഷ്യന്‍ എന്ന് വിളിയ്ക്കുന്ന മൃഗങ്ങള്‍ സുഖത്തിനുശേഷം വരുന്ന കഠിനമായ ശിക്ഷാനടപടികളെ ഭയക്കുന്ന ഒരു നിയമവ്യവസ്ഥയ്ക്കുവേണ്ടി ഇവിടുത്തെ നിയമങ്ങള്‍ തിരുത്തികുറിയ്‌ക്കേണ്ടിയിരിയ്ക്കുന്നു

എന്താണ് വര്‍ഗ്ഗീയത, മതങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍? എല്ലാം മനുഷ്യന്‍ തന്നെ മനുഷ്യന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കുന്ന കണ്ണികളല്ലേ? ഇവയുടെ കുപ്പായമിട്ടാല്‍ മനുഷ്യനുള്ളിലെ മനുഷ്യത്വത്തെ വെടിയാനാകുമോ? എന്ത് നടന്നാലും അതിനെ മതവത്കരിയ്ക്കുന്നതിലൂടെയും, രാഷ്ട്രീയവത്കരിയ്ക്കുന്നതിലൂടെയും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ അനുകൂലിയ്ക്കുകയാണ് ചെയ്യുന്നത്, മാത്രമല്ല പിന്നീട് ആ കുറ്റത്തിന്റെ പേരില്‍ പരസ്പര കലഹങ്ങള്‍ വ്യാപകമായി പൊട്ടിപുറപ്പെടുന്നു. കുറ്റങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന്റെ പഴുതിലൂടെ മോചിപ്പിച്ച് കൊണ്ടുവന്നു അവരുടെ പിന്തുണയും, പണവും വാങ്ങി, അധികാര കസേരയില്‍ അമര്‍ന്നിരിയ്ക്കുന്ന രാഷ്ടീയം ഇത്തരം പ്രവണതകള്‍ക്ക് കൂടുതല്‍ വളം വെച്ചുകൊടുക്കുന്നതാണ് ഇന്നത്തെ ഇന്ത്യയിലെ പശ്ചാത്തലം.

ആസിഫയുടെ ഈ സംഭവത്തിനുശേഷം സോഷ്യല്‍ മീഢിയയില്‍ ഞാനൊരു സന്ദേശം വായിയ്ക്കാന്‍ ഇടയായി, അതില്‍ ഇങ്ങനെയാണ് എഴുതിയിരിയ്ക്കുന്നത് " എനിയ്‌ക്കൊരു കത്തിവേണം, ഒരു തോക്കു വേണം, ഒരു വടിവാള്‍ വേണം, അനുസരണയുള്ള വേട്ട നായ്ക്കള്‍ വേണം കാരണം എനിയ്‌ക്കൊരു മകളുണ്ട്, അവളെന്റെ ജീവനാണ്" ആരെഴുതിയ സന്ദേശമായാലും ഇത് വായിച്ചതിനുശേഷം ഞാന്‍ ഓര്‍ത്തത് ഇതാണ് ഇത്തരം ഞെട്ടിയ്ക്കുന്ന സംഭവങ്ങള്‍ ദിനംപ്രതി ഇവിടെ അരങ്ങേറിയിട്ടും മനുഷ്യന്‍ അതിനെ സമാധാനപരമായ ഒരു പരിഹാരത്തെക്കുറിച്ചല്ല ചിന്തിയ്ക്കുന്നത് പകരം അക്രമാസക്തമായ ഒരു ചെറുത്തുനില്‍ക്കലാണ് മുന്നില്‍ കാണുന്നത്, അതില്‍ നിന്നും ഇന്ത്യ എത്രമാത്രം ഗുണ്ടായിസത്തിന്റെ നാടായി മാറി എന്നത് പ്രത്യക്ഷമാണ് ഈ മനോഭാവത്തില്‍ തുടരുകയാണെങ്കില്‍ ഇവിടെ ഇനിയും അക്രമങ്ങളും, പരസ്പര വൈരാഗ്യങ്ങളും മൂര്‍ഛിയ്ക്കും. ഓരോന്നിന്റെ പേരിലും ബലിയാടാകുന്ന നിഷ്കളങ്കരായ ആസിഫമാരുടെ പട്ടിക നീണ്ടുപോകും. തുടര്‍ച്ചയായി സംഭവിയ്ക്കുന്ന പിഞ്ചു പെണ്കുട്ടികള്‍ക്കെതിരെയുള്ള കാമവാഴ്ചയ്‌ക്കെതിരെ കുറെ സ്ത്രീകള്‍ 'സ്ത്രീകളുടെ സുരക്ഷാ' എന്നുപറഞ്ഞു മുറവിളികൂട്ടിയതുകൊണ്ടോ, പുരുഷവര്‍ഗ്ഗത്തിനെതിരെ സ്ത്രീശക്തിയായതുകൊണ്ടോ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. പുരുഷന്‍ സ്ത്രീയ്‌ക്കോ, സ്ത്രീയ്ക്ക് പുരുഷനോ ശത്രുക്കളല്ല. പരസ്പരം ബഹുമാനിയ്ക്കുന്ന സ്ത്രീയും പുരുഷനും അടങ്ങുന്നതാണ് സമൂഹം. മനുഷ്യത്വമില്ലാത്ത മൃഗതുല്യരായുള്ള ചില പുരുഷന്മാരുടെ " സ്ത്രീ" എന്ന പദത്തിനോടുള്ള കാഴച്ചപ്പാടു മാറ്റാന്‍ സ്ത്രീകള്‍ക്കൊപ്പം തന്നെ നല്ലവരായ പുരുഷന്മാരും ഒറ്റകെട്ടായി നിന്നില്ല എങ്കില്‍ ആസിഫ ഇന്നനുഭവിച്ചുതീര്‍ത്ത വേദനകള്‍ ഒരുപക്ഷെ നിങ്ങളുടെ മകള്‍ക്കായിരിയ്ക്കാം, അമ്മയ്ക്കായിരിയ്ക്കാം സഹോദരിയ്ക്കായിക്കാം അനുഭവിയ്‌ക്കേണ്ടിവരുന്നത്, പിറന്നു വീണ മതത്തിന്റെ മടിയില്‍ നിന്നുകൊണ്ടുതന്നെ മതസഹിഷ്ണുത മനോഭാവത്തോടെ സ്ത്രീപുരുഷ ഭേദമന്യേ മാനുഷത്വമെന്നതിനു പ്രാധാന്യം നല്‍കി ഒറ്റകെട്ടായി നില്‍ക്കേണ്ട സമയമായി. വരും തലമുറയെ രക്ഷിയ്ക്കാന്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പാറിപറക്കേണ്ടിയിരിയ്ക്കുന്നു.

ഇവിടെ ജനിച്ചു വീഴുന്ന പെണ്‍കുട്ടികള്‍ പുരുഷന് കാമവെറി മാറ്റാനുള്ള ഒരു ഉപകരണമല്ല മറിച്ച് അവള്‍ നാളത്തെ ഓരോ പൗരനും ജന്മം നല്‍കി മുലയൂട്ടി വളര്‍ത്തേണ്ട, ലോകത്തിന്റെ നിലനില്പിനുവേണ്ടി, നാളത്തെ തലമുറയ്ക്കുവേണ്ടി സാക്ഷാല്‍ ജഗദീശ്വരന്‍ സൃഷ്ടിയ്ക്കപ്പെട്ട "ജനനി" യാണവള്‍. ഇവളെ പിച്ചിചീന്താന്‍ ആരെയും അനുവദിയ്ക്കരുത്. ഇന്ത്യയെ ഈ ദുരവസ്ഥയില്‍ നിന്നും രക്ഷിയ്ക്കാന്‍ ജാതിമറന്നു, മതം മറന്നു ലിംഗംഭേദം മറന്നു മനുഷ്യനെന്ന തലകെട്ടില്‍ ഇനിയെങ്കിലും ഒന്നിയ്ക്കാം, ഇനിയൊരു ആസിഫ ബാനുവിന് ഇന്ത്യയില്‍ ജന്മം നല്കാതിരിയ്ക്കാം.
Join WhatsApp News
Mathew V. Zacharia Former N Y Stae Scholl Board Member (1993- 2002) 2018-04-20 10:51:20
I hope and pray justice will prevail. Keep writing for the social awareness. God bless you.
Mathew V. Zacharia, New Yorker.
P R Girish Nair 2018-04-20 12:06:27
ദുഃഖിക്കുന്നു ഞാനും ശ്രീമതി ജ്യോതിലക്ഷ്മിക്കൊപ്പം എനിക്ക് വാക്കുകൾ ഇല്ല ആശ്വസിപ്പിക്കാൻ. പുരുഷവർഗത്തിനു മൊത്തം കളങ്കമായി തുടരുന്നു ലൈംഗിക
ചുഷണം നമ്മുടെ ഭാരത നാട്ടിൽ.  ആരുണ്ട് ചോദിക്കാൻ. ചോദിച്ചാൽ അവരുടെ നാവുപിഴുതീടും. വേലിതന്നെ വിളവ് തിന്നുന്ന കാലം.

ലൈംഗിക അതിക്രമം തികച്ചും മനുഷ്യത്വ വിരുദ്ധമായ ഒരു പ്രവൃത്തി എന്നതിലുപരി ഒരു കുട്ടികളിലും സ്ത്രീകളിലും അവരുടെ സ്വകാര്യതയിലും പരിശുദ്ധിയിലുമുള്ള അന്യായമായ കടന്നാക്രമമാണ്. അവരുടെ മാന്യതക്കും ആത്മാഭിമാനത്തിനുമെതിരായ കടുത്ത പ്രഹരമാണ് അത്. ഇരയെ അത് അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നു. ലൈംഗിക അതിക്രമം നടക്കുന്നത് കുട്ടികളാണെങ്കില് സ്ഥിതി കൂടുതൽ  ദയനീയമാകുന്നു. ശാരീരികമായി മാത്രമല്ല, അവർ മുറിവേല്പിക്കന്നത്. അത് കുട്ടികൾ/സ്ത്രീക്കെതിരെ മാത്രമായ കുറ്റവുമല്ല, മൊത്തം സമൂഹത്തിനെതിരായ കുറ്റമാണ്.  ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഇങ്ങനെയുള്ള  ലൈംഗിക അതിക്രമങ്ങൾ. 

ശ്രീമതി ജ്യോതിലക്ഷ്മിയുടെ എഴുത്തിന്റെ ഉജ്ജ്വലമായ ഭാഷയും  തിളക്കവും ശക്ക്തിയും നന്നായിരിക്കുന്നു. നിങ്ങൾ എഴുത്തുകാർ പ്രതികരിക്കുക.......

Sudhir Panikkaveetil 2018-04-20 12:20:12
വളരെ ശക്തമായ പ്രതികരണം. നിന്റെ കണ്ണുനീരിൽ എന്റെ ചെങ്കോൽ ഒഴുകിപോകുമെന്ന പറഞ്ഞ മുഗൾ ചക്രവർത്തിയെപോലെ, ഭാരതത്തിലെ ഭരണാധികാരികളുടെയും മനസ്സ് ഇളക്കി അവരെ കൊണ്ട് നീതി നടപ്പാക്കാൻ കഴിയും വിധം സമ്മർദ്ദം ചെലുത്തുന്ന ലേഖനം. അഭിനന്ദനം ശ്രീമതി ജ്യോതിലക്ഷ്‍മി നമ്പ്യാർ.
Easow Mathew 2018-04-20 15:31:24
ജ്യോതിലക്ഷ്മിയ്ക്ക് അഭിനന്ദനം! സ്ത്രീപീടനത്തിനെതിരെ മൂര്‍ച്ചയേറിയ വചനങ്ങള്‍ നിറഞ്ഞ ലേഖനം. നാളത്തെ തലമുറയ്ക്ക് ജന്മം നല്‍കേണ്ട 'ജനനി'യായ സ്ത്രീയെ ബഹുമാനത്തോടെയല്ലാതെ നോക്കരുത്. ഈ വാചകം ഓരോ പുരുഷനും തന്റെ ഹൃദയഭിത്തിയില്‍ എഴുതിവയ്ക്കട്ടെ, ഇനിയെങ്കിലും!!                  Dr. Easow Mathew         
G. Puthenkurish 2018-04-20 23:23:51
“We talk about how many women were raped last year, not how many men raped women. We talk about how many girls in a school district were harassed last year, not about how many boys harassed girls. We talk about how many teenage girls in the state of Vermont got pregnant last year, rather than how many boys and men impregnated teenage girls.”  -Jackson Kartz

It is time for us to change the way we talk and bring awareness among men to stop this horrendous  crime  inflicted upon women .    

Kudos to the writer

Jyothylakshmy Nambiar 2018-04-23 00:10:14
Shri Mathew Zacharia, Shri Girish Nair, Shri Sudhir Panikkaveertil, Shri Easow Mathew, Shri Puthenkurish and Shri Andrews 
Thank you very much for your lovely comments and blessings.
Jyothylakshmy Nambiar
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക