Image

മലങ്കര സഭയില്‍ ഒരു വീണ്ടുവിചാരത്തിനു സമയമായി (ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം)

Published on 20 April, 2018
മലങ്കര സഭയില്‍ ഒരു വീണ്ടുവിചാരത്തിനു സമയമായി (ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം)
1934ലെ ഭരണഘടനാപ്രകാരം മലങ്കര സഭയിലെ ഇടവകകള്‍ ഭരിക്കപ്പെടണമെന്നും, ജൂലൈ 3ലെ വിധി മലങ്കരയിലെ എല്ലാ ഇടവകകള്‍ക്കും ബാധകമെന്നും, സര്‍ക്കാര്‍ഭരണസംവിധാനങ്ങള്‍ വിധി നടപ്പിലാക്കുവാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും കഴിഞ്ഞ ദിവസം പിറവം പള്ളി കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുണ്ടായി. ഇവിടെ മലങ്കര സഭാ നേതൃത്വത്തില്‍ നിന്നും ശ്രദ്ധാപൂര്‍വമായ ചില നടപടികള്‍ ഇപ്പോഴാണ് ഉണ്ടാകേണ്ടത് .

സുപ്രീംകോടതി വിധി സ്വാഗതം ചെയ്തുകൊണ്ടുള്ള പ. കാതോലിക്കാ ബാവായുടെ പ്രസ്താവന നല്ലതു തന്നെ. അതോടൊപ്പം മറുഭാഗത്തുള്ളവര്‍ക്ക് ഈ വിധി അനുസരിക്കുവാനും സഭയില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കാനും ഉള്ള സാഹചര്യം ഉണ്ടാകണം. 1934 ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയില്‍ തുടരുവാന്‍ താല്പര്യമുള്ള വിശ്വാസികള്‍ക്കും, വൈദികര്‍ക്കും, എപ്പിസ്‌കോപ്പമാര്‍ക്കും ആ പാതയിലേക്ക് വരുവാനുള്ള സാഹചര്യം ഒരുക്കേണ്ടതായിട്ടുണ്ട്.
ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കുറിക്കുന്നു.

1 . ഇപ്പോള്‍ ആ വിഭാഗത്തു നിന്നും 1934 ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയില്‍ തുടരുവാന്‍ താല്പര്യമുള്ള വൈദീകരെ തല്ക്കാലം ആ ഇടവകയിലോ മറ്റേതെങ്കിലും ഇടവകകളിലോ അസിസ്റ്റന്‍ഡ് വികാരിമാരായി ചുമതല നല്‍കണം.
2 . ഇപ്പോള്‍ ആ വിഭാഗത്തു നിന്നും 1934 ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയില്‍ തുടരുവാന്‍ താല്പര്യമുള്ള മെത്രാച്ചന്മാര്‍ക്കും തല്ക്കാലം അതാതു ഭദ്രാസനങ്ങളിലോ, മറ്റേതെങ്കിലും ഭദ്രാസനങ്ങളിലോ അസിസ്റ്റന്‍മാരായി ചുമതല നല്‍കണം. പിന്നീട് 1934 ലെ ഭരണ ഘടന പ്രകാരം മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുത്തു അംഗീകരിക്കുന്ന മുറക്ക് സ്വതന്ത്ര ചുമതലകള്‍ നല്‍കാവുന്നതാണ്
3 . ആവശ്യമെങ്കില്‍ അതിനായി മലങ്കര അസോസിയേഷന്‍ കൂടി പൊതുധാരണയോടുകൂടി 1934 ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയില്‍ തുടരുവാന്‍ താല്പര്യമുള്ള മെത്രാച്ചന്മാരെ അംഗീകരിച്ചുകൊണ്ട് മലങ്കരസഭയിലെ കക്ഷിവഴക്കുകള്‍ എന്നന്നേക്കുമായി ഇല്ലാതാക്കുവാനുള്ള ഒരു പരിശ്രമം ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടു പ്രാര്‍ഥനാപൂര്‍വം നടപ്പിലാക്കുവാന്‍ മലങ്കര സഭ നേതൃത്വം മുന്‍കൈ എടുക്കണം.
4 . ജൂലൈ 3 ലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കില്‍ പിറവം പള്ളിയുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയോടെ അവയെല്ലാം മാറിക്കിട്ടി. ഇനി അധികകാലം അവര്‍ക്കും പിടിച്ചുനില്‍ക്കുവാന്‍ സാധിക്കില്ല. ബഹു. സുപ്രീംകോടതി വിധികളുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് മലങ്കര സഭാ സമാധാനത്തിനായുള്ള ഒരു പുതിയ പാത വെട്ടിതുറക്കേണ്ടത് മലങ്കര സഭാ നേതൃത്വമാണ്.
5. കോടതി വിധി പ്രകാരം കീഴടക്കലിന്റെയോ, പിടിച്ചടക്കലിന്റെയോ, ഇറക്കിവിടലിന്റെയോ ഭാവം പ്രായോഗിക രീതിശാസ്ത്രമല്ല, ദൈവീകവുമല്ല.
6 . 1934 ഭരണഘടനയിലും സുപ്രിം കോടതി വിധിയിലും അടിസ്ഥാനമിട്ട് സഭയില്‍ ശാശ്വത സമാധാനം ഉണ്ടാക്കുവാന്‍ സ്വത്വര നടപടി ഉണ്ടാകണം. അതിന് കാര്യശേഷിയുള്ളവരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം.
7 . നാളെകളില്‍ ബഹു.സുപ്രിം കോടതി മലങ്കര സഭാ നേതൃത്വത്തോടും, പരിശുദ്ധ കാതോലിക്കാ ബാവായോടും ചോദിക്കുവാന്‍ പോകുന്ന ചോദ്യം ഇതായിരിക്കും. "മലങ്കര സഭാസമാധാനത്തിനായി നിരവധി വിധികള്‍ ഞങ്ങള്‍ പുറപ്പെടുവിച്ചു. ഇരു വിഭാഗങ്ങളിലുമുള്ള വൈദീകരെയും മെത്രാച്ചന്മാരെയും 1934 ലെ ഭരണഘടന അനുസരിച്ചു ഏകോപിച്ചുകൊണ്ടുപോകുവാന്‍ നിങ്ങള്‍ എന്ത് മേല്‍നടപടികളാണ് സ്വീകരിച്ചത് ?"

സഭാ ഐക്യത്തെ പറ്റി പരിശുദ്ധ പാമ്പാടി തിരുമേനി: " ... സഭ വിട്ടുപോകാനല്ല ഏതു തരത്തിലും സഭയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. അതിനുവേണ്ടിയാണ് നാം ഇത് പറയുന്നത്. ഇരുഭാഗത്തുനിന്നും അല്പസ്വല്പം വിട്ടുവീഴ്ചകള്‍ ചെയ്തു ഏതു തരത്തിലെങ്കിലും തമ്മില്‍ യോചിക്കണമെന്നാണ് നമ്മുടെ അഭിപ്രായം. വഴക്കും വ്യവഹാരവും വര്‍ദ്ധിപ്പിക്കാനല്ല നിങ്ങള്‍ ശ്രമിക്കേണ്ടത്. ഈ നോമ്പ് കാലത്ത് സഭയുടെ സമാധാനത്തിനായി നിങ്ങളെല്ലാവരും ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കണമെന്നു നിങ്ങളുടെ സ്‌നേഹത്തോടു നാം നിര്‍ബന്ധിക്കുന്നു.
ഇനിയും മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍പ്പുവിളിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക