Image

സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ അന്തരിച്ചു

Published on 22 March, 2012
സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ അന്തരിച്ചു
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12.15 നായിരുന്നു അന്ത്യം. 76 വയസായിരുന്നു. എഐറ്റിയുസി നേതാവും പശ്ചിമബംഗാള്‍ സ്വദേശിയുമായ ബുലു റോയ് ചൗധരിയാണ് ഭാര്യ.

ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ രാവിലെ ഡയാലിസിസിനും വിധേയനാക്കിയിരുന്നു. ദീര്‍ഘനാളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ തിങ്കളാഴ്ചയാണ് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ക്യാന്‍സര്‍ രോഗത്തിന് കഴിഞ്ഞ മൂന്ന് മാസമായി അദ്ദേഹം ചികിത്സയിലായിരുന്നു. രോഗം ഏറെക്കുറെ ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും പിറവം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും അദ്ദേഹം സജീവമായിരുന്നു. എന്നാല്‍ ഒടുവില്‍ നടത്തിയ പരിശോധനകളില്‍ കരളിലേക്കും ക്യാന്‍സര്‍ ബാധിച്ചതായി വ്യക്തമായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് നെഞ്ചില്‍ അണുബാധയും ഉണ്ടായിരുന്നു. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഇതിനുപിന്നാലെയായിരുന്നു അന്ത്യം.

പുന്നപ്രവയലാര്‍ സമര നായകനായിരുന്ന, വയലാര്‍ സ്റ്റാലിന്‍ എന്ന് അറിയപ്പെട്ടിരുന്ന സി.കെ.കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി 1936 നവംബര്‍ 11 ന് ചേര്‍ത്തലയിലായിരുന്നു ചന്ദ്രപ്പന്റെ ജനനം. ചേര്‍ത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിലുമായി ബിരുദപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

പരമ്പരാഗത കമ്മ്യൂണിറ്റ് കുടുംബത്തില്‍ നിന്നായിരുന്നതിനാല്‍ വിദ്യാര്‍ഥിയായിരുന്ന കാലംമുതല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ചന്ദ്രപ്പന്‍ സജീവമായി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയക്കളരിയിലെത്തിയ അദ്ദേഹം 1956 ല്‍ എഐഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എഐഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റായി. പിന്നീട് പാര്‍ട്ടിയുടെ യുവജന വിഭാഗമായ എഐവൈഎഫിന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥി, യുവജന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ പലതവണ അറസ്റ്റിലായ അദ്ദേഹം തിഹാര്‍ ജയിലിലും കോല്‍ക്കത്ത റെസിഡന്‍സി ജയിലിലും ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. മൂന്നു തവണ പാര്‍ലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക