Image

മാലിയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വിമതസൈനികര്‍ പിടിച്ചടക്കിയതായി റിപ്പോര്‍ട്ട്

Published on 22 March, 2012
മാലിയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വിമതസൈനികര്‍ പിടിച്ചടക്കിയതായി റിപ്പോര്‍ട്ട്
ബമാക്കോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വിമതസൈനികര്‍ പിടിച്ചടക്കിയതായി റിപ്പോര്‍ട്ട്. ഏതാനും മന്ത്രിമാരെ വിമതര്‍ അറസ്റ്റ് ചെയ്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രസിഡന്റ് അമാദു തൊമാനി തോറിനെക്കുറിച്ച് വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.

വിമത സൈനികര്‍ അട്ടിമറി ലക്ഷ്യത്തോടെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ആക്രമണം നടത്തിയ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ കൊട്ടാരം പിടിച്ചെടുത്തതായ വാര്‍ത്തകള്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബുധനാഴ്ച രാത്രി പ്രസിഡന്റിന്റെ സുരക്ഷാസൈന്യവും വിമത സൈനികരും തമ്മില്‍ കടുത്ത ഏറ്റുമുട്ടലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദേശീയ ടെലിവിഷനായ ഒആര്‍ടിഎം പിടിച്ചടക്കിയ വിമതര്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ സംഘര്‍ഷങ്ങളില്‍ തങ്ങളുടെ അതൃപ്തി പ്രകടമാക്കുന്ന ഷോയും ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തിരുന്നു.

രാജ്യത്തു അട്ടിമറി നീക്കം നടക്കുന്നതായി പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥാനത്തിന്റെ ഭാഗിക നിയന്ത്രണം പിടിച്ചെടുക്കാന്‍ വിമതസൈനികര്‍ക്കു കഴിഞ്ഞിട്ടുണ്ട്. വടക്കന്‍ സഹാറയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് മാലി ഭരണകൂടത്തിനു നേരെ തിരിയാന്‍ സൈനികരെ പ്രേരിപ്പിച്ചത്. ദിവസവും നിരവധി പേരാണ് മേഖലയില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്.

വടക്കന്‍ സഹാറയിലെ രണ്ടു ലക്ഷത്തോളം ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ തീവ്രവാദികള്‍ നീക്കം തുടങ്ങിയതോടെ സര്‍ക്കാരിനെതിരെ വിമത സൈന്യം രംഗത്തെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക