Image

സ്‌പോണ്‍സറുടെ ചതിയില്‍പ്പെട്ട് നിയമക്കുരുക്കിലായ ഇന്ത്യക്കാരനെ നവയുഗം രക്ഷിച്ചു.

Published on 21 April, 2018
സ്‌പോണ്‍സറുടെ ചതിയില്‍പ്പെട്ട് നിയമക്കുരുക്കിലായ ഇന്ത്യക്കാരനെ നവയുഗം രക്ഷിച്ചു.
അല്‍ഹസ്സ: സ്‌പോണ്‍സറുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ മൂലം പണവും നഷ്ടമായി ഹുറൂബിലുമായി നിയമക്കുരുക്കിലായ ഇന്ത്യക്കാരനായ തൊഴിലാളി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ശക്തമായ ഇടപെടല്‍ മൂലം, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയേക്ക് മടങ്ങി.



തമിഴ്‌നാട് കന്യാകുമാരി സ്വദേശി വിന്‍സന്റാണ് ദുരിതങ്ങളുടെ ഒരു പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പാണ് വിന്‍സന്റ് അല്‍ഹസ്സയില്‍ ഒരു സൗദി പൗരന്റെ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ ജോലിയ്ക്ക് എത്തിയത്. വളരെ മോശം അവസ്ഥയായിരുന്നു ജോലിസ്ഥലത്ത് ഉണ്ടായിരുന്നത്. വര്‍ക്ക്‌ഷോപ്പില്‍ ജോലി കുറവായിരുന്നു. സ്‌പോണ്‍സര്‍ വിന്‍സന്റിന്  ശമ്പളമോ ഇക്കാമയോ നല്‍കിയില്ല. പുറത്ത് ചില്ലറ പണികള്‍ ചെയ്താണ് വിന്‍സന്റ് നിത്യചിലവിനുള്ള വക കണ്ടെത്തിയത്.

 

അങ്ങനെയിരിയ്ക്കുമ്പോള്‍ അമ്മയ്ക്ക് അസുഖം കൂടുതലായതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന്, വിന്‍സന്റ്

ജോലി മതിയാക്കി നാട്ടില്‍ പോകാന്‍ എക്‌സിറ്റ് നല്‍കാന്‍ സ്‌പോണ്‍സറോട് അപേക്ഷിച്ചു. എന്നാല്‍ ഇക്കാമ പുതുക്കാനും, നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ചിലവുകള്‍ക്കുീ മറ്റുമായി  9000 റിയാല്‍ നല്‍കിയാല്‍ മാത്രമേ എക്‌സിറ്റ് നല്‍കൂ എന്ന് സ്‌പോണ്‍സര്‍  പറഞ്ഞു. 

നാട്ടിലുള്ള അഞ്ചു സെന്റ് സ്ഥലം പണയപ്പെടുത്തി കാശ് കടം വാങ്ങി പറഞ്ഞ തുക സംഘടിപ്പിച്ച് വിന്‍സന്റ് സ്‌പോണ്‌സര്ക്ക് നല്‍കി.

 

എന്നാല്‍  പിന്നീട് അന്വേഷിച്ചപ്പോള്‍, സ്‌പോണ്‍സര്‍ വിന്‌സന്റിനെ ചതിയില്‍ ഹുറൂബ് ആക്കിയതായി  അറിയാന്‍ കഴിഞ്ഞു. സ്‌പോണ്‍സറോട് ഇതിനെച്ചൊല്ലി വഴക്കിട്ടപ്പോള്‍ , അയാള്‍ വിന്‌സന്റിനെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും പുറത്താക്കി. വഴിയാധാരമായ വിന്‍സന്റ് ലേബര്‍ കോടതിയില്‍ സ്‌പോണ്‌സര്‍ക്കെതിരെ കേസ് കൊടുത്തെങ്കിലും, പണം നല്‍കിയതിന് തെളിവില്ല എന്ന കാരണത്താല്‍ അനുകൂലമായ വിധിയൊന്നും ഉണ്ടായതുമില്ല.

 

ജീവിതം വഴിമുട്ടി എന്ത് ചെയ്യുമെന്നറിയാതെ കഴിയുമ്പോഴാണ് ഒരു സുഹൃത്ത് നല്‍കിയ ഫോണ്‍ നമ്പറില്‍ വിന്‍സന്റ് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ ഹുസ്സൈന്‍ കുന്നിക്കോടിനെ ബന്ധപ്പെടുന്നത്. വിന്‍സെന്റിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ഹുസ്സൈന്‍, സാമൂഹ്യപ്രവര്‍ത്തകനായ മണി മാര്‍ത്താണ്ഡവുമൊത്ത് വിന്‍സെന്റിന്റെ സ്‌പോണ്‍സറെ നേരിട്ട് പോയിക്കണ്ട് സംസാരിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പലപ്രാവശ്യം നടത്തിയെങ്കിലും, സ്‌പോണ്‍സര്‍ വഴങ്ങിയില്ല.

 

തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ വിന്‍സന്റ്, അമീര്‍ കോടതിയില്‍ സ്‌പോണ്‌സര്‍ക്കെതിരെ കേസ് കൊടുത്തു. ഹുസ്സൈന്റെയും മണിയുടെയും സഹായത്തോടെ കേസ് നടത്തിയപ്പോള്‍, തന്റെ അവസ്ഥ കോടതിയെ ബോധ്യപെടുത്താന്‍  വിന്‌സന്റിന് കഴിഞ്ഞു. കോടതിയില്‍ കേസ് തോല്‍ക്കുമെന്ന അവസ്ഥ വന്നപ്പോള്‍ സ്‌പോണ്‍സര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. അതുപ്രകാരം സ്‌പോണ്‍സര്‍  നിയമനടപടികള്‍ പൂര്‍ത്തിയാക്കി, ഹുറൂബ് നീക്കി, ഫൈനല്‍ എക്‌സിറ്റ് അടിച്ചിട്ട് പാസ്സ്‌പോര്‍ട്ട് വിന്‌സന്റിന് തിരികെ നല്‍കി.  നവയുഗം അല്‍ഹസ്സയിലെ പ്രവര്‍ത്തകര്‍ പണം സ്വരൂപിച്ച് വിന്‌സന്റിന് വിമാനടിക്കറ്റ് എടുത്തു കൊടുത്തു.



നവയുഗത്തിന് നന്ദി പറഞ്ഞ് വിന്‍സന്റ് നാട്ടിലേയ്ക്ക് മടങ്ങി.


സ്‌പോണ്‍സറുടെ ചതിയില്‍പ്പെട്ട് നിയമക്കുരുക്കിലായ ഇന്ത്യക്കാരനെ നവയുഗം രക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക