Image

പോള്‍ കറുകപ്പിള്ളില്‍; ഫൊക്കാനയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വം

അനില്‍ പെണ്ണുക്കര Published on 21 April, 2018
പോള്‍ കറുകപ്പിള്ളില്‍; ഫൊക്കാനയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വം
അമേരിക്കന്‍ മലയാളി സംഘടനാ സമൂഹത്തില്‍ എപ്പോളും കടന്നു വരുന്ന ഒരു പേരാണ് പോള്‍ കറുകപ്പിള്ളില്‍. ഫൊക്കാനയുടെ ആരംഭകാലം മുതല്‍ ഇന്നു വരെ ഫൊക്കാനയ്‌ക്കൊപ്പം അടിയുറച്ചു നിന്ന വ്യക്തിത്വം.

ഫൊക്കാനയുടെ പിളര്‍പ്പിന്റെ കാലഘട്ടത്തിലെ അത്താണി . ആല്‍ബനി കണ്‍വന്‍ഷന്റെ വിജയശില്പി. ഏല്‍പ്പിക്കുന്ന ജോലികള്‍ സംഘടനയ്ക്ക് വേണ്ടി വളരെ ഭംഗിയായി നിര്‍വഹിക്കുന്ന സംഘടനാ നേതാവ് . അതുകൊണ്ടാണ് ഇദ്ദേഹം ഫൊക്കാനയ്ക്ക് ഒഴിച്ചുകൂടാനാവാത്ത പേരായി മാറുന്നത് .

പദവികള്‍ ചെറുതാണെങ്കിലും, വലുതാണെങ്കിലും ഫൊക്കാനായുടെ തുടക്കം മുതല്‍ സജീവം. വ്യക്തി ജീവിതത്തില്‍ വന്‍ വിജയങ്ങളുടെ ചരിത്രമാണ് പോള്‍ കറുകപ്പിള്ളിക്കുള്ളത്. ഒരു പക്ഷെ അമേരിക്കന്‍ മലയാളി സമൂഹത്തിനുള്ളില്‍ സ്വന്തമായി ഒരു ചരിത്രം സൃഷ്ടിച്ച വ്യക്തി പോള്‍ കറുകപ്പിള്ളില്‍ തന്നെയാകും. 

ഏതു  തിരക്കിനിടയിലും തിരിച്ചറിയുന്ന പ്രവര്‍ത്തന ശൈലിയ്ക്കുടമയാണ് അദ്ദേഹം. ഫൊക്കാനായുടെ പ്രതിസന്ധി ഘട്ടങ്ങള്‍ക്കിടയില്‍ ചിലര്‍ മാറി നില്‍ക്കുകയും, അടക്കം പറയുകയും ചെയ്തപ്പോള്‍ ഒപ്പുമുള്ളവര്‍ക്ക് കരുത്തേകി ഫൊക്കാനയെ നയിക്കുവാന്‍ പോള്‍ കറുകപ്പിള്ളിക്കായത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലികൊണ്ട് മാത്രമാണ് . 

പൊതുജനമാണ് ഒരു പൊതുപ്രവര്‍ത്തകന്റെ സര്‍വ്വസ്വമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആ വിശ്വാസമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ അടിത്തറ . ഇപ്പോള്‍ ഫൊക്കാനയുടെ ജീവകാരുണ്യ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ഫൊക്കാനാ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ . പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 5 മുതല്‍ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ സജീവമായി നില്‍ക്കുന്ന സമയത്തു അദ്ദേഹം E-മലയാളിയുമായി സംസാരിക്കുന്നു .

ചോദ്യം: വളരെ പ്രൗഢമായ ഒരു സാംസ്കാരിക വളര്‍ച്ചയാണ് താങ്കളുടേത് . പലവിധ സംഘടനകളിലൂടെ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ തലപ്പത്തു കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലധികമായി സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. സംഘടനയ്ക്കുള്ളിലെ ചരിത്രമായി മാറിയ താങ്കള്‍ എങ്ങനെയാണു ഫൊക്കാനയെ നോക്കി കാണുന്നത് ?

ഉത്തരം: ഒരു സ്ഥാനവും  ഞാന്‍ ആവശ്യപ്പെട്ട് നേടിയിട്ടുള്ളതല്ല . നന്നായി പ്രവര്‍ത്തിച്ചു , കഷ്ടപ്പെട്ട് നേടിയെടുത്തതാണ് . ഒരു പദവി വേണമെന്ന് പറയുകയോ ആഗ്രഹിക്കുകയോ ചെയ്ത് ഒരു സംഘടനയിലും പോയിട്ടില്ല . അങ്ങനെ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമല്ല ഞാന്‍ . അമേരിക്കയില്‍ എത്തിയ നാള്‍ മുതല്‍ അമേരിക്കന്‍ മലയാളികളുടെ ചെറുതും വലുതുമായ എത്രയോ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവയ്‌ക്കെല്ലാം ഒരു പരിധിവരെ പരിഹാരം കാണുന്നതിന് വേണ്ടി നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട് .

അത് എന്നെ അറിയാവുന്നവര്‍ക്ക് നാണായി അറിയാം. ഫൊക്കാന എന്ന സംഘടന അമേരിക്കന്‍ മലയാളികളുടെ ആദ്യത്തെ സംഘടനകളുടെ സംഘടനയാണ് . അതിനൊരു പ്രോജ്വലമായ ഒരു ചരിത്രം ഉണ്ട് . അത് ആര്ക്കും നിഷേധിക്കാന്‍ ആവില്ല. ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനം , ഭാഷയ്‌ക്കൊരു ഡോളര്‍ തുടങ്ങിയ പദ്ധതികള്‍ ഈ സംഘടനയുടെ സിഗ്‌നേച്ചറുകള്‍ ആണ്. അത് കേരളീയ സമൂഹത്തോട് ചേര്‍ന്ന് പോകുന്ന നന്മകള്‍ ആണ് . ഫൊക്കാനയുടെ തുടക്കം മുതല്‍ കേരളീയ ജനതയുടെ , ദുരിതങ്ങള്‍ അനുഭവിക്കുന്ന സമൂഹത്തിനു താങ്ങും തണലുമായി ഫൊക്കാന ഒപ്പമുണ്ട് . അത് ഇപ്പോളും തുടരുന്നു . അതില്‍ പബ്ലിസിറ്റി സ്റ്റണ്ട് ഇല്ല. പ്രവര്‍ത്തനം മാത്രം . ഈ വര്‍ഷം ഫൊക്കാന ആറിലധികം വീടുകള്‍ ആണ് അശരണരായ ആളുകള്‍ക്ക് നിര്‍മ്മിച്ച് നല്‍കിയത് . ഈ പദ്ധതികള്‍ക്കൊപ്പം ഓരം ചേര്‍ന്ന് ഞാനും അങ്ങനെ പോകുന്നു . അത്രേയുള്ളു

ചോദ്യം: സമീപ കാലത്ത് അമേരിക്കന്‍ മലയാളി സംഘടന ചര്‍ച്ചകളില്‍ പലപ്പോഴും വലിച്ചിഴയ്ക്കുന്ന ഒരു പേരാണല്ലോ താങ്കളുടേത് . ഒരു പക്ഷെ ഒരു പൊതു സ്വഭാവമായി ഇത് വ്യാഖ്യാനിക്കപ്പെടാമെങ്കിലും ഇത്തരം പ്രവണതകളെ എങ്ങനെ വിലയിരുത്തും

ഉത്തരം: ഞാന്‍ എന്നും ഫൊക്കാനയ്‌ക്കൊപ്പമാണ് . ഫൊക്കാനയില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു സ്ഥാനമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ . ഒരു കൂട്ടായ പ്രവര്‍ത്തന ശൈലി ആണ് ഫൊക്കാനയുടേത് . എത്രയോ ആളുകള്‍ പല സംഘടനകളിലും  പദവികള്‍ ഏറ്റെടുത്ത ശേഷം ഒരു പ്രവര്‍ത്തനങ്ങളും കാഴ്ചവയ്ക്കാതെ ഇരിക്കുന്നവര്‍ ഉണ്ട് . എന്റെ പ്രവര്‍ത്തന ശൈലി അങ്ങനെ അല്ല . ആരൊക്കെ പിറകോട്ടു പോയാലും എന്നെ ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഞാന്‍ ഭംഗിയായി നിര്‍വഹിക്കും . അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നവര്‍ കാണുമായിരിക്കും. പ്രവര്‍ത്തിച്ചിട്ട് അഭിപ്രായം പറയുന്നതാണ് എന്റെ സംഘനാ ശൈലി . അതുകൊണ്ടു തന്നെ എനിക്ക് സുഹൃത്തുക്കളെ ഉള്ളു. അവരാണ് എന്റെ ശക്തി . ഫൊക്കാന ആല്‍ബനി കണ്‍ വന്‍ഷന്‍ സമയത്തു ഞാന്‍ ആയിരുന്നു ഫൊക്കാനയുടെ പ്രസിഡന്റ് . ഏറ്റവും പ്രതിസന്ധിയുള്ള സമയം. എന്റെ കൂടെ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ , നേതാക്കന്മാര്‍ എന്നിവരുടെ പിന്തുണയും പ്രോത്സാഹ നവും ആയിരുന്നു ആ കണ്‍വന്‍ഷന്റെ വിജയത്തിനാധാരം . അത് ഇന്നും ഫൊക്കാനയില്‍ നിന്ന് എനിക്ക് ലഭിക്കുന്നു . ഫൊക്കാനയില്‍ പ്രവര്‍ത്തിക്കുന്നതിന് പദവിയുടെ ആവശ്യം ഇല്ല . ഒരു മെമ്പര്‍ഷിപ്പ് മാത്രം മതി

ചോദ്യം: മുന്‍ വര്‍ഷങ്ങളില്‍ നിന്നും മാറ്റം എന്നോണം യുവജനങ്ങള്‍, വനിതകള്‍ പുതിയ പ്രവര്‍ത്തകര്‍ ഒക്കെ ഫൊക്കാനയുടെ പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പുകളില്‍ സജീവമാണല്ലോ . ഇത്തരം ഒരു മാറ്റം പൊതുവെ എല്ലായിടത്തും കാണുന്നുണ്ട് . ഇത് അധികാര വടംവലിക്കും രാഷ്ട്രീയ അരാജകകത്വത്തിനും വഴി തെളിക്കില്ലേ ?

ഉത്തരം: കൂടുതല്‍ ആളുകള്‍ ഫൊക്കാനയുടെ നേതൃത്വ രംഗത്തും  പ്രവര്‍ത്തന മണ്ഡലങ്ങളിലും വരണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എത്രയോ പുതു മുഖങ്ങളെ ഈ സംഘടനയില്‍ കൊണ്ടുവരുവാനും ഫൊക്കാനയുടെ അറിയപ്പെടുന്ന നേതാക്കന്മാരുടെ പട്ടികയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാനും ഫൊക്കാനയുടെ ഓരോ കമ്മിറ്റിയും ശ്രമിക്കാറുണ്ട് . പക്ഷെ ഇവിടുത്തെ പ്രോബ്ലം പലര്‍ക്കും അധികാരം വേണം , പ്രവര്‍ത്തിക്കുവാന്‍ വയ്യ. നിങ്ങള്‍ ഫൊക്കാനയുടെ മുന്‍ നിര നേതാക്കന്മാരെ നോക്കു . മിക്കവാറും എല്ലാവരും ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകര്‍ . അവരുടെ ജോലി, കുടുംബം ഇഅവയൊക്കെ അല്പം മാറ്റിവച്ചിട്ടാണ് പ്രവര്‍ത്തനം. കേരളത്തില്‍ കണ്‍വന്‍ഷന്‍ വയ്ക്കുമ്പോള്‍ ഞങ്ങളൊക്കെ ഓടിപ്പോകുന്നത് കയ്യിലെ പണം കൊണ്ടാണ് . അതിനായി മാറ്റി വയ്ക്കുന്നത് ഞങ്ങളുടെ വിലപ്പെട്ട സമയം ആണെന്ന് ആരും തിരിച്ചറിയുന്നില്ല . ഇതില്‍ നിന്നും ലഭിക്കുന്ന സന്തോഷം മാത്രമാണ് ഞങ്ങളുടെ കൈമുതല്‍ . ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് പുതിയ ആളുകള്‍ വരികയും പുതിയ തലമുറകളുടെ കൈകളിലേക്ക് ഈ പ്രവര്‍ത്തങ്ങള്‍ കടന്നു ചെല്ലണം എന്നും വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍ . അങ്ങനെ ഉണ്ടാകണം, അതാണ് ഫൊക്കാനയുടെ വിജയവും.

ചോദ്യം: ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ , കിക്കോഫ് , മറ്റു പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ ?

ഉത്തരം: കഴിഞ്ഞ രണ്ട് ഫൊക്കാന കണ്‍വന്‍ഷനുകള്‍ ഒന്ന് വിലയിരുത്തു . ചിക്കാഗോ, കാനഡാ കണ്‍വന്‍ഷനുകള്‍ ചരിത്രമായിരുന്നു . ഫിലാഡല്‍ഫിയ കണ്‍വന്‍ഷനും 
ചരിത്രമായിരിക്കും. കിക്കോഫുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നു . ഗെസ്റ്റുകള്‍ ,കണ്‍വന്‍ഷനു എത്തുന്ന കലാകാരന്‍മാര്‍, കലാപരിപാടികള്‍, സാംസ്കാരിക നായകന്മാര്‍ , സാഹിത്യകാരന്മാര്‍ തുടങ്ങിയ വിവരങ്ങള്‍ ഉടന്‍ പബ്ലിഷ് ചെയ്യും. എല്ലാ പ്രവര്‍ത്തനങ്ങളും അതിന്റെ അവസാന ഘട്ടത്തിലേക്ക് ആയിക്കഴിഞ്ഞു . മുന്കാലങ്ങളിലേതു പോലെ വളരെ ചിട്ടയോടുകൂടി സംഘടിപ്പിക്കപ്പെടുന്ന, സംഘാടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന കണ്‍വന്‍ഷന്‍ ആകും വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍

എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും പോള്‍ കറുകപ്പിള്ളി ഫൊക്കാനയുടെ അഭിവാജ്യ ഘടകം തന്നെയാണ് . അത് അദ്ദേഹം തന്റെ പ്രവര്‍ത്തങ്ങളിലൂടെ നേടിയെടുത്ത കരുത്തു കൂടിയാണ് . 1983 ല്‍ സ്ഥാപിതമായ ഫൊക്കാനയുടെ സ്ഥാപക അംഗം മുതല്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്ന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വരെയുള്ള പദവികള്‍ നൂറു ശതമാനം ആത്മാര്‍ത്ഥയോടെയാണ് ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുള്ളത്. ഫൊക്കാനായുടെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി നാല് വര്‍ഷം ഫൊക്കാനാ പ്രസിഡന്റായിരുന്നു. 2006-2008, 2008-2010 വരെ. 1983 മുതല്‍ ഇന്നുവരെ ഫൊക്കാനായുടെ വിവിധ പദവികള്‍ തേടിയെത്തി. അവയെല്ലാം ആത്മാര്‍ത്ഥയോടെ ഏറ്റെടുക്കുന്നതിലുപരി ആത്മാര്‍ത്ഥതയോടെ കര്‍മ്മപഥത്തിലെത്തിക്കുകയും ചെയ്തു.

എന്‍എഫ്‌ഐയുടെ ഡയറക്ടറര്‍ ബോര്‍ഡ് അംഗം, ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ്, ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അമേരിക്കന്‍ സംഘടനാ പ്രവര്‍ത്തകന്‍, തുടങ്ങി നിരവധി പദവികളില്‍ ഇപ്പഴും സജീവമായ പ്രവര്‍ത്തനം. ഹഡ്‌സണ്‍വാലി അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു. കേരളം സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ് ആയിരുന്നു. 1983 മുതല്‍ കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം. 

ഫൊക്കാന പ്രസിഡന്റായി പ്രവര്‍ത്തിച്ചപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു. ഫൊക്കാനയുടെ കേരളത്തിലെ വിവിധ പരിപാടികളില്‍ നിര്‍ദ്ധനരായവരെ സഹായിക്കാന്‍ പുതിയ ആശയങ്ങളും പദ്ധതികളും നടപ്പിലാക്കി. കേരളത്തിലെ വ്യവസായ സംരഭകരെ അമേരിക്കയിലെത്തിച്ച് ബിസിനസ് പദ്ധതികള്‍ക്ക് തുടക്കമിട്ടതും ഇദ്ദേഹം ഫൊക്കാനാ പ്രസിഡന്റായിരിക്കുന്ന കാലഘട്ടത്തിലാണ്. പിന്നീട് മറ്റു സംഘടനകളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് ചരിത്രം. 2010 ല്‍ ആല്‍ബനിയില്‍ നടന്ന ഫൊക്കാനാ കണ്‍വന്‍ഷന്‍ ഒരു പ്രൊഫഷണല്‍ കണ്‍വന്‍ഷനായി മാറിയത് പോള്‍ കറുകപ്പിള്ളിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ്.

സുദീര്‍ഘമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി ട്രാൻസിറ്റിൽ  
 37 വര്‍ഷമായി സൂപ്പര്‍വൈസറായി ജോലി നോക്കുന്ന പോള്‍ കറുകപ്പിള്ളിയുടെ എല്ലാ സംഘടനാ ,സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഭാര്യ ലത കറുകപ്പിള്ളില്‍ മക്കളായ ലീബ, ലിബിന്‍ എന്നിവരുടെ പിന്തുണയുമുണ്ട് 

പോള്‍ കറുകപ്പിള്ളില്‍; ഫൊക്കാനയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വം
Join WhatsApp News
Pravasee malayalee 2018-04-23 20:06:21
Fomma fokana 2 groups ! You are the number one who did it , otherwise we are in one malayalee umbrella, people never forget you! 
Kridhartan 2018-04-24 10:03:52

 We  need  three  associations  ,  waiting for the  third  one

Fokana -  CPM

Foma   -  Congress

????   -   BJP 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക