Image

ലൈംഗിക കുറ്റവാളികളുടെ ഡേറ്റാബാങ്ക്‌ തയ്യാറാക്കാന്‍ കേന്ദ്രം

Published on 22 April, 2018
ലൈംഗിക കുറ്റവാളികളുടെ ഡേറ്റാബാങ്ക്‌ തയ്യാറാക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത്‌ ലൈംഗിക കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ദേശീയതലത്തില്‍ ലൈംഗിക കുറ്റവാളികളുടെ ഡേറ്റാബാങ്ക്‌ തയ്യാറാക്കാനും ഇത്‌ സംസ്ഥാനങ്ങള്‍ക്ക്‌ കൈമാറി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുമാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

ലൈംഗിക കുറ്റവാളികളുടെ പേരും മുന്‍കാല കുറ്റങ്ങളുമെല്ലാം ഉള്‍പ്പെടുന്നതാവും ഡാറ്റാബേസ്‌. കുറ്റവാളികളെ നിരീക്ഷിക്കുക, ഭാവിയിയിലെ കുറ്റകൃത്യം പ്രതിരോധിക്കുക എന്നതാണ്‌ ലക്ഷ്യമിടുന്നത്‌.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടവരെ നിരീക്ഷിക്കാനും മറ്റും നിലവില്‍ ലോകത്തെ ചില രാഷ്ട്രങ്ങളില്‍ ഡാറ്റാബേസ്‌ ഉണ്ട്‌. ഇതോടെ ഇത്തരം എട്ടു രാജ്യങ്ങളുടെ പട്ടികയിലേക്ക്‌ ഇന്ത്യയും ഇടംപിടിക്കും. യുഎസില്‍ ഈ ഡാറ്റകള്‍ പരസ്യരേഖയാണ്‌. എന്നാല്‍ ഓസ്‌ട്രേലിയ, കാനഡ, അയര്‍ലന്‍ഡ്‌, ന്യൂസിലന്‍ഡ്‌, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ്‌ ആന്‍ഡ്‌ ടൊബാഗോ, യുകെ എന്നിവിടങ്ങളില്‍ ഈ വിവരം നിയമപാലന വ്യവസ്ഥകള്‍ക്കു മാത്രമേ ലഭ്യമാവൂ.

സമാന രീതിയിലാവും ഇന്ത്യയിലും ഡാറ്റാബേസ്‌. പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്ക്‌ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം ഭേദഗതി ചെയ്യുന്നതിന്‌ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഈ മന്ത്രിസഭാ യോഗത്തിലാണ്‌ ഡാറ്റാബേസ്‌ തയ്യാറാക്കാനുള്ള തീരുമാനവും ഉണ്ടായത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക