Image

ജെസീക്ക ലാല്‍ വധക്കേസ്‌ പ്രതിയെ വിട്ടയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സഹോദരി

Published on 23 April, 2018
ജെസീക്ക ലാല്‍ വധക്കേസ്‌ പ്രതിയെ വിട്ടയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സഹോദരി


ന്യൂഡല്‍ഹി: ജെസീക്ക ലാല്‍ വധക്കേസിലെ പ്രതിയെ നേരത്തേ വിട്ടയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സഹോദരി സബ്രീന ലാല്‍. സംഭവം നടന്നിട്ട്‌ 20 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. മനു ശര്‍മ എന്നറിയപ്പെടുന്ന പ്രതി സിദ്ധാര്‍ഥ്‌ വസിഷ്‌ഠ്‌ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ തിഹാര്‍ ജയിലിലാണ്‌. മനുശര്‍മ ജയിലില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അയാള്‍ക്ക്‌ മാനസാന്തരം സംഭവിച്ചുവെന്നാണ്‌ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നും ജസീക്ക ലാലിന്‍റെ സഹോദരി സബ്രിന ലാല്‍ വ്യക്തമാക്കി.

മനസ്സുകൊണ്ട്‌ ഞാന്‍ അയാള്‍ക്ക്‌ മാപ്പ്‌ നല്‍കിക്കഴിഞ്ഞു. അയാള്‍ ഇനി ഭാര്യയോടൊപ്പം ജീവിക്കട്ടെ. അയാളോടെനിക്കിപ്പോള്‍ ഒരു ദ്വേഷ്യവും തോന്നുന്നില്ല എന്നും ജയിലിന്‍റെ വെല്‍ഫെയര്‍ ഓഫിസര്‍ക്ക്‌ എഴുതിയ കത്തില്‍ പറയുന്നു.

മനു ശര്‍മയെ വിട്ടയക്കുന്നത്‌ സംബന്ധിച്ചും ഇരകള്‍ക്ക്‌ വേണ്ടിയുള്ള സാമ്‌ബത്തിക സഹായ നിധിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ധനസഹായം ആവശ്യമുണ്ടോ എന്ന്‌ ചോദിച്ചുകൊണ്ടും ജയില്‍ അധികൃതര്‍ എഴുതിയ കത്തിന്‌ സബ്രീന നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യങ്ങളുള്ളത്‌. തനിക്ക്‌ സാമ്‌ബത്തിക സഹായം ആവശ്യമില്ലെന്നും അത്‌ ആവശ്യമുള്ള മറ്റുള്ളവര്‍ക്ക്‌ നല്‍കണമെന്നും സബ്രീന കത്തില്‍ വ്യക്തമാക്കി.

15 വര്‍ഷങ്ങളായി തുറന്ന ജയിലില്‍ കഴിയുന്ന മനു ശര്‍മ തന്നെ നേരത്തേ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ അധികൃതര്‍ക്ക്‌ അപേക്ഷ നല്‍കിയിരുന്നു.

1999ലാണ്‌ ബാര്‍ഗേളായിരുന്ന ജസീക്ക ലാല്‍ മനു ശര്‍മയുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്‌. സ്വകാര്യ പാര്‍ട്ടിക്കിടെ താന്‍ ചോദിച്ചപ്പോള്‍ മദ്യം നല്‍കാത്തതിന്‍റെ ദേഷ്യത്തിലാണ്‌ മനു ശര്‍മ ജസീക്ക ലാലിനെ വെടിവെച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക