Image

ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസില്‍ മുഖ്യപ്രതി നുണ പരിശോധനക്ക്‌ വിസമ്മതിച്ചു

Published on 23 April, 2018
ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസില്‍  മുഖ്യപ്രതി നുണ പരിശോധനക്ക്‌ വിസമ്മതിച്ചു
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസില്‍ നുണ പരിശോധനക്ക്‌ തയാറല്ലെന്ന്‌ പ്രതി. മുഖ്യപ്രതിയെന്ന്‌ സംശയിക്കുന്ന ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ കെ.ടി.നവീന്‍കുമാ(38)റാണ്‌ നുണപരിശോധനക്ക്‌ വിധേയനകാന്‍ വിസമ്മതിച്ചത്‌.

നുണപരിശോധനയക്ക്‌ തയ്യാറാണെന്ന്‌ നവീന്‍ നേരത്തെ ബംഗളൂരു സെഷന്‍സ്‌ കോടതിയെ അറിയിച്ചിരുന്നു. കോടതി അനുവദിച്ചാലും വ്യക്തിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ നുണപരിശോധന പാടില്ലെന്നാണ്‌ നിയമം.

ഏപ്രില്‍ 16നും 30നും ഇടയില്‍ നുണപരിശോധന നടത്താനായിരുന്നു കേസ്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്‌. ഇതിനായി ഏപ്രില്‍ 14ന്‌ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ നവീന്‍കുമാറിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. നുണപരിശോധന നടത്തുമ്പോള്‍ ഉണ്ടാകുന്ന കാര്യങ്ങളെ കുറിച്ച്‌ അന്വേഷണ സംഘം നവീന്‍കുമാറിനെ ബോധ്യപ്പെടുത്തിയപ്പോള്‍ അലറിക്കരഞ്ഞ ഇയാള്‍ ആത്മഹത്യാ ഭീഷണിയും മുഴക്കി.

ഇതോടെയാണ്‌ അന്വേഷണ സംഘം ഈ നീക്കത്തില്‍ നിന്ന്‌ പിന്മാറിയത്‌. തുടര്‍ന്ന്‌ നവീന്‍കുമാറിനെ തിരികെ ജയിലില്‍ എത്തിക്കുകയായിരുന്നു.

ഫെബ്രുവരി 18ന്‌ ബംഗളൂരുവില്‍ നിന്നാണ്‌ നവീന്‍കുമാറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഗൗരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തരത്തിലുള്ള തിരകളും ഇയാളില്‍ നിന്ന്‌ കണ്ടെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക്‌ കൊലപാതകവുമായി ബന്ധമുണ്ടെന്നും തെളിഞ്ഞിരുന്നു. ഗൗരി കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ്‌ വീടിന്‌ മുന്നില്‍ ഇയാള്‍ നിരീക്ഷണം നടത്തിയിരുന്നു.

ഇയാളുടെ കയ്യില്‍ നിന്നു പിടികൂടിയ വെടിയുണ്ടകളിലെ അടയാളപ്പെടുത്തലുകള്‍ ഗൗരിയുടെ ശരീരത്തില്‍ നിന്നു ലഭിച്ചവയുമായി സാമ്യമുള്ളവയാണെന്നും ഇതേ തരത്തിലുള്ള വെടിയുണ്ടകളാണ്‌ പുരോഗമന സാഹിത്യകാരന്‍ കല്‍ബുറഗിയെയും സി.പി.ഐ നേതാവ്‌ ഗോവിന്ദ്‌ പന്‍സാരെയെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നും പോലീസ്‌ കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക