Image

സി.കെ. ചന്ദ്രപ്പന്റെ മൃതദേഹം എംഎന്‍ സ്മാരകത്തില്‍ എത്തിച്ചു

Published on 22 March, 2012
സി.കെ. ചന്ദ്രപ്പന്റെ മൃതദേഹം എംഎന്‍ സ്മാരകത്തില്‍ എത്തിച്ചു
തിരുവനന്തപുരം: ഉച്ചയ്ക്ക് അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ മൃതദേഹം പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ എത്തിച്ചു. 4.20 ഓടെയാണ് മൃതദേഹം എംഎന്‍ സ്മാരകത്തില്‍ എത്തിച്ചത്.

പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും റെഡ് വോളന്റിയര്‍മാരും ചേര്‍ന്നാണ് ആംബുലന്‍സില്‍ നിന്നും മൃതദേഹം പൊതുദര്‍ശനത്തിനായി ഓഫീസിനുള്ളില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്തേക്ക് മാറ്റിയത്. മരണവാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമടക്കം നിരവധി പേര്‍ എംഎന്‍ സ്മാരകത്തിലേക്ക് എത്തിയിരുന്നു. 'സഖാവ് സി.കെ. മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൊഴുകും ചോരയിലൂടെ' എന്ന മുദ്രാവാക്യം വിളികളോടെയാണ് ചന്ദ്രപ്പന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ പ്രവര്‍ത്തകര്‍ അനുഗമിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ചന്ദ്രപ്പന്റെ മൃതദേഹം കിംസ് ആശുപത്രിയില്‍ നിന്നും ഉള്ളൂരിലെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയത്. ഒരു മണിക്കൂറോളം ഇവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം എംഎന്‍ സ്മാരകത്തിലെത്തിച്ചത്.

നാളെ രാവിലെ ഏഴ് മണിയോടെയാണ് എംഎന്‍ സ്മാരകത്തില്‍ നിന്നും മൃതദേഹം ചന്ദ്രപ്പന്റെ സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകുക. സി. ദിവാകരന്‍, കെ. ഇ. ഇസ്മയില്‍ എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളും എംഎന്‍ സ്മാരകത്തിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക