Image

സ്വര്‍ണപ്പണയ നിയന്ത്രണം: ധനകാര്യ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു

Published on 22 March, 2012
സ്വര്‍ണപ്പണയ  നിയന്ത്രണം: ധനകാര്യ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു

മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സ്വര്‍ണപ്പണ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് നിബന്ധനകള്‍ കര്‍ശനമാക്കി. ഇതേതുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടേതടക്കമുള്ള കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു.

പണയം നല്‍കുന്ന സ്വര്‍ണത്തിന്‍െറ മൂല്യത്തിന്‍െറ 60 ശതമാനത്തിലധികം തുക വായ്പ നല്‍കരുതെന്നതാണ് റിസര്‍വ് ബാങ്കിന്‍െറ നിബന്ധനകളില്‍ ഒന്ന്. കൂടാതെ ആകെ ആസ്തിയില്‍ 50 ശതമാനത്തിലധികം സ്വര്‍ണപ്പണയ വായ്പകളുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ 12 ശതമാനം ടയര്‍ ഒന്ന് മൂലധനം സൂക്ഷിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഇത് 2014 ഏപ്രിലിനകം കൈവരിച്ചിരിക്കണം.

സ്വര്‍ണ ബിസ്ക്കറ്റുകള്‍, നാണയങ്ങള്‍ എന്നിവ ഈട് വാങ്ങി വായ്പകള്‍ അനുവദിക്കരുതെന്നും ആര്‍.ബി.ഐ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആകെ ആസ്തിയുടെ എത്ര ശതമാനമാണ് സ്വര്‍ണപ്പണ വായ്പകളെന്ന് ബാലന്‍സ് ഷീറ്റില്‍ വ്യക്തമാക്കണമെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.

ഈ നിബന്ധനകളെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള മൂത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവയടക്കമുള്ള സ്വര്‍ണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലകള്‍ വ്യാഴാഴ്ച്ച കുത്തനെ ഇടിഞ്ഞു. 19.02 ശതമാനം ഇടിവ് രേഖപ്പെടുത്തിയ മുത്തൂറ്റ് ഫിനാന്‍സിന്‍െറ ഓഹരി വില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. മണപ്പുറം ഫിനാന്‍സിന്‍െറ ഓഹരി വില ഇടപാടുകളുടെ തുടക്കത്തില്‍ തന്നെ 13 ശതമാനത്തോളമാണ് ഇടിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക