ലണ്ടന്‍: ജിഎംഎ ചാരിറ്റി ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന സ്നേഹാഞ്ജലി 2018, ഏപ്രില്‍ 28 ന് (ശനി) ഗ്ലോസ്റ്റര്‍ഷെയറിലേ സര് തോമസ് റിച്ച് ഗ്രാമര്‍ സ്കൂളില്‍ നടക്കും.
ജിഎംഎ കുടുംബാംഗങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി അകാല ചരമമടഞ്ഞ ഞങ്ങളുടെ പ്രിയപെട്ടവരെ ഓര്‍മിക്കുന്ന ഒരു ദിനവും കൂടിയാണ് സ്നേഹാഞ്ജലി. വിവിധ കലാ പരിപാടികള്‍ക്കൊപ്പം ജിഎംഎ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും പുരുഷകേസരി സ്റ്റേജ് ഷോയും പരിപാടിയുടെ ഭാഗമായിരിക്കും.
മറ്റു സംഘടനകളില്‍നിന്നും ഏറെ വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ജിഎംഎ, കേരളത്തിലെ ഒരു ജില്ലാ ആശുപത്രിക്കുവേണ്ടിയുള്ള സഹായമാണ് ചെയ്തു കൊടുക്കുന്നത്. ഈ വര്‍ഷം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പത്തനംതിട്ട ജില്ലാ ആശുപത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. കേരളത്തില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥക്ക്, കഴിയും വിധം ഒരു പരിഹാരമായി മാറുന്നതാണ് ജിഎംഎ യുടെ ഈ രംഗത്തെ പരിശ്രമങ്ങള്‍.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായും ശൈലിയായും മാറ്റിയ ജിഎംഎ അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണം മാത്രമാണ് കഴിഞ്ഞ എട്ടു വര്‍ഷമായി സുഗമമായി നടന്നു വരുന്ന ഈയൊരു സ്വപ്ന പദ്ധതിയുടെ വിജയ തന്ത്രം.