Image

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ ബ്രിട്ടന്‍ മാപ്പു പറഞ്ഞു

Published on 24 April, 2018
ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ ബ്രിട്ടന്‍ മാപ്പു പറഞ്ഞു

ലണ്ടന്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു ലണ്ടനില്‍ നടന്ന പ്രതിഷേധത്തിനിടെ ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ചതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയോടു മാപ്പു പറഞ്ഞു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ക്ഷമാപണം നടത്തിയത്.

ബ്രിട്ടീഷ് പാര്‍ലമെന്റ് സ്‌ക്വയറിലായിരുന്നു സംഭവത്തിനാധാരം. കഠുവ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകര്‍ ദേശീയ പതാക കീറുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തിരുന്നു. ഇതിനിടെ ചില ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണവുമുണ്ടായിരുന്നു. മോദി ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധത്തില്‍ യുകെയിലെ സിഖ് സംഘടനകളും പാക്കിസ്ഥാന്‍ സംഘടനകളും പങ്കാളികളായിരുന്നു. 

ജനങ്ങള്‍ക്ക് സമാധനപരമായി പ്രതിഷേധം നടത്താന്‍ അവകാശമുണ്ടെങ്കിലും കുറച്ച് പേര്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ ചെയ്ത നടപടിയില്‍ തങ്ങള്‍ക്ക് നിരാശയുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ യശ്വര്‍ദ്ധന്‍ കുമാര്‍ സിംഗ് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിക്കെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പ്രതികരിച്ചിട്ടില്ല. ഭരണകക്ഷി എംപിയായ ബോബ് ബ്ലാക്ക് മേന്‍ പ്രതിഷേധത്തില്‍ അപലപിക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക