Image

പൊതുമാപ്പ് അവസാനിച്ചു; വ്യാപക പരിശോധനയുമായി വിവിധ മന്ത്രാലയങ്ങള്‍

Published on 24 April, 2018
പൊതുമാപ്പ് അവസാനിച്ചു; വ്യാപക പരിശോധനയുമായി വിവിധ മന്ത്രാലയങ്ങള്‍

കുവൈത്ത് സിറ്റി : അനധികൃത താമസക്കാര്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്നലെ വൈകിട്ടോടെ അവസാനിച്ചു. വര്‍ഷങ്ങളായി വീസയും മറ്റു രേഖകളുമില്ലാതെ കഴിയുന്ന വിദേശികള്‍ക്ക് നിയമവിധേയമായി രാജ്യം വിടുവാനുള്ള സൗകര്യം ജനുവരി 29 നായിരുന്നു ആരംഭിച്ചത്. തുടക്കത്തില്‍ ഒരു മാസത്തേക്ക് മാത്രം പ്രഖ്യാപിച്ച ആനുകൂല്യം രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. 

അനൗദ്യോഗിക കണക്കു പ്രകാരം ഒന്നര ലക്ഷത്തോളം പേര്‍ താമസ രേഖകളിലാതെ കുവൈത്തില്‍ കഴിയുന്നുണ്ട്. 27,000 ഇന്ത്യക്കാരാണ് അനധികൃത താമസക്കാരായി രാജ്യത്തുകഴിഞ്ഞിരുന്നത്. ഇതില്‍ ഏകദേശം 15,000 പേര്‍ നാട്ടിലേക്ക് തിരിച്ചുപോവുകയും 5000 പേര്‍ പിഴയടച്ച് താമസരേഖകള്‍ നിയമവിധേയമാക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്കായി 11,000 ഔട്ട്പാസുകളാണ് ഇന്ത്യന്‍ എംബസി വിതരണം ചെയ്തത്

തുടക്കത്തില്‍ നിരവധി ആളുകളാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ പ്രവാസി മലയാളി സംഘനകള്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കിയും അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്ത് എംബസി ജീവനക്കാരും ഊര്‍ജസ്വലതയോടെയായിരുന്നു പൊതുമാപ്പിനെ വരെവേറ്റത്. 

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോയവരെ കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും സാന്പത്തിക ബാധ്യതാ കേസുകള്‍ ഉള്ളവര്‍ക്കും മാത്രമാണ് പൊതുമാപ്പ് ഉപയോഗിക്കുവാന്‍ സാധിക്കാതിരുന്നത്. മൂന്നു മാസം പൊതുമാപ്പ് ലഭിച്ചിട്ടും അവസരം പ്രയോജനപ്പെടുത്താതിരുന്നവരോട് യാതൊരുവിധ അനുകന്പയും കാണിക്കുകയില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ എല്ലാ മന്ത്രാലയങ്ങളെടെയും നേതൃത്വത്തില്‍ വ്യാപകമായ പരിശോധനയാണ് നടക്കുകയെന്നും ഒരു അനധികൃത താമസക്കാരനെ പോലും രാജ്യത്ത് തങ്ങുവാന്‍ അനുവദിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക