Image

രവിയുടെ ഓര്‍മ്മ മന്ത്രിക്കുന്നത് (ഡി. ബാബു പോള്‍)

Published on 25 April, 2018
രവിയുടെ ഓര്‍മ്മ മന്ത്രിക്കുന്നത് (ഡി. ബാബു പോള്‍)
കേരളകൗമുദി വായിച്ചുതുടങ്ങിയിട്ട് അറുപത്തിയഞ്ചിലേറെ സംവത്സരങ്ങളായിരിക്കുന്നു. പെരുമ്പാവൂരില്‍ ഇരങ്ങാള്‍കാവിനെ ചുംബിച്ച് അലസമായി കിടക്കുന്ന ചീങ്ങോളങ്ങരപ്പാടം കടന്നാല്‍ കുറുപ്പുംപടി ആയി. അവിടെ ചാഴിപ്പപ്പന്റെ മുറുക്കാന്‍ കടയിലാണ് ഈ പത്രം വരിക. സി.പി.ഐയുടെ പ്രാദേശിക നേതാവായിരുന്നു പത്മനാഭന്‍. പൊക്കമില്ല. വണ്ണം പൊക്കത്തിനൊപ്പം. ചാഴിയുമായി ചാഴിക്കാടനുള്ള ബന്ധം പോലും പത്മനാഭന് ഉണ്ടായിരുന്നില്ല. നാട്ടിന്‍പുറം അല്ലേ ഏതോ ഒരു രസികന്‍ വിളിച്ചു. നാട് ഏറ്റുവിളിച്ചു. പത്മനാഭന്‍ ചിരിച്ചു പേര് ഉറച്ചു.

പഠിക്കാന്‍ വന്നത് തിരുവനന്തപുരത്ത്, സി.ഇ.ടിയില്‍. തിരുവനന്തപുരത്ത് അന്നും ഇന്നും കേരളകൗമുദിയാണ് ബൈബിള്‍. ആ അവസ്ഥ സൃഷ്ടിച്ചത് പത്രാധിപരാണ്. അത് നിലനിറുത്തിയത് പത്രാധിപരുടെ മക്കളും.

മക്കളില്‍ മണിയാണ് എന്റെ പ്രായം. മണി നന്നേ ചെറുപ്പത്തില്‍ പത്രപ്രവര്‍ത്തകനായി. സി.ഇ.ടിയില്‍ മധു (എം.എസ്. മധുസൂദനന്‍) എനിക്ക് കനിഷ്ഠനായി. ശ്രീനിയും രവിയും എന്റെ റാഡാറിലെത്തിയത് വളരെ കാലം കഴിഞ്ഞിട്ടാണ്.

തന്നിലിളയവരുടെ വിയോഗത്തിന് സാക്ഷിയാവേണ്ടി വരുന്നതാണ് മനുഷ്യജീവിതത്തിലെ വലിയ ദുഃഖം. ആ ദുഃഖത്തിന്റെ നിഴലില്‍ ഇരുന്നാണ് ഇത് കുറിക്കുന്നത്. മധു പോയി. ശ്രീനി പോയി. ഇപ്പോള്‍ ഇതാ രവിയും പോയി.

രവിയെ കാണുമ്പോഴൊക്കെ എനിക്ക് പത്രാധിപരെ ഓര്‍മ്മവരുമായിരുന്നു. ആകാരസാമ്യം കൊണ്ടായിരുന്നില്ല അത്. പത്രാധിപരില്‍ ഞാന്‍ ആദ്യം ശ്രദ്ധിച്ച അനിതരസാധാരണമായ വിനയം രവിയിലും നിര്‍വചനാത്മക സ്വാധീനം കണക്കെ വിളങ്ങിയിരുന്നു.

ടൈറ്റാനിയത്തില്‍ മാനേജിംഗ് ഡയറക്ടറായിരുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്.

ടൈറ്റാനിയത്തിന്റെ നല്ല കാലം. അവിടത്തെ തൊഴിലാളികളെ നഗരവാസികള്‍ രാജകുമാരന്മാരായി കണ്ടിരുന്ന കാലം. ആണ്ടുതോറും ഒരു വലിയ ഡയറി അച്ചടിപ്പിച്ചിരുന്നു. അച്ചുതമേനോനെയും ടി.വി. തോമസിനെയും ചീഫ് സെക്രട്ടറിയെയും നേരില്‍ കണ്ടാണ് എം.ഡി ഡയറി സമ്മാനിക്കുക. മറ്റുള്ളവര്‍ക്കൊക്കെ കൊമ്പ് എത്രയുണ്ടെങ്കിലും കൊടുത്തയ്ക്കുകയേ ഉള്ളൂ. ടി. മാധവമേനോന്റെ ഋഷിതുല്യമായ നിസംഗതയും പത്മകുമാറിന്റെ ദിവാന് തുല്യമായ ആത്മവിശ്വാസവും സൃഷ്ടിച്ച ആ പാരമ്പര്യമാണ് നാട്ടിന്‍പുറത്തുകാരനായ ഞാനും പിന്തുടര്‍ന്നത്.

അന്നൊരുനാള്‍ ടെലിഫോണിന്റെ ബസര്‍. രാമസ്വാമിയാണ് എന്റെ െ്രെപവറ്റ് സെക്രട്ടറി. 'സര്‍, പത്രാധിപര്‍ വിളിക്കുന്നുണ്ട്.' തിരുവനന്തപുരത്ത് കെ. സുകുമാരന്‍ എന്ന് ആരും കൂട്ടിച്ചേര്‍ത്തിരുന്നില്ല. പത്രാധിപര്‍ സമം പത്രാധിപര്‍. അത്രതന്നെ. അപ്പുറത്ത് നിന്ന് ഒരു ശബ്ദം. 'ഗുഡ് മോണിംഗ് സര്‍'. പത്രാധിപരുടെ, രാമസ്വാമി' എന്ന് ധരിച്ച ഞാന്‍ അഞ്ചുകൊല്ലം കളക്ടറായിരുന്ന ഗൗരവത്തില്‍ കല്പിച്ചു. ശരി പത്രാധിപര്‍ക്ക് കൊടുക്ക്' അപ്പോഴാണ് തിരുവത്താഴമേശയില്‍ ശിഷ്യന്മാരുടെ കാല്‍ കഴുകിയ വിനയത്തിന് മരണം ഇല്ല എന്ന് ഞാന്‍തിരിച്ചറിഞ്ഞത്. സര്‍ ഇത് ഞാന്‍തന്നെ സുകുമാരന്‍' ഞാന്‍ തളര്‍ന്നുപോയി എന്നൊന്നും പറയുന്നില്ല. എങ്കിലും ജാള്യം തോന്നുകയും അത് ഭംഗിയായി മറച്ചുവയ്ക്കുകയും ചെയ്തു എന്ന് ഞാന്‍ ഓര്‍മ്മിക്കുന്നു. ഡയറി കൊടുത്തയച്ചതിന് നന്ദി പറയാനാണ് മുഖ്യമന്ത്രിമാരെ ഭയപ്പെടുത്താന്‍ പോന്ന ആ നാവ് അത്ര വിനയത്തോടെ ചലിച്ചത്. ഞാന്‍ വന്നുകണ്ടുകൊള്ളാം സാര്‍' എന്ന് പറഞ്ഞ് ആ ദൂരഭാഷണം അവസാനിപ്പിച്ചു.

വൈകാതെ പോയി മുഖം കാണിച്ചു. അമ്മയും മാധവി സുകുമാരന്‍ ഉണ്ടായിരുന്നു. പഴയ വിദ്യാര്‍ത്ഥി നേതാവിനെക്കുറിച്ച് മണിയോ മധുവോ പറഞ്ഞിട്ടുണ്ടാവാം. മണിയുടെയും മധുവിന്റെയും സുഹൃത്തായിട്ടാണ് ആ മാതാപിതാക്കള്‍ എന്നെ കണ്ടത്. എന്റെ മാതാപിതാക്കളില്‍ നിന്ന് എന്നും കിട്ടിയ വാത്സല്യമാണ് ആ വീട്ടില്‍ നിന്നും അന്നും പിന്നീടും എനിക്ക് കിട്ടിയത്.

പത്രാധിപര്‍ ടൈറ്റാനിയം വ്യവസായത്തെക്കുറിച്ചും കരിമണലിന്റെ അനന്തസാദ്ധ്യതകളെക്കുറിച്ചും വാചാലനായി. ഇടുക്കി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ അഭിനന്ദിച്ചുകൊണ്ട് തൊഴില്‍ രംഗത്തെക്കുറിച്ച് പറയാന്‍ തുടങ്ങി. ഞാന്‍ വിനീതനായ വിദ്യാര്‍ത്ഥിയെ പോലെ മിണ്ടാതിരുന്നു. കയറിയപ്പോള്‍ ഉണ്ടായിരുന്ന അറിവിന്റെ ഇരട്ടിയുമായിട്ടാണ് ഞാന്‍ ഇറങ്ങിയത്.

പിന്നീട് പലപ്പോഴും ഞാന്‍ ആ കട്ടിളപ്പടി കടന്നു. ഓരോ പ്രാവശ്യവും ആദ്യധാരണകള്‍ ഉറച്ചു.
രവിയിലും ഇതേ ഗുണങ്ങള്‍ കണ്ടതുകൊണ്ടാണ് പത്രാധിപരുടെ കാര്യം വിശദമായി പറഞ്ഞത്. വിനയവുംഅറിവും. ഇന്നലെ ദീപുവിനോടും ഞാനിതുതന്നെ പറഞ്ഞു

രവിയുടെ കമ്പം യന്ത്രങ്ങളായിരുന്നുവല്ലോ. ആയിക്കൊള്ളട്ടെ. അത് അവിടെഒതുങ്ങിയില്ല. ഒരു പത്രാധിപര്‍ക്ക് ഇഷ്ടവിഷയത്തില്‍ മാത്രം ഒതുങ്ങാനാവുമോ എന്നാല്‍ യന്ത്രത്തിന്റെ ലോകത്തില്‍ പണിചെയ്യുമ്പോള്‍ ചീഫ് എഡിറ്ററെയും വര്‍ക് ഷോപ്പിലെ സാദാവര്‍ക്കറെയും തിരിച്ചറിയുക സുകരമായിരുന്നില്ല. രണ്ടുപേരുടെ കൈയിലും കാണും ഓരോ സ്പാനര്‍! എന്നുവച്ച് രവി ആരാണെന്ന് രവിക്ക് അറിയുമായിരുന്നില്ലെന്നൊന്നും ധരിച്ചുപോകരുത്. ബൈബിള്‍ കിനാവ് കാണുന്ന വിദൂരഭാവിയില്‍ സിംഹവും ആട്ടിന്‍കുട്ടിയും സഹവര്‍ത്തിക്കുന്നതിനെക്കുറിച്ച് പറയുന്നതാണ് ഓര്‍മ്മവരുന്നത്. സിംഹം സിംഹമായും ആട്ടിന്‍കുട്ടി ആട്ടിന്‍കുട്ടിയായും തന്നെ ആണ് തുടര്‍ന്നും ജീവിക്കുന്നത്. സിംഹം ആട്ടിന്‍കുട്ടിയെ സംരക്ഷിക്കാനും ആട്ടിന്‍കുട്ടി സിംഹസാന്നിദ്ധ്യത്തില്‍ അഭിരമിക്കാനും തുടങ്ങുമ്പോഴാണ് സ്വര്‍ഗരാജ്യത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും ഉയിരെടുക്കുന്നത്. രവിക്ക് ജീവനക്കാരുമായുള്ള ബന്ധത്തെ നിര്‍വചിച്ചത് ഈ ദര്‍ശനമായിരുന്നുവെന്ന് കൗമുദിയിലെ ചില ചെറുപ്പക്കാര്‍ ഇന്നലെയും മിനിയാന്നും ആയി എന്നോട് പറഞ്ഞു.

ഈഴവസമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പത്രാധിപര്‍ കാണിച്ച ജാഗ്രത രവിയും കാണിച്ചു. അത് ഒരിക്കലും ഈഴവര്‍ക്ക് വേണ്ടി മാത്രം ആയിരുന്നില്ല. 'ഈഴവരാദി പിന്നാക്കവിഭാഗങ്ങള്‍' എന്നതായിരുന്നു എന്നും പത്രാധിപരുടെയും രവിയുടെയും ചിന്ത. എവിടെ ഒരു ദളിതന്‍ ആക്രമിക്കപ്പെട്ടാലും അവിടെ കൗമുദി അവനൊപ്പം ഉണ്ടാവുമെന്നതിന് കഴിഞ്ഞ നൂറ് കൊല്ലത്തെ ചരിത്രം ആണല്ലോ ഒന്നാംസാക്ഷി; പി ഡബ്ലിയു വണ്‍.

ആ ജാഗ്രത ഒരിക്കലും നായര്‍ക്കോ ക്രിസ്ത്യാനിക്കോ എതിരായിരുന്നില്ല. വര്‍ത്തമാനകാലത്ത് കേള്‍ക്കുന്ന ഒരു പദം ഉണ്ടല്ലോ. ഇന്‍ക്ലൂസീവ് അതായിരുന്നു പത്രാധിപര്‍ മക്കളെ പഠിപ്പിച്ച പരിപ്രേഷ്യം.

മാറ്റങ്ങള്‍ നിര്‍വചനരാഗമായിരിക്കുന്ന കാലത്താണ് ദീപു ചുമതലയേല്‍ക്കുന്നത്. രവി മനസില്‍ കണ്ടത് മുന്നോട്ട് കൊണ്ടുപോകാന്‍ അടുത്ത തലമുറയ്ക്ക് കഴിയട്ടെ. 'അഭിപ്രായം ഇരുമ്പുലയ്ക്കയല്ല' എന്ന പ്രശസ്തവാക്യം സി.വി. കുഞ്ഞുരാമനെതിരെ ഉപയോഗിക്കുന്നത് ചരിത്രം പഠിക്കാത്തവരാണ്. അഭിപ്രായം ഇരിമ്പുലയ്ക്കയായാല്‍ ലോകത്തില്‍ പുരോഗതി ഉണ്ടാവുകയില്ല. അഭിപ്രായങ്ങളും ആശയങ്ങളും നിരന്തരം പരിണാമവിധേയമാകണം. അടിസ്ഥാനതത്വങ്ങള്‍ മാറുകയില്ല എന്നും കാലാതീതസത്യങ്ങളുടെ കാലികപരാവര്‍ത്തനങ്ങള്‍ മാറാതിരിക്കരുത് എന്നും കേരളകൗമുദിയുടെ ചരിത്രം കുറിച്ചിട്ട ചുവരില്‍ തന്റെ ഹ്രസ്വമായ ജീവിതം കൊണ്ട് സ്വന്തം കൈയൊപ്പ് ചാര്‍ത്തി രേഖപ്പെടുത്തിയിട്ടാണ് രവി പോയിട്ടുള്ളത്.

അറബിയില്‍ ഒരു പഴഞ്ചൊല്ല് ഉണ്ട്. അല്‍ വലദു സിര്‍റു അബീഹി. പിതാവിന്റെ പൊരുള്‍ പുത്രനാണ്. രവി അത് തെളിയിച്ചു. ദീപുവിനും ദര്‍ശനും ആ പാത പിന്തുടരാന്‍ കഴിയട്ടെ.

വായുരനിലമമൃതം,അഥേദം ഭസ്മാന്തം ശരീരം,ഓം ക്രതോസ്മരകൃതം സ്മര, ക്രതോസ്മരകൃതം സ്മരം.പ്രാണവായു പ്രപ&്വംിഷ;ഞ്ചവായുവില്‍ ലയിച്ചുകഴിഞ്ഞു. പിന്നീട് ശരീരം ഭസ്മമായി അവസാനിക്കുകയും ചെയ്തു. ചിന്താധീനനായ മനുഷ്യാ, പരേതന്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ ഓര്‍മ്മിക്കുക.

രവി കേരളകൗമുദിയുടെ പ്രചോദനവും വെല്ലുവിളിയും ആയിരിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക