Image

അരിസോണയില്‍ ടിപിര്‍നേനി തോറ്റു; ഇനിയും മല്‍സര രംഗത്ത് ഒട്ടേറെ ഇന്ത്യാക്കാര്‍

Published on 25 April, 2018
അരിസോണയില്‍ ടിപിര്‍നേനി തോറ്റു; ഇനിയും മല്‍സര രംഗത്ത് ഒട്ടേറെ ഇന്ത്യാക്കാര്‍
അരിസോണയില്‍ വലിയ പ്രതീക്ഷകളുണര്‍ത്തി കോണ്‍ഗ്രസിലേക്കുള്ള സ്‌പെഷല്‍ ഇലക്ഷനില്‍ മല്‍സരിച്ച ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഡോ. ഹിരല്‍ ടിപിര്‍നേനി പരാജയപ്പെട്ടു. വിജയിച്ച ഡെബി ലാസ്‌കോക്ക് (റിപ്പബ്ലിക്കന്‍) 52.6 ശതമാനവും ടിപിര്‍നേനിക്കു 47.4 ശതമാനവും വോട്ട് ലഭിച്ചു. ടിപിര്‍നേനി ജയിക്കുമെന്നാണു പൊതുവെ കരുതിയിരുന്നത്. 

തോറ്റുവെങ്കിലും റിപ്പബ്ലിക്കന്‍ ക്യാമ്പില്‍ കടുത്ത ആശങ്ക ഉണര്‍ത്തിയാണുഅവര്‍ പരാജയപ്പെട്ടത്.
പ്രസിഡന്റ് ട്രമ്പിനെ വലിയ മാര്‍ജിനില്‍ തുണച്ച ഈ മണ്ഡലത്തില്‍ ആദ്യമായി മല്‍സരിക്കുന്ന ഇന്ത്യാക്കാരി വെല്ലുവിളി ഉയര്‍ത്തിയത് റിപ്പബ്ലിക്കന്‍ നേത്രുത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

അതേ സമയം ഈ വര്‍ഷം കോണ്‍ഗ്രസിലെക്കും മറ്റും റെക്കോര്‍ഡ് നമ്പര്‍ സ്ഥാനാര്‍ഥികളാണു മല്‍സരിക്കുന്നത്. പലര്‍ക്കും രാഷ്ട്രീയ പാരമ്പര്യമോ പൊതു സേവന ചരിത്രമോ ഇല്ല. ചിലയിടത്ത് വേറെ സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാല്‍ നേര്‍ച്ച കോഴിയെ പോലെ ഇന്ത്യാക്കാരെ നിര്‍ത്തിയിട്ടുമുണ്ട്.

ന്യു ജെഴ്‌സിയില്‍ ആറാം കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റില്‍ നിന്നു രണ്ടാം വട്ടം ജനവിധി തേടുന്ന മലയാളിയായ പീറ്റര്‍ ജേക്കബിനു എതിരാളിയായി ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഇന്ത്യന്‍ വംശജനായ ഗ് തം ജൊയിസുമുണ്ട്.

കോണ്‍ഗ്രസിലേക്കു വിവിധ സ്റ്റേറ്റുകളിലായി 20-ല്‍ പരം ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥികള്‍. അതില്‍ എത്ര പേര്‍ വിജയിക്കും?നിലവിലുള്ള കോണ്‍ഗ്രസംഗങ്ങളായ ഡോ. അമി ബേര, റോ ഖന്ന (ഇരുവരും കാലിഫോര്‍ണിയ) രാജാ ക്രിഷ്ണമൂര്‍ത്തി (ഇല്ലിനോയി) മലയാളിയായ പ്രമീള ജയപാല്‍ (വാഷിംഗ്ടണ്‍-സിയാറ്റില്‍) എന്നിവര്‍ വിജയിക്കുമെന്നുറപ്പണ്. മെരിലാന്‍ഡില്‍ നിന്നു അരുണാ മില്ലര്‍ വിജയിക്കുമെന്നു കരുതുന്നു. മറ്റുള്ളവരുടെ വിജയ സാധ്യതഉറപ്പില്ല. ടിപിര്‍നേനിയിലായിരുന്നു വലിയ പ്രതീക്ഷ.

കോണ്‍ഗ്രസിലേക്കു മാത്രമല്ല ഇന്ത്യാക്കാര്‍ നോട്ടമിട്ടിരിക്കുന്നത്
യു.എസ്. സെനറ്റിലേക്കു മാസച്ചുസെറ്റ്‌സില്‍ നിന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനു ശിവ അയ്യാദുരൈ മല്‍സരിക്കുന്നു. ഈമെയില്‍ കണ്ടു പിടിച്ചത് അയ്യാദുരൈ ആനെന്നു കരുതുന്നുണ്ട്.

സ്റ്റേറ്റു ഗവര്‍ണര്‍ സ്ഥാനത്തേക്കും ഉണ്ട് ഇന്ത്യാക്കാര്‍. കണക്ടിക്കട്ടില്‍ ഗവര്‍ണറായി മല്‍സരിക്കുന്ന മലയാളിയായ ഡോ. പ്രസാദ് ശ്രീനിവാസന്‍ നാലു തവണയായി സ്റ്റേട് ഹ് സ് അംഗമാണു. പൊതുജന സേവന പ്രാമ്പര്യം ഉണ്ടെന്നര്‍ഥം. റിപ്പബ്ലിക്കനാണ്.ഡെമോക്രാറ്റിക് പ്രൈമറിയില്‍ മല്‍സരിക്കുമെന്നു പ്രഖാപിച്ച ഇന്ത്യന്‍ അമേരിക്കന്‍ വനിത ഡിറ്റ ഭാരഗവ ഇപ്പോല്‍ സ്റ്റേറ്റ് ട്രഷററായി മല്‍സരിക്കുന്നു. അവര്‍ക്കും പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ട്. ഇപ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്റ്റേറ്റ് വൈസ് ചെയറാണ്.

മിഷിഗണില്‍ ഇന്ത്യന്‍ വംശജനായ ശ്രീ താനേദാര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഒരു കൈ നോക്കുന്നു. വമ്പന്‍ പരസ്യങ്ങളും മറ്റും നല്കി അദ്ധേഹം ജനശ്രദ്ധ പിടിക്കുന്നു. 

കാലിഫോര്‍ണിയ ഗവര്‍ണറാകാന്‍ ഇന്ത്യന്‍ വംശജനായ ഒരു 22-കാരനുമുണ്ട്. സ്വതന്ത്രനാണു ശുഭം ഗോയല്‍. സാന്‍ ഫ്രാന്‍സിസ്‌കോ കമ്പനിയില്‍ വിര്‍ച്വല്‍ റിയാലിറ്റി മാനേജറാണെന്നതാണു യോഗ്യത.

മെരിലാന്‍ഡില്‍ ഗവര്‍ണറാകാന്‍ ശ്രീലങ്കന്‍ വംശജയായ ക്രിഷന്തി വിഗ്നരാജയും പ്രൈമറിയില്‍ ഒട്ടേറെ സ്ഥാനാര്‍ഥികളില്‍ ഒരാളാണ്

ഇനി ഇവരില്‍ എത്ര പെര്‍ വിജയിക്കുമെന്നാണു അറിയേണ്ടത്. വിജയ സാധ്യത തീരെ ഇല്ലാത്ത സ്ഥാനാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കണോ എന്ന ചോദ്യവും ഉയരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക