Image

ഒളിച്ചോടുന്ന തൊഴിലാളി മറ്റൊരു ജോലിസ്ഥലത്ത്‌ നിന്ന്‌ പിടിക്കപ്പെട്ടാല്‍ സ്‌പോണ്‍സര്‍ക്ക്‌ നഷ്‌ടപരിഹാരം ലഭിക്കും

Published on 22 March, 2012
ഒളിച്ചോടുന്ന തൊഴിലാളി മറ്റൊരു ജോലിസ്ഥലത്ത്‌ നിന്ന്‌ പിടിക്കപ്പെട്ടാല്‍ സ്‌പോണ്‍സര്‍ക്ക്‌ നഷ്‌ടപരിഹാരം ലഭിക്കും
ദുബായ്‌: ഒളിച്ചോടുന്ന തൊഴിലാളി മറ്റൊരു ജോലിസ്ഥലത്ത്‌ നിന്ന്‌ പിടിക്കപ്പെട്ടാല്‍ സ്‌പോണ്‍സര്‍ക്ക്‌ 5,000 ദിര്‍ഹം നഷ്ടപരിഹാരം ലഭിക്കുന്ന സംവിധാനം ദുബൈയില്‍ നിലവില്‍ വന്നു. എന്നാല്‍, തൊഴിലാളി ഒളിച്ചോടിയെന്ന്‌ യഥാസമയം അറിയിക്കുന്ന സ്‌പോണ്‍സര്‍ക്ക്‌ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

ഒളിച്ചോടിയ തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ തൊഴിലെടുക്കുകയും അവിടെ നിന്ന്‌ പിടിക്കപ്പെടുകയും ചെയ്യുമ്പോഴാണ്‌ സ്‌പോണ്‍സര്‍ക്ക്‌ നഷ്ടപരിഹാരം ലഭിക്കുക. മറ്റൊരു സ്‌പോണ്‍സര്‍ക്ക്‌ കീഴിലുള്ള തൊഴിലാളിക്ക്‌ ജോലി നല്‍കിയെന്ന്‌ കണ്ടെത്തിയാല്‍ തൊഴിലുടമ 50,000 ദിര്‍ഹം പിഴയായി നല്‍കണം. കോടതിയില്‍ അടക്കുന്ന ഈ തുകയില്‍ നിന്നാണ്‌ ആദ്യ സ്‌പോണ്‍സര്‍ക്ക്‌ നഷ്ടപരിഹാരമായി ഇതില്‍ നിന്ന്‌ 5,000 ദിര്‍ഹം നല്‍കുക. തൊഴിലാളികള്‍ അനധികൃതമായി രാജ്യത്ത്‌ കഴിയുന്ന പ്രവണത ഇല്ലാതാക്കുന്നതിന്‌ രൂപം നല്‍കിയ കുടിയേറ്റ നിയമത്തിലെ 34ാം വകുപ്പ്‌ സമ്പൂര്‍ണമായി നടപ്പാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ താമസകുടിയേറ്റ പ്രോസിക്യൂഷന്‍െറ മേധാവിയും സീനിയര്‍ ചീഫ്‌ പ്രോസിക്യൂട്ടറുമായ അലി ഹുമൈദ്‌ ബിന്‍ ഖാതിം പറഞ്ഞു.

ദുബൈ അവീറിലെ താമസകുടിയേറ്റ പ്രോസിക്യൂഷന്‍ സന്ദര്‍ശിച്ച ദുബൈ അറ്റോര്‍ണി ജനറല്‍ ഇസ്സാം ഈസ അല്‍ ഹുമൈദാനാണ്‌ പുതിയ സംവിധാനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. ടെക്‌നിക്കല്‍ ഓഫിസ്‌ അഡ്വക്കേറ്റ്‌ ജനറല്‍ ഖലീഫ ബിന്‍ ദീമാസും സന്നിഹിതനായിരുന്നു.
ഇതിനാവശ്യമായ സാങ്കേതിക സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌പോണ്‍സര്‍ക്ക്‌ തൊഴിലാളികളെ എത്തിക്കാന്‍ വരുന്ന വന്‍ ചെലവ്‌ ലഘൂകരിച്ചു നല്‍കുകയാണ്‌ ലക്ഷ്യമെന്നും ഇസ്സാം ഈസ അല്‍ ഹുമൈദാന്‍ പറഞ്ഞു.

സ്‌പോണ്‍സര്‍ക്ക്‌ നഷ്ടപരിഹാരം ലഭിക്കാന്‍ ചില നിബന്ധനകള്‍ പാലിച്ചിരിക്കണമെന്ന്‌ അലി ഹുമൈദ്‌ ബിന്‍ ഖാതിം ചൂണ്ടിക്കാട്ടി. തൊഴിലാളി ഒളിച്ചോടിയ വിവരം യഥാസമയം പരാതിപ്പെടുക, ഒളിച്ചോടിയ തൊഴിലാളിയുടെ സ്‌പോണ്‍സര്‍ താനാണെന്ന്‌ തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം. തൊഴിലാളിയെ മറ്റൊരിടത്ത്‌ നിന്ന്‌ പിടികൂടും മുമ്പ്‌ ഒളിച്ചോടിയെന്ന പരാതി നല്‍കിയിരിക്കണം. പുതിയ തൊഴിലുടമ തൊഴിലാളിയെ അനധികൃതമായിട്ടാണ്‌ ജോലിക്ക്‌ നിര്‍ത്തിയതെന്ന്‌ കോടതി അന്തിമമായി വിധിക്കുകയും വേണം. ഈ തൊഴിലുടമ പിഴ കോടതിയില്‍ അടച്ചുകഴിയുമ്പോള്‍ സ്‌പോണ്‍സര്‍ക്ക്‌ നഷ്ടപരിഹാരം വാങ്ങാനാവശ്യപ്പെട്ടുള്ള അറിയിപ്പ്‌ ഔദ്യാഗികമായി നല്‍കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി ഒളിച്ചോടുന്നതിനെ തുടര്‍ന്ന്‌ സ്‌പോണ്‍സര്‍ക്ക്‌ പലപ്പോഴും സാമ്പത്തിക നഷ്ടം സംഭവിക്കാറുണ്ടെന്നും അത്‌ മറികടക്കാനുള്ള സഹായമായാണ്‌ ഇത്‌ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക