Image

കേരളത്തിന്റെ വികസനത്തിനു പിന്നില്‍ അമേരിക്കന്‍ മലയാളികളുടെ പങ്ക് വിസ്മരിക്കാനാവില്ല : റോജി എം ജോണ്‍ എം.എല്‍.എ

അനില്‍ പെണ്ണുക്കര Published on 26 April, 2018
കേരളത്തിന്റെ വികസനത്തിനു പിന്നില്‍ അമേരിക്കന്‍ മലയാളികളുടെ പങ്ക് വിസ്മരിക്കാനാവില്ല : റോജി എം ജോണ്‍ എം.എല്‍.എ
കേരളത്തിന്റെ വികസനത്തിനു പിന്നില്‍ അമേരിക്കന്‍ മലയാളികളുടെ പങ്ക് വിസ്മരിക്കാനാവില്ലന്നു അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ എം .എല്‍ .എ .ഇന്ത്യ പ്രസ്സ് ക്ലബ്ബിന്റെ ഈ പ്രവര്‍ത്തനവര്‍ഷത്തെ പരിപാടികളുടെ ഉത്ഘാടനത്തിനു ഫ്‌ളോറിഡയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് ഇ -മലയാളിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഏതു വികസന രംഗം എടുത്തു നോക്കിയാലും വിദേശ  മലയാളികളുടെ പങ്ക് അതിലുണ്ടാകും. പ്രവാസികള്‍ക്ക്  പലപ്പോഴും നാടിന്റെ വികസന പ്രക്രിയയില്‍ പങ്കാളികള്‍ ആകുവാന്‍ അവസരം ലഭിക്കാറുണ്ട് .അവര്‍ നാട്ടില്‍ വരുമ്പോള്‍ തന്നെ തേടിയെത്തുന്ന അശരണര്‍ക്കും ആലംബഹീനര്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായം,മറ്റു സഹായങ്ങള്‍ ഒക്കെ നാടിന്റെ വികസനകളുടെ ഭാഗമാകുന്നു.അതില്‍ എന്നെ പോലെയുള്ള ജനപ്രതിനിധികള്‍ക്ക് അതിയായ സന്തോഷം ഉണ്ട് .

കേരളനിയമസഭയിലെ കോണ്‍ഗ്രസ്സിന്റെ യുവ ശബ്ദമാണ് റോജി എം ജോണ്‍ . അതിലുപരി കോണ്‍ഗ്രസ്  അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്തും.രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശപ്രകാരം  2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍  അങ്കമാലി സീറ്റില്‍ അവസാന നിമിഷം മത്സരത്തിനെത്തിയ റോജി ജോണിനെ അങ്കമാലിക്കാര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഇടതു പക്ഷത്തിന്റെ സിറ്റിംഗ്  സിറ്റി അട്ടിമറി വിജയത്തിലൂടെയാണ് കെ എസ യുവിലൂടെ  രാഷ്ട്രീയ രംഗത്തേക്കു കടന്നു വന്ന റോജി ജോണ്‍ പിടിച്ചെടുത്തത് , എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി  യൂണിയന്‍ കൗണ്‍സിലര്‍, നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ ശോഭിച്ച പാരമ്പര്യവുമായാണ്  അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങിയത് .തന്റെ രാഷ്ട്രീയവും,സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.

ചോദ്യം;കെ.എസ്.യു വിലൂടെ രാഷ്ട്രീയ രംഗത്തേക്കു കടന്നു വന്ന റോജി ജോണ്‍ പെട്ടന്ന് അങ്കമാലിയിലെ  സ്ഥാനാര്‍ഥി ആകുകയായിരുന്നല്ലോ .
രാഹുല്‍  ഗാന്ധിയുടെ വലം കൈ ആണ് താങ്കള്‍ എന്നൊക്കെ  അന്നും ഇന്നും പറഞ്ഞു കേള്‍ക്കുന്നു .അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ ഒരു യുവ ശബ്ദമായി തന്നെ നിലകൊള്ളുകായും ചെയ്യുന്നു. നാളത്തെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ നേതാവ് എന്ന നിലയില്‍ ഇപ്പോഴത്തെ കേരള ,കേന്ദ്ര രാഷ്ട്രീയം എങ്ങനെ വിലയിരുത്തുന്നു ?

ഉത്തരം;വളരെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കേരളം ഇന്ന് കടന്നു പോകുന്നത്.കേരളത്തില്‍ കൂടി വളരെ സ്വര്യമായി നടന്നുപോകുവാന്‍ ഒരു സാധാരണക്കാരന് സാധിക്കുന്ന സമയം ആണോ ഇപ്പോള്‍ ഉള്ളത്.എത്രയെത്ര കൊലപാതകങ്ങള്‍,കസ്റ്റഡി മരണങ്ങള്‍ തുടങ്ങി കേരളം കണികണ്ട് ഉണരുന്നത് നന്മയല്ല ,തിന്മ ആണെന്ന് പറയേണ്ടി വരുന്നു. ഒരു വിദേശ വനിത വളരെ ദുരൂഹ ചാഹചര്യത്തില്‍ കാണാതായ കഥ കേട്ടിട്ട് ഒരു മാസം . കഴിഞ്ഞ ദിവസം അവരുടെ മൃത ശരീരം ലഭിച്ചു.ഇന്നത്തെ വാര്‍ത്ത  അവരുടെ മരണം ഒരു കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നാണ് .ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറഞ്ഞു  അഭിമാനിച്ചിരുന്നു നമ്മള്‍. ഇപ്പോള്‍ അത് സാത്താന്റെ നാടായി മാറിക്കഴിഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു സമ്പൂര്‍ണ്ണ പരാജയമായി  മാറിക്കഴിഞ്ഞു. ഏതു രംഗത്താണ്  ഭരണം നടക്കുന്നത് .കേരളത്തിന്റെ ആഭ്യന്തിര മന്ത്രി ആരാണ്. കേരളത്തില്‍ രണ്ടുരൂപയ്ക്കു അരി നല്‍കിയ സര്‍ക്കാര്‍ ആയിരുന്നു കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍. ഇപ്പോള്‍ വയറു നിറയെ അരിയാഹാരം കഴിക്കുവാന്‍ പറ്റുന്നുണ്ടോ. കേരളത്തിലെ സാധാരണക്കാരന്റെ മനസ് അറിഞ്ഞ സര്‍ക്കാര്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ എന്ന് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. അതിന്റെ പ്രതിഫലനം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍  പോകുന്നു . പിന്നെ ഈ അവസ്ഥകള്‍ വിശദീകരിക്കേണ്ട സാഹചര്യം ഇല്ല.വിദേശമലയാളികള്‍ക്കു ഇതെല്ലാം അറിവുള്ള കാര്യം ആണല്ലോ. കേന്ദ്രത്തിന്റെ കാര്യം പറയാനില്ല. നമ്മുടെ ഭാരതം ലോകത്തിനു മാതൃക ആയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. സമീപകാലത്തു ജാതിയുടെ പേരില്‍ നടന്ന കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ നമ്മള്‍ വളരെ അഭിമാനത്തോടെ പറഞ്ഞിരുന്ന മതേതരത്വം ജാതിക്കാറ്റില്‍ പറന്നു പോയിരിക്കുന്നു. അച്ഛാ ദിന്‍ വരുമെന്ന് പറഞ്ഞ മോഡി സര്‍ക്കാര്‍ ഭാരതത്തിന് ഇപ്പോള്‍ സംഭാവന ചെയ്യുന്നത് ഭയം ആണ്. ഇന്ധനവില എണ്‍പതിനോട് അടുക്കുന്നു. അത് നൂറ് രൂപയായി മാറുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതി. ഇത്തരം അഴിമതികള്‍ക്കും സ്വജനപക്ഷപാതകള്‍ക്കുമെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധമാണ് ഇനി ഇന്ത്യ കാണുവാന്‍ പോകുന്നത്. പുതിയ ഒരു ഇന്ത്യക്കായും, കേരളത്തിനായുമുള്ള  ജനങ്ങളുടെ ആഗ്രത്തിനുള്ള ഉത്തരം കൂടിയാകും വരാന്‍ പോകുന്ന പാര്‌ലമെന്റ് തെരഞ്ഞെടുപ്പും, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും.

ചോദ്യം: ജനപ്രതിനിധി എന്ന നിലയില്‍ അങ്കമാലിയുടെ മനസ്സാണ് താങ്കള്‍. നിരവധി വികസന പ്രവര്‍ത്തങ്ങള്‍ ഈ മണ്ഡലത്തിന് വേണ്ടി നടപ്പിലാക്കിയിട്ടുണ്ട്. എങ്കിലും സാധാരണ ജനങ്ങള്‍ക്കൊപ്പം താങ്കള്‍ വലിയ അത്താണിയാണ് എന്ന് കേട്ടിട്ടുണ്ട്. അവര്‍ക്കായി എന്തെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ സഹകരണം ഇത്തരം കാര്യങ്ങളില്‍ ലഭിക്കുവാന്‍ തക്കവിധത്തില്‍ എന്തെകിലും പദ്ധതികള്‍ മനസില്‍ ഉണ്ടോ .?

ഉത്തരം:ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് സാധാരണ ജനങ്ങളില്‍ ആണ് .അവരുടെ ആവശ്യങ്ങള്‍ പലപ്പോഴും വലിയ ആവശ്യങ്ങള്‍ ആയി തന്നെ എനിക്ക് തോന്നും.അതിനു കാരണം ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ നിന്നും വന്നതുകൊണ്ടാകാം. ഓരോ ആവശ്യങ്ങളെയും അതിന്റെതായ പരിഗണയില്‍ ഞാന്‍ ശ്രദ്ധിക്കുകയും സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും അവര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്യും. സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് പലപ്പോഴും പരിമിതികള്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നൊക്കെ ലഭിക്കുന്ന സഹായങ്ങള്‍ക്ക് വലിയ പരിമിതികള്‍ ഉണ്ട്. ഈ സാഹചര്യം മറി കടക്കാന്‍ എനിക്ക് അമേരിക്കന്‍ മലയാളികളുടെ സഹായം ആവശ്യമാണ്. ഈയിടെ ഒരു സൗജന്യ ഹ്യദയ ശസ്ത്രക്രിയ  അങ്കമാലിയില്‍ നടക്കുകയുണ്ടായി. ജോസ്പുരത്ത് വാടക വീട്ടില്‍ താമസിക്കുന്ന ഞാറക്കാടന്‍ മേരി ബാബുവിനാണ് അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയുടെ 'ഹ്യദയത്തിനായ് ' സൗജന്യ ഹ്യദയ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമായത് .വാടക വീട്ടില്‍ കൂലി പണിക്കാരനായ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു ഈ വീട്ടമ്മ. ജോസ്പുരം പള്ളി വികാരി ഫാ.റെജു കണ്ണമ്പുഴ വഴിയാണ് അസുഖ വിവരം ഞാന്‍ അറിയുന്നത്. ഉടന്‍ തന്നെ ആശുപത്രി ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കലിനെ ഈ കുടുംബത്തിന്റെ  സ്ഥിതി  അറിയിക്കുകയും തുടര്‍ന്ന്  മേരിയുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതിന് വഴി തെളിയുകയായിരുന്നു. ഇത്തരം നിരവധി കേസുകള്‍ ദിവസവും എന്റെ ഓഫിസില്‍ എത്തുന്നു. ഇവയൊക്കെ പരിഹരിക്കുവാന്‍ അമേരിക്കന്‍ മലയാളികളുടെ ചെറുതും വലുതുമായ സഹായങ്ങള്‍ക്ക് സാധിക്കും. അങ്കമാലി മണ്ഡലത്തില്‍ ഉള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ഇത്തരം ആളുകളെ സഹായിക്കുവാന്‍ എന്റെ ഓഫിസുമായി ബന്ധപ്പെടുത്തി ഒരു ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുവാന്‍ ആഗ്രഹം ഉണ്ട്. അമേരിക്കന്‍ മലയാളി സംഘടനകള്‍, പ്രസ് ക്ലബ്ബ്, വ്യക്തികള്‍ തുടങ്ങിയവരുമായി ഒരു ചര്‍ച്ച ഈ കാര്യത്തില്‍ നടത്തേണ്ടതുണ്ട് .അതിനു ശേഷം ഒരു പ്രോജക്ട് പ്രഖ്യാപിക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നു.
അതുപോലെ തന്നെ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ വായനയേയും, വിദ്യാഭ്യാസ നിലവാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി വായനാമിത്രം എന്ന പേരില്‍ സ്‌കൂളുകളില്‍ പുസ്തകങ്ങള്‍, വര്‍ത്തമാന പത്രങ്ങള്‍ എന്നിവ സംഭാവന ചെയ്യുന്ന ഒരു പ്രോജക്ട് മനസിലുണ്ട്. ജൂണ്‍ പത്തൊന്‍പത്തിനു വായനാദിനത്തോടനുബന്ധിച്ചു ഈ പ്രോജക്ടിന് തുടക്കമിടണം എന്ന് വിചാരിക്കുന്നു. ഇതെല്ലാം പ്രവാസി മലയാളികളെ മുന്നില്‍ കണ്ടുള്ള പ്രോജക്ടുകള്‍ ആണ് .അവരുടെ ശ്രദ്ധ ഇത്തരം പ്രോജക്ടുകളില്‍ പതിയണം എന്നാണ് എന്റെ അഭിപ്രായം. വായിക്കുവാന്‍ താല്പര്യമുള്ള ഒരു കുട്ടിക്ക് ഒരു നൂറു രൂപ മുടക്കി ഒരു പുസ്തകം വാങ്ങി നല്‍കുന്നതിനേക്കാള്‍ പുണ്യം വേറെ എന്തുണ്ട് ഇന്ന്.

ചോദ്യം:അമേരിക്കന്‍ മലയാളികള്‍ അനുഭവിക്കുന്ന ഒരു വലിയ ഇഷ്യു ആണ് അവരുടെ നാട്ടിലെ സ്വത്തുവകകള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. നാട്ടില്‍ വസ്തുക്കള്‍ വാങ്ങിയിട്ടിട്ട് സഹോദരങ്ങളെയും കുടുംബങ്ങളെയും ഏല്പിച്ചിട്ട് അമേരിക്കയില്‍ പോയ പലരും തിരികെ വരുമ്പോള്‍ സ്വത്തുക്കള്‍ കുടുംബക്കാരും മറ്റും സ്വന്തമാക്കുന്ന അവസ്ഥ. ഇതിനൊരു പരിഹാരം എന്നോണം കേന്ദ്ര പ്രവാസി െ്രെടബ്യുണല്‍ പോലെ കേരള പ്രവാസി  െ്രെടബ്യുണലിനു രൂപം കൊടുക്കുന്ന കാര്യം പരിഗണയില്‍ എന്ന് കേരളാ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അങ്ങനെ ഒന്നുണ്ടായാല്‍ പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍ക്ക് വലിയ ആശ്വാസം ആകും അത്. ഈ വിവരം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പല എം എല്‍ എ മാരും  പറഞ്ഞതല്ലാതെ ഒന്നും നടന്നിട്ടില്ല. അതിനു മുന്‍കൈ എടുക്കുവാന്‍ സാധിക്കുമോ  ?

ഉത്തരം ; തീര്‍ച്ചയായും. അത്  നിയമസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരേണ്ട വിഷയമാണ്. എന്തെല്ലാം അതിനായി ചെയ്യണം എന്ന് അമേരിക്കന്‍ മലയാളി സംഘടനകള്‍ , മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി ആലോചിച്ചു എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഒരു ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട ഭൂമിയും സ്വത്തുവകകളും മറ്റൊരാളിന്റെ കയ്യില്‍ അകപ്പെട്ടുപോകുവാന്‍ പാടില്ല. അതിനു സാധ്യമായതെല്ലാം ചെയ്യും. പ്രവാസി െ്രെടബ്യുണല്‍ നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രിയെ നേരില്‍ കാണുവാനും തയ്യാറാണ് .

ഇങ്ങനെ സാധാരണ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുവാനും അവരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടുവാനും തയാറായി സദാ പ്രവര്‍ത്തനനിരതനായി നില്‍ക്കുകയാണ് റോജി എം ജോണ്‍. ഇപ്പോഴും ഇപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന , സാധാരണക്കാരുടെ ജനപ്രതിനിധിയായി ,അങ്കമാലിയുടെ സ്വന്തമായ  ഉദയഗിരി താബോര്‍ ഗ്രാമവാസികളുടെ സ്വന്തമായ റോജി എം ജോണ്‍ അമേരിക്കയില്‍ എത്തുമ്പോള്‍  അമേരിക്കന്‍ മലയാള മാധ്യമപ്രവര്‍ത്തകാരുടെ അംഗീകാരം കൂടിയാകുന്നു അത്. നാളെയുടെ എം പിയും, മന്ത്രിയുമൊക്കെയായി നമുക്കൊപ്പം ഉണ്ടാവേണ്ട ഈ ചെറുപ്പക്കാരനില്‍ രാഹുല്‍ ഗാന്ധി കണ്ട് ഒരു നന്മയുണ്ട്. അത് അങ്കമാലിയിലെ ജനങ്ങള്‍ തിരിച്ചറിയുന്നതുപോലെ അമേരിക്കന്‍ മലയാളികളും തിരിച്ചറിയും. 

കേരളത്തിന്റെ വികസനത്തിനു പിന്നില്‍ അമേരിക്കന്‍ മലയാളികളുടെ പങ്ക് വിസ്മരിക്കാനാവില്ല : റോജി എം ജോണ്‍ എം.എല്‍.എ
Join WhatsApp News
Philipose 2018-04-26 09:40:20
കേരള വികസനത്തിൽ ഫൊക്കാനയുടെ പങ്കു വലുതാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക