Image

ഒടുവില്‍ പ്രഖ്യാപനമായി, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മേയ് 28ന്, ഫലം 31ന്

Published on 26 April, 2018
ഒടുവില്‍ പ്രഖ്യാപനമായി, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മേയ് 28ന്, ഫലം 31ന്
കാത്തു കാത്തിരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് 28ന് വോട്ടെടുപ്പ് നടക്കും. ഫലം 31ന് അറിയാം. വിജ്ഞാപനം മേയ് മൂന്നിന് പുറത്തിറങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ചെങ്ങന്നൂരില്‍ നേരത്തെതന്നെ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നുവെങ്കിലും തീയതി പ്രഖ്യാപിക്കാന്‍ വൈകിയതോടെ, പ്രചരണം മന്ദഗതിയിലായിരുന്നു. എങ്ങനെയും സീറ്റ് പിടിക്കാന്‍ ബിജെപി അരയും തലയും മുറുക്കി രംഗത്തുണ്ട്. സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും. എന്നാല്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനാണ്. ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും പി.എസ്. ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ഥിയുമാണ്.

സജി ചെറിയാന്‍ സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയും ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാനുമാണ്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 

ഡി. വിജയകുമാര്‍ 1977ല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായി. കെപിസിസി നിര്‍വാഹക സമിതി അംഗവും ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമാണ്. 1986ല്‍ മാവേലിക്കര നിയമസഭാ മണ്ഡലത്തിലും, തുടര്‍ന്ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലും സ്ഥാനാര്‍ഥി പട്ടികകളില്‍ ഉള്‍പ്പെട്ടിരുന്നു.

20032006 കാലയളവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരന്‍പിള്ള ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക