Image

ജോലിസ്ഥലത്തെ ദുരിതങ്ങള്‍ താണ്ടി സമീന നാട്ടിലേയ്ക്ക് മടങ്ങി

Published on 26 April, 2018
ജോലിസ്ഥലത്തെ ദുരിതങ്ങള്‍ താണ്ടി സമീന നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ചെറിയ പ്രായത്തിനുള്ളില്‍ത്തന്നെ കുടുംബ പ്രാരാബ്ധങ്ങള്‍ ഏറ്റെടുത്ത് പ്രവാസജോലിയ്ക്കെത്തിയ ഇന്ത്യന്‍ വനിത, ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെയും, ഇന്ത്യന്‍ എംബസ്സിയുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ബാംഗ്ലൂര്‍ സ്വദേശിനി സമീനയാണ് പ്രവാസജീവിതത്തിന്റെ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയത്. ഒരു വര്‍ഷത്തിന് മുന്‍പാണ് 21 വയസ്സുകാരിയായ സമീന, വീട്ടിലെ ദാരിദ്ര്യം കാരണം, ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി പ്രവാസലോകത്ത് എത്തിയത്. എന്നാല്‍ ജോലി സാഹചര്യങ്ങള്‍ വളരെ ദുരിതമയമായിരുന്നു. രാപകല്‍ വിശ്രമമില്ലാതെ പണി ചെയ്യിച്ചെങ്കിലും, ശമ്പളം കൃത്യമായി നല്‍കാന്‍ ആ വീട്ടുകാര്‍ തയ്യാറായില്ല. എട്ടു മാസത്തെ ശമ്പളം കുടിശ്ശികയായപ്പോള്‍, ഗതികെട്ട സമീന, ആ വീട്ടുകാരുമായി വഴക്കിട്ടു. ദേഷ്യം വന്ന സ്പോണ്‍സറുടെ ഭാര്യ സമീനയെ ദേഹോപദ്രവം ഏല്‍പ്പിയ്ക്കുകയും, അവരുടെ ചവിട്ടേറ്റ് സമീനയുടെ കാലിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സമീനയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ആ വീട്ടുകാര്‍ തയ്യാറായില്ല.

കിട്ടിയ ആദ്യ അവസരത്തിന് ആരുമറിയാതെ പുറത്തു കടന്ന സമീന, ദമ്മാം എംബസ്സി ഹെല്‍പ്പ് ഡെസ്‌ക്കില്‍ അഭയം തേടി. അവര്‍ അറിയിച്ചതനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, സമീനയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും, സൗദി പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ്ക്കുകയും ചെയ്തു. പിറ്റേദിവസം കാലിന് വേദന കൂടുതലായതായി സമീന പരാതിപ്പെട്ടപ്പോള്‍, മഞ്ജു മണിക്കുട്ടന്‍ അഭയകേന്ദ്രം അധികാരികളുടെ അനുവാദത്തോടെ അവരെ ബദര്‍ അല്‍റാബി ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നടത്തി. പ്രമുഖപത്രപ്രവര്‍ത്തകനായ ശ്രീ ഹബീബ് ഏലംകുളം ആശുപത്രിയില്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തന്നു.

മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും സമീനയുടെ സ്പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും, അയാള്‍ ഒരു തരത്തിലും സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജുവിന്റെ അഭ്യര്‍ത്ഥനപ്രകാരം, വനിതാ അഭയകേന്ദ്രം അധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ച്, പോലീസ് സ്പോണ്‍സറുടെ സര്‍ക്കാര്‍ സേവനങ്ങള്‍ മൊത്തം കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ബ്ലോക്ക് ചെയ്തു. ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ശ്രീ ജോര്‍ജ്ജ്, മൂസ മുതലായ ഉദ്യോഗസ്ഥരും സ്പോണ്‍സറെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ വരികയും, സമീനയുടെ കുടിശ്ശികയായ ശമ്പളവും, ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ടും കൈമാറുകയും ചെയ്തു.

ഷെരീഫ് കര്‍ക്കലയുടെ നേതൃത്വത്തില്‍ കര്‍ണാടക വെല്‍ഫയര്‍ അസ്സോസ്സിയേഷന്‍ സമീനയ്ക്ക് വിമാനടിക്കറ്റും, മറ്റു സഹായങ്ങളും ചെയ്തു കൊടുത്തു.
സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സമീന നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: സമീനയ്ക്ക്(ഇടത്), മഞ്ജു മണിക്കുട്ടന്‍ യാത്രാരേഖകള്‍ കൈമാറുന്നു. വനിതാ അഭയകേന്ദ്രം ഉദ്യോഗസ്ഥനും, പോലീസ് അധികാരിയും സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക