Image

ഒരായുഷ്ക്കാലത്തിന്റെ കരുതല്‍ (സുധീര്‍ കരമന)

Published on 26 April, 2018
ഒരായുഷ്ക്കാലത്തിന്റെ കരുതല്‍ (സുധീര്‍ കരമന)
കരമന ജനാര്‍ദ്ദനന്‍ നായര്‍ ഓര്‍മ്മയായിട്ട് ഏപ്രില്‍ 24 ന് 18 വര്‍ഷം തികയുമ്പോള്‍ മകനും നടനുമായ സുധീര്‍ കരമന അച്ഛനെ ഓര്‍ക്കുന്നു.

ഒരുപാട് സുഹൃത്തുക്കളുള്ള എന്റെ ഫസ്റ്റ് ആന്‍ഡ് ബെസ്റ്റ് ഫ്രണ്ട് അന്നുമിന്നും അച്ഛനാണ്. സിനിമയില്‍ കാണുന്ന 'കരമന ജനാര്‍ദ്ദനന്‍ നായര്‍'ക്കും അച്ഛനുമിടയിലൊരു ദൂരമുണ്ട്. സത്യത്തില്‍, മനസ്സില്‍ ചെറുപ്പം സൂക്ഷിച്ചിരുന്ന ഒരാളാണദ്ദേഹം. സുഹൃത്തുക്കളില്‍ പലരും എന്റെ പ്രായക്കാരായിരുന്നു. അതുകൊണ്ടുതന്നെ ഞാനും അച്ഛനും കൂടി സംസാരിക്കുമ്പോള്‍ ജനറേഷന്‍ ഗ്യാപ് എന്നൊരു പ്രശ്‌നം വന്നിരുന്നില്ല.
നന്നേ ചെറുപ്പത്തില്‍ ഞാന്‍ ്രൈഡവിംഗ് പഠിച്ചത്, അച്ഛനെ മീറ്റിങ്ങിനും ഷൂട്ടിങ്ങിനും കൊണ്ടാക്കാന്‍ വേണ്ടിയാണ്. കൂട്ട് പോകുന്നതും ഷര്‍ട്ട് തേച്ചുകൊടുക്കുന്നതുമെല്ലാം അവകാശം പോലെ ഏറ്റെടുക്കുമ്പോഴുള്ള എന്റെ സന്തോഷം മനസിലാക്കി അമ്മയും സഹോദരന്മാരും മാറിത്തരും. അച്ഛനൊപ്പമുള്ള യാത്രകള്‍ ഞാന്‍ പരമാവധി ആസ്വദിച്ചിരുന്നു. ഞങ്ങള്‍ മാത്രമുള്ള നേരത്ത് ചര്‍ച്ച ചെയ്ത പലകാര്യങ്ങളും ജീവിതവീക്ഷണത്തെ തന്നെ മാറ്റിമറിച്ചവയാണ്.

ഒരിക്കല്‍ നിരമേല്‍ കോളേജില്‍ മീറ്റിങ്ങില്‍ പങ്കെടുക്കേണ്ട ദിവസം ഒരു പയ്യന്‍ ലാന്‍ഡ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ''കരമന ജനാര്‍ദ്ദനന്‍ നായരോട് ഇവിടെ വരരുതെന്ന് പറഞ്ഞേക്ക''്. ആ താക്കീത് കേട്ട് ഞാനാകെ ഭയന്നു .

അച്ഛന്‍ അതറിഞ്ഞ് ഒരുകൂസലുമില്ലാതെ പതിവുപോലെ കുളികഴിഞ്ഞ് പൂജാമുറിയില്‍ നിന്നിറങ്ങി ഭക്ഷണവും കഴിച്ച് റെഡിയായി വന്ന് കാറെടുക്കാന്‍ പറഞ്ഞു. യൂണിയനുകള്‍ തമ്മിലുള്ള വഴക്ക് എന്താണെന്നോ എങ്ങനാണെന്നോ അറിയാത്തതുകൊണ്ട് എനിക്കപ്പോഴും ഉള്ളില്‍ പേടി തോന്നി. യാന്ത്രികമായി െ്രെഡവ് ചെയ്യുന്നതും വിറയ്ക്കുന്നതുമൊക്കെ അച്ഛന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
മീറ്റിങ്ങ് തുടങ്ങും മുന്‍പുള്ള അന്തരീക്ഷംകണ്ട് ഒരുവാക്കുപോലും സംസാരിക്കാന്‍ അച്ഛന് സാധിക്കില്ലെന്ന് കരുതിയ ഞാന്‍ അതിശയപ്പെട്ടു. വയലാറിന്റെ കവിതകള്‍ ചൊല്ലുകയും മുക്കാല്‍ മണിക്കൂര്‍ പ്രസംഗിക്കുകയും ചെയ്ത് അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ സദസ്സിനെ കയ്യിലെടുത്തു. ഇം ീഷിലും മലയാളത്തിലും ആളുകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രസംഗിക്കാനുള്ള അച്ഛന്റെ അറിവും പദസമ്പത്തും ഇങ്ങനെ പല അവസരങ്ങളിലും ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്.
1989 കേരളാ യൂണിവേഴ്‌സിറ്റി ഫാന്‍സി ഡ്രസ്സ് മത്സരം. ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളക്കാരനെയാണ് ഞാന്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബോംബ് പൊട്ടുന്നതും ശരീരം കത്തുന്നതുമൊക്കെ ഒരാള്‍ സ്‌റ്റേജില്‍ കാണിക്കുന്നത്. കോളേജില്‍ ഫസ്റ്റ് കിട്ടിയ ധൈര്യത്തിലാണ് ജില്ലാ തലത്തില്‍ മത്സരിച്ചത്. പക്ഷെ പ്രതീക്ഷിച്ച സമയത്ത് ബോംബ് പൊട്ടാതിരുന്നതുകൊണ്ട് സെക്കന്‍ഡ് െ്രെപസേ കിട്ടിയുള്ളൂ. ഒരു വര്‍ഷം മുന്‍പ് മരണമടഞ്ഞ എന്റെ സുഹൃത്ത് കൃഷ്ണകുമാറിനായിരുന്നു ഒന്നാം സ്ഥാനം. സാധാരണഗതിയില്‍,രണ്ടാം സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. പ്രത്യേക അപേക്ഷ സമര്‍പ്പിച്ച് ഞാന്‍ അതിനുള്ള യോഗ്യത നേടി. ആ മത്സരത്തില്‍ ഭാഗ്യം തുണച്ചു. സമയത്ത് ബോംബ് പൊട്ടുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. അന്ന് പത്രത്തില്‍ വന്ന വാര്‍ത്ത ഒരു നിധിപോലെ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 'കരമനയുടെ മകന് ഒന്നാം സ്ഥാനം,മകന്‍ അച്ഛന്റെ പാരമ്പര്യം കാത്തു ' എന്ന തലക്കെട്ട് നോക്കി നില്‍ക്കുമ്പോള്‍ അച്ഛന്റെ കണ്ണുകളില്‍ അദ്ദേഹത്തിന് അതുവരെ കിട്ടിയ അംഗീകാരങ്ങളിലൊന്നും ഉണ്ടാകാത്ത അഭിമാനവും നിര്‍വൃതിയുമായിരുന്നു.

വാക്ക് പാലിക്കുന്നതില്‍ വലിപ്പച്ചെറുപ്പങ്ങളില്ലെന്ന് അച്ഛനിലൂടെ മനസിലാക്കിയ ഒരനുഭവം പറയാം. ഒരുപാട് ചിത്രങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ചില കാരണങ്ങള്‍കൊണ്ട് ഷൂട്ടിങ് വൈകി. അച്ഛനെ അതിഥിയായി ക്ഷണിച്ച് നോട്ടീസിലടക്കം അദ്ദേഹത്തിന്റെ പേരും ഫോട്ടോയും നല്‍കിയ പരിപാടിയില്‍ പങ്കെടുക്കേണ്ടതുകൊണ്ട് നേരത്തെ ഇറങ്ങേണ്ടി വരുമെന്ന് മുന്‍പേ ധരിപ്പിച്ചിരുന്നതാണ്. ''ചെറിയൊരു പരിപാടിയല്ലേ അത്, സിനിമയാണ് പ്രധാനമെന്ന്'' നിസാരമട്ടില്‍ സംവിധായകന്‍ പറഞ്ഞത് അച്ഛന് രസിച്ചില്ല. കൊടുത്ത വാക്ക് തെറ്റിക്കാന്‍ കഴിയില്ലെന്ന ശാഠ്യത്തോടെ അദ്ദേഹം ഉടനെ തന്നെ അവിടെ നിന്നിറങ്ങി. പിന്നീടവര്‍ ഒരുമിച്ച് ചിത്രങ്ങള്‍ ചെയ്തുമില്ല. വാക്കു പാലിക്കുന്നതിലും കൃത്യനിഷ്ഠയിലും അച്ഛന്‍ പഠിപ്പിച്ച പാഠങ്ങള്‍ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം 32 ചിത്രങ്ങള്‍ വരെ ചെയ്യുമ്പോഴും ഒരു മാനേജരെ വയ്ക്കാതെ എനിക്കെന്റെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതും അതുകൊണ്ടാണ്.

ഗുരുതരമായ രണ്ട് വാഹനാപകടങ്ങളെ അതിജീവിച്ച ആളാണ് അച്ഛന്‍. പ്രമേഹം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചപ്പോഴും പഴയതു പോലെഅച്ഛന്‍ തിരിച്ചു വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷെ അത് സംഭവിച്ചില്ല. 2000 ഏപ്രില്‍ 24 ന് അനിവാര്യമായത് സംഭവിച്ചു. എങ്കിലും അച്ഛന്‍ ഭാഗ്യവാനാണ്. അമ്മയും ഞങ്ങള്‍ മൂന്നു മക്കളും മരുമക്കളും അപ്പൂപ്പാ എന്ന് വിളിച്ചുകൊണ്ട് എന്റെ മകനും അടുത്തു തന്നെ നില്‍ക്കുമ്പോഴാണ് അദ്ദേഹം വിടപറഞ്ഞത്. അവസാനത്തെ ആ നോട്ടം ഒരുകാലവും കണ്ണില്‍ നിന്നുമായില്ല. എന്നും കൂടെയുണ്ടാകുമെന്ന് പറയാതെ പറയുകയായിരുന്നോ അച്ഛന്‍ ....

തയ്യാറാക്കിയത്
മീട്ടു റഹ്മത്ത് കലാം
കടപ്പാട്: മംഗളം 
ഒരായുഷ്ക്കാലത്തിന്റെ കരുതല്‍ (സുധീര്‍ കരമന)
ഒരായുഷ്ക്കാലത്തിന്റെ കരുതല്‍ (സുധീര്‍ കരമന)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക