Image

ഏഷ്യാ കപ്പ് പാകിസ്താന്

Published on 22 March, 2012
ഏഷ്യാ കപ്പ് പാകിസ്താന്
മിര്‍പൂര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന് കിരീടം. ആവേശകരമായ ഫൈനലില്‍ രണ്ട് റണ്‍സിന് ബംഗ്ലാദേശിനെ തോല്പിച്ചാണ് പാകിസ്താന്‍ ജേതാക്കളായത്. ജയിക്കാന്‍ 237 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് അവസാന നിമിഷം വരെ പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കിയാണ് കീഴടങ്ങിയത്. 

ജയിക്കാന്‍ അവസാന ഓവറില്‍ പത്ത് റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഷാക്കിബ് അല്‍ ഹസ്സന്‍(68), തമീം ഇഖ്ബാല്‍(60) എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തെങ്കിലും ബംഗ്ലാദേശിന് ചരിത്രം കുറിക്കാന്‍ കഴിഞ്ഞില്ല. പാകിസ്താന് വേണ്ടി അസിയാസ് ചീമ മൂന്നും ഉമര്‍ ഗുല്‍, സയീദ് അജ്മല്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന്‍ മാന്‍ ഓഫ് ദ മാച്ചും തമീം ഇഖ്ബാല്‍ മാന്‍ ഓഫ് ദ സീരീസും ആയി തിരഞ്ഞെടുക്കപ്പെട്ടു. 

ഇതാദ്യമായാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പ് ഫൈനലിലെത്തിയത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട പാകിസ്താന് നേടാനായത് 236 റണ്‍സാണ്. ടോപ് ഓര്‍ഡറിന്റെ ദയനീയമായ ബാറ്റിങ് തകര്‍ച്ചയാണ് പാകിസ്താന് വിനയായത്. 46 റണ്‍സ് നേടി പുറത്താകാതെ നിന്ന സര്‍ഫ്രാസ് അഹമ്മദാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ മുഹമ്മദ് ഹഫീസ് 40 റണ്‍സെടുത്തു. നാലിന് 70 എന്ന സ്‌കോറില്‍ തകര്‍ന്ന പാകിസ്താനെ ഈ സ്‌കോറിലെത്തിച്ചത് മധ്യനിരയുടെ ചെറുത്തുനില്‍പ്പാണ്. ഉമര്‍ അക്മലും ഹമ്മദ് അസമും 30 റണ്‍സ് വീതവും ഷാഹിദ് അഫ്രീദി 32ഉം റണ്‍സെടുത്തു. ഹമ്മദും ഉമര്‍ അക്മലും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 59 റണ്‍സാണ് പാകിസ്താന്റെ ഏറ്റവും വലിയ കൂട്ടുകെട്ട്. അഫ്രീദിയും സര്‍ഫ്രാസും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 45ഉം റണ്‍സെടുത്തു.

ബംഗ്ലാദേശിനുവേണ്ടി മൊര്‍ത്താസ, അബ്ദുറസ്സാക്, ഷാഖിബ് അല്‍ ഹസ്സന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. നസ്മല്‍ ഹുസൈനും മഹമദുള്ളയും ഒരോ വിക്കറ്റും സ്വന്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക