Image

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസി (എം)ന്റെ പിന്തുണ ഇടതുമുന്നണിക്കെന്നു സൂചന

Published on 27 April, 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസി (എം)ന്റെ പിന്തുണ ഇടതുമുന്നണിക്കെന്നു സൂചന
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസി (എം)ന്റെ പിന്തുണ ഇടതുമുന്നണിക്കെന്നു സൂചന. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുളളവരുടെ എതിര്‍പ്പു കാര്യമാക്കേണ്ടതില്ലെന്നു സി.പി.എം. നേതൃത്വം, മാണി വിഭാഗത്തെ അറിയിച്ചു. നേരത്തെ, ഒരു മുന്നണിയെയും പരസ്യമായി പിന്തുണയ്‌ക്കേണ്ടന്ന നിലപാടിലായിരുന്നു മാണി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നത്. 
എന്നാല്‍, ചെങ്ങന്നൂരില്‍ പരസ്യമായ നിലപാട് സ്വീകരിക്കണമെന്നാണു പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പരസ്യമായ നിലപാട് സ്വീകരിക്കണമെന്നു സി.പി.എമ്മും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിന് അയ്യായിരത്തോളം വോട്ടുണ്ടെന്നാണു കണക്ക്. ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ അഭിമാനപ്പോരാട്ടമായതിനാല്‍ ഏതുവിധേനയും ജയിച്ചുകയറാനുള്ള തന്ത്രങ്ങളാണ് സി.പി.എം. പയറ്റുന്നത്. 
തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പാര്‍ട്ടികളൊഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചതും മാണിയുടെ പിന്തുണ ലക്ഷ്യമാക്കിയാണ്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ ഇടതുമുന്നണിക്ക് മാണിയുടെ വോട്ട് വേണ്ടന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തന്നെ നേരിട്ടു കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചതാണെന്നും സി.പി.ഐയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍കൊണ്ടാവാം കാനം ഇങ്ങനെ പറയുന്നതെന്നുമായിരുന്നു ഇതിനുള്ള മാണിയുടെ മറുപടി. ഇത് മാണി ഗ്രൂപ്പിന്റെ വോട്ടെങ്ങോട്ടാണെന്ന സൂചനയായി വിലയിരുത്തപ്പെടുന്നു. എന്നാല്‍, പി.ജെ. ജോസഫ് വിഭാഗത്തിന്റെ മനസ് യു.ഡി.എഫിനൊപ്പമാണ്. അവര്‍ നിലപാടിലുറച്ചു നിന്നാല്‍ കേരളാ കോണ്‍ഗ്രസ് വീണ്ടും ഒരു പിളര്‍പ്പിനുകൂടി സാക്ഷ്യം വഹിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക