Image

`അങ്കിള്‍' പറയുന്ന ചില സത്യങ്ങള്‍

Published on 28 April, 2018
  `അങ്കിള്‍' പറയുന്ന ചില സത്യങ്ങള്‍
അങ്കിള്‍ എന്ന സിനിമ കാണുമ്പോള്‍ കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ അവര്‍ യാത്ര ചെയ്യുന്നതിനിടയില്‍ ആധിയോടെ വീടുകളില്‍ കാത്തിരിക്കുന്ന മാതാപിതാക്കളെ നമുക്കോര്‍മ വരും.

സ്‌ത്രീസുരക്ഷയെ കുറിച്ച്‌ ഏറെ ചര്‍ച്ചകള്‍ അരങ്ങേറുന്ന ഈ നാട്ടില്‍ സാദാചാരം, അയല്‍പക്കസ്‌നേഹം, നിയമം കയ്യിലെടുക്കുന്ന നാട്ടുകാര്‍, ഭാര്യമാരോട്‌ തന്റെ സുഹൃത്തുക്കളെ കുറിച്ച്‌ പറയേണ്ടതിന്റെ ആവശ്യകത അങ്ങനെ എല്ലാം പറഞ്ഞു പോകുന്നുണ്ട്‌.

ഒരു ചെറിയ തീപ്പൊരിയില്‍ നിന്നും മനസില്‍ ഭയത്തിന്റെയും ഉത്‌ക്കണ്‌ഠയുടെയും ചൂടും പുകയും നിറയ്‌ക്കുന്ന അനുഭവമാണ്‌ അങ്കിള്‍ എന്ന ചലച്ചിത്രാനുഭവം നമുക്ക്‌ നല്‍കുന്നത്‌. അങ്കിള്‍`മൈ ഡാഡ്‌സ്‌ ഫ്രണ്ട്‌'എന്ന ചിത്രം കാണുന്ന പ്രേക്ഷകരെ അത്‌ പലതും ഓര്‍മ്മിപ്പിക്കുന്നു.

കെ.എസ്‌.ഇ.ബിയില്‍ അസിസ്റ്റന്റ്‌ എന്‍ജിനീയറായ വിജയന്റെ(ജോസ്‌ മാത്യു) മകളണ്‌ ശ്രുതി(കാര്‍ത്തിക മുരളീധരന്‍).ഊട്ടിയില്‍ പഠിക്കുന്ന കാര്‍ത്തിക തമിഴ്‌ നാട്ടില്‍ പഠിപ്പുമുടക്കായതിനെ തുടര്‍ന്ന്‌ ഹോസ്റ്റലടച്ചതു കാരണം നാട്ടിലേക്കു പോരുന്നു. അവള്‍ക്ക്‌ ബസൊന്നും കിട്ടുന്നില്ല.

അങ്ങനെ വിഷമിച്ചു നില്‍ക്കുമ്പോഴാണ്‌ തന്റെ അച്ഛന്റെ സുഹൃത്തായ കൃഷ്‌ണകുമാര്‍ അവിടെയെത്തുന്നത്‌. അയാള്‍ അവളെ നാട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. ഊട്ടിയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ അവരുടെ യാത്ര തുടങ്ങുന്നു. ഈ വിവരം വിജയന്‍ അറിയുന്നതോടെ കഥയുടെ പിരിമുറുക്കം ആരംഭിക്കുകയാണ്‌.

തീ പിടിച്ചതു പോലുള്ള മനസ്‌. അതാണ്‌ വിജയന്റേത്‌. കാരണം തന്റെ സുഹൃത്തായ കൃഷ്‌ണകുമാറിന്റെ യഥാര്‍ത്ഥ സ്വഭാവം വളരെ നന്നായി അറിയാവുന്ന ആളാണ്‌ വിജയന്‍. സ്‌ത്രീവിഷയത്തില്‍ അതീവ തല്‍പരനായ, തനിക്കു താല്‍പര്യം തോന്നുന്ന പെണ്ണിനെ ഏതു വിധേനയും കിടപ്പറയിലെത്തിക്കുന്ന വ്യക്തിയാണ്‌ കൃഷ്‌ണകുമാര്‍.

തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥിരം മദ്യപ സംഘത്തിലെ അംഗവുമാണ്‌ അയാള്‍. കൃഷ്‌ണകുമാറിന്റെ സ്‌ത്രീകളോടുള്ള ഈ അഭിനിവേശം നന്നായി അറിയാവുന്നതു കൊണ്ടു തന്നെ വിജയന്‌ തന്റെ മകള്‍ അയാള്‍ക്കൊപ്പം യാത്ര ചെയ്യുന്ന ഓരോ നിമിഷവും നെഞ്ചില്‍ തീയാണ്‌ നല്‍കുന്നത്‌.

മകള്‍ക്കൊപ്പം യാത്ര ചെയ്യുന്ന തന്റെ സുഹൃത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഭാര്യയോടു തുറന്നു പറയാന്‍ കഴിയാതെ അയാള്‍ ഉള്ളില്‍ ആന്തലോടെ നടക്കുകയാണ്‌. ഇതിനിടെ കൃഷ്‌ണകുമാറും ശ്രുതിയും ഒരു വലിയ പ്രതിസന്ധി നേരിടേണ്ടി വരുന്നു.

അത്‌ വിജയനേയും ഭാര്യയേയും പോലീസ്‌ സ്റ്റേഷനില്‍ വരെ എത്തിക്കുകയും ഒരു വലിയ സാമൂഹ്യ പ്രശ്‌നത്തോടുള്ള ഉറച്ച ശബ്‌ദത്തിലുളള ഒരു സ്‌ത്രീയുടെ പ്രതികരണവുമായി മാറുന്നു. കൃഷ്‌ണകുമാര്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കൈയ്യില്‍ സുരക്ഷിതമായിരുന്നു.

സ്വന്തം പിതാവിന്റ അടുക്കല്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത ഇക്കാലത്ത്‌ സ്‌ത്രീവിഷയത്തില്‍ തല്‍പരനായ കൃഷ്‌ണകുമാറിന്റെയൊപ്പം ശ്രുതി യാത്ര തുടങ്ങുമ്പോള്‍ തന്നെ അവളുടെ അച്ഛനായ വിജയനും അയാളുടെ ഭാര്യയ്‌ക്കുമൊപ്പം പ്രേക്ഷകര്‍ക്കും ഉള്ളില്‍ ഒരു തീയാളാന്‍ തുടങ്ങുന്നു.

അതിനിടയ്‌ക്ക്‌ വളരെ ഗോപ്യമായ വിധത്തില്‍ അവളുടെ ഇഷ്‌ടം നേടാന്‍ അയാള്‍ ശ്രമിക്കുന്നതും അര്‍ത്ഥഗര്‍ഭമായ, മിന്നലാട്ടം പോലെയുളള നോട്ടങ്ങള്‍ കൊണ്ടും പ്രേക്ഷകരില്‍ ആ കഥാപാത്രത്തിന്റെ ദുരൂഹമായ മനസ്‌ പിടി കിട്ടാതെ തെന്നി മാറുന്നു.

മമ്മൂട്ടിയുടെ ഹീറോയിസം മുഴുവന്‍ അഴിച്ചു വയ്‌പ്പിച്ചുകൊണ്ടാണ്‌ ജോയ്‌ മാത്യു കൃഷ്‌ണകുമാര്‍ എന്ന കഥാപാത്രത്തെ അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്നത്‌.

സമൂഹം സ്‌ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മേല്‍ വച്ചിട്ടുള്ള അദൃശ്യമായ വിലങ്ങുകളെയും, ഒരു സ്‌ത്രീയും പുരുഷനും ഒരുമിച്ചു നിന്നാലോ സംസാരിച്ചാലോ ലോ#ോകം ഇടിഞ്ഞു വീഴുമെന്ന പോലെ അവരുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്യാനും വേണ്ടി വന്നാല്‍ കൈയ്യേറ്റം ചെയ്യാനും മടിക്കാത്ത സദാചാര ഗുണ്ടായിസത്തേയുമൊക്കെ ഈ ചിത്രത്തില്‍ നന്നായി ചോദ്യം ചെയ്യുന്നുണ്ട്‌.


മകളുടെ സുരകഷയോര്‍ത്ത്‌ ആധി കയറി നടക്കുന്ന വിജയനെന്ന അച്ഛനായിജോയ്‌ മാത്യു മികച്ച അഭിനയം തന്നെ കാഴ്‌ച വച്ചു. പ്രതിസന്ധികളില്‍ പലപ്പോഴും പുരുഷനേക്കാള്‍ കരുത്ത്‌ സ്‌ത്രീക്കാണെന്ന്‌ അടിവരെയിട്ടു പറയുന്ന കഥാപാത്രമാണ്‌ മുത്തുമണി അവതരിപ്പിച്ച അമ്മവേഷം. പോലീസ്‌ ഓഫീസറായി എത്തുന്ന മേഘനാദന്‍, കെ.പി.എ.സി ലളിത, കൈലാസ്‌, സുരേഷ്‌ കൃഷ്‌ണ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി.

അഴകപ്പന്റെ ഛായാഗ്രഹണവും മികച്ചതായി. ബിജിലാലിന്റെ സംഗീതവും കൊള്ളാം. മമ്മൂട്ടി ആസ്വദിച്ചു പാടിയ ` എന്താ ജോണ്‍സാ കളളില്ലേ...'' എന്ന ഗാനം ഇതിനകം ഹിറ്റായിട്ടുണ്ട്‌. മമ്മൂട്ടിയുടെ താരപരിവേഷം പ്രതീക്ഷിക്കാതെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന ഒരു സിനിമ കാണാന്‍ പോയാല്‍ അങ്കിള്‍ നിങ്ങളെ നിരാശപ്പെടുത്തില്ല.


























































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക