Image

ഡല്‍ഹിയിലെ ചെങ്കോട്ടയുടെ നിയന്ത്രണം ഡാല്‍മിയ ഗ്രൂപ്പിന്‌

Published on 29 April, 2018
ഡല്‍ഹിയിലെ ചെങ്കോട്ടയുടെ നിയന്ത്രണം ഡാല്‍മിയ ഗ്രൂപ്പിന്‌
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്‌മാരകമായ ഡല്‍ഹിയിലെ ചെങ്കോട്ടയുടെ പരിപാലനച്ചുമതലയ്‌ക്കുള്ള അവകാശം സ്വകാര്യ കമ്‌ബനിയായ ഡാല്‍മിയ 25 കോടി രൂപയ്‌ക്കു സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം രാഷ്ട്രപതി പ്രഖ്യാപിച്ച ചരിത്രസ്‌മാരകങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതിപ്രകാരമാണ്‌ ചെങ്കോട്ടയുടെ അവകാശം ഡാല്‍മിയ ഭാരത്‌ ഗ്രൂപ്പിന്‌ പതിച്ചുനല്‍കിയിരിക്കുന്നത്‌.

പദ്ധതി വ്യവസ്ഥകള്‍ അനുസരിച്ച്‌ ചെങ്കോട്ട ഇനി ഡാല്‍മിയ ഗ്രൂപ്പിന്റെ പരസ്യപ്രചാരണ വേദിയാവും. ഡാല്‍മിയയുടെ കുടിവെള്ള കിയോസ്‌കുകള്‍, ബെഞ്ചുകള്‍ എന്നിവ സ്ഥാപിക്കും. ഇതിനു പുറമേ നടപ്പാതകള്‍, ശൗചാലയങ്ങള്‍, പുല്‍ത്തകിടികള്‍, തിയേറ്ററുകള്‍, പാര്‍ക്കിങ്‌ ചാര്‍ജ്‌, ലഘുഭക്ഷണ കേന്ദ്രങ്ങള്‍ എന്നിവയും ഡാല്‍മിയ ഗ്രൂപ്പിന്‌ സ്വന്തമാവും. ആവശ്യമെങ്കില്‍ ഇവിടെയെത്തുന്നവരില്‍ നിന്ന്‌ പ്രവേശന ഫീസ്‌ ഈടാക്കാനും ഡാല്‍മിയക്ക്‌ അധികാരമുണ്ട്‌. ആദ്യഘട്ടത്തില്‍ അഞ്ചു വര്‍ഷത്തേക്കാണു പരിപാലന കരാര്‍ ലഭിച്ചിരിക്കുന്നത്‌. എന്നാല്‍, പരസ്‌പര ധാരണയോടെ കരാര്‍ നീട്ടാവുന്നതാണ്‌.

എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്‌. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇനി പണയംവയ്‌ക്കാന്‍ പോവുന്നത്‌ പാര്‍ലമെന്റോ പ്രധാനമന്ത്രിയുടെ വസതിയോ സുപ്രിംകോടതിയോ ആണോ എന്നു ചോദിച്ചായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതികരണം. എന്നാല്‍, ചെങ്കോട്ടയില്‍ നിന്ന്‌ ഡാല്‍മിയ ഗ്രൂപ്പിന്‌ ലാഭമുണ്ടാക്കുന്ന പദ്ധതിയല്ല ഇതെന്നാണ്‌ കേന്ദ്ര സാംസ്‌കാരികമന്ത്രി ഡോ. മഹേഷ്‌ ശര്‍മ പ്രതികരിച്ചത്‌. ചരിത്ര സ്‌മാരകങ്ങള്‍ പരിഷ്‌കരിച്ച്‌ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ വിനോദസഞ്ചാര ദിനത്തില്‍ രാഷ്ട്രപതി പ്രഖ്യാപിച്ച പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ ഒമ്‌ബതിനാണ്‌ ചെങ്കോട്ടയുടെ പരിപാലന അവകാശം കരസ്ഥമാക്കി ഡാല്‍മിയ ഗ്രൂപ്പ്‌ കേന്ദ്ര ടൂറിസം മന്ത്രാലയവുമായി കരാര്‍ ഒപ്പിട്ടത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക