Image

ജനനി (കവിത: ഐശ്വര്യ ബിജു)

Published on 30 April, 2018
ജനനി (കവിത: ഐശ്വര്യ ബിജു)
തായെന്ന വാക്കിന്‍പൊരുളുകളെന്നും
നാനാതരമതവര്‍ണ്ണനീയം
അമ്മതന്നുദരത്തിലൊരുകുഞ്ഞുകോശമായ്
പറ്റിപ്പിടിച്ചു നാം മുകുളമായ്ത്തീരവേ

സന്തുഷ്ടയായി പ്രശാന്തമാം ലോകത്ത്
മനസാ ചരിച്ചു പ്രാര്‍ത്ഥനയോടമ്മ
പുണ്യമാമൊമ്പതുമാസങ്ങള്‍ നാമുള്ളില്‍
തത്തിക്കളിച്ചൊരു സ്വര്‍ഗ്ഗം ചമച്ചിടും

സന്തോഷസന്താപമെല്ലാമനുഭവി
ച്ചവയെല്ലാം നേര്‍ത്ത വരകളായ്‌ക്കോറി
പിന്നീടു ഭൂജാതയായീ ധരണിയില്‍
മാറോടമര്‍ന്നമൃതം നുകര്‍ന്നു നാം

പിച്ചവച്ചങ്ങനെ വളര്‍ന്നു വലുതായീടി
ലമ്മയൊരധികപ്പറ്റായിമാറീടും
വൃദ്ധസദനങ്ങളോരായിരമങ്ങനെ
യോരോരോ മുക്കിലും മുളച്ചുപൊങ്ങും

അമ്മതന്‍ചാരേ മയങ്ങിടുമ്പോള്‍
നമ്മളമ്മതന്‍ മൂല്യമറിയുകില്ലാ
വേര്‍പെട്ടുപോയാലാ ശൂന്യത മായ്ക്കുവാന്‍
ബ്രഹ്മാവുപോലുമശക്തനാകും
മാനസാ മാതാവിന്‍ കാല്‍തൊട്ടുവന്ദിച്ചു
മര്‍ത്ത്യാ തുടങ്ങുക നിന്‍പ്രയാണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക