Image

രാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എ

Published on 01 May, 2018
രാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എ
ന്യൂജേഴ്സി: രാഷ്ട്രീയ പ്രവര്‍ത്തകരെ കൊള്ളരുതാത്തവരും മോശക്കാരുമായി ചിത്രീകരിക്കുന്ന പ്രവണത ശരിയല്ലെന്നു അങ്കമാലിയില്‍ നിന്നുള്ള യുവ കോണ്‍ഗ്രസ് എം.എല്‍.എ റോജി ജോണ്‍. രാഷ്ട്രീയ പ്രവര്‍ത്തനം മോശപ്പെട്ട കാര്യമാണെന്നാണ് മാധ്യമങ്ങളിലും സിനിമകളിലും, നവ മാധ്യമങ്ങളിലുമൊക്കെ ചിത്രീകരിക്കുന്നത്. ഇതു വസ്തുതകള്‍ ശരിക്ക് മനസിലാക്കാതെയാണ് - അങ്കമാലി സ്വദേശികളും അഭ്യുദയകാംക്ഷികളും നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന്റെ നാലു തൂണുകള്‍ നിയമസഭയും ജുഡീഷ്യറിയും, എക്സിക്യൂട്ടീവും പിന്നെ പ്രസുമാണ്. ഇതില്‍ കോടതിയെ ജനത്തിനെല്ലാം വിശ്വാസമാണ്. പക്ഷെ എത്ര സാധാരണക്കാരനും, പാവങ്ങള്‍ക്കും കോടിയില്‍ നിന്നു നീതി ലഭിക്കുന്നുവെന്നത് ആലോചിക്കണം. ഹൈക്കോടതിയില്‍ പോകണമെങ്കില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നുവര്‍ക്കേ പറ്റൂ. സുപ്രീം കോടതിയുടെ കാര്യം പറയുകയും വേണ്ട.

ഇനി എക്സിക്യൂട്ടീവിന്റെ കാര്യമായ ബ്യൂറോക്രസിയെ നോക്കുക. വില്ലേജ് ഓഫീസറെ നേരില്‍ കാണാമായിരിക്കാം. അതിനു മുകളിലുള്ള ഉദ്യോഗസ്ഥ മേധാവികളെ കാണാന്‍ സാധാരണക്കാരന് ആരുടെയെങ്കിലുമൊക്കെ ശുപാര്‍ശ വേണ്ടിവരും. കളക്ടറേറ്റും സെക്രട്ടേറിയേറ്റുമൊക്കെ വിദൂരം.

പക്ഷെ നിയമനിര്‍മ്മാണത്തിന്റെ ഭാഗമായ രാഷ്ട്രീയക്കാരെ കാണാന്‍ ഒരു ശുപാര്‍ശയും വേണ്ട. നേരിട്ടു ചെന്നാല്‍ മതി. മുഖ്യമന്ത്രിയെ പോലും പോയി കാണുക വിഷമകരമല്ല. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഏക വിഭാഗമാണത്. അതിനാല്‍ ഈ തൂണിനെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനെ ദുര്‍ബലപ്പെടുത്തുന്നത് ഗുണകരമല്ല.

ഒരു എം.എല്‍.എയുടേയോ, എന്തിന് പഞ്ചായത്ത് പ്രസിഡന്റിന്റെ ദിവസം പോലും രാവിലെ ആറു മണിക്ക് തുടങ്ങും. അപ്പോഴേയ്ക്കും ജനം എത്തിയിരിക്കും. അവരുടെ പരാതികള്‍ കേള്‍ക്കണം. പറ്റാവുന്നവ പരിഹരിക്കണം. അതിനായി അധികൃതരുമായി ബന്ധപ്പെടണം. ഒമ്പതു മണിയോടെ തിരക്കൊന്ന് ഒഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയാല്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി പതിനൊന്നോ പന്ത്രണ്ടോ ആകും.

ഒരു ദിവസം 23 വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. ജനം വിളിക്കുന്നു അപ്പോള്‍ പോകെണ്ടി വരുന്നു. ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചാല്‍ അതു രണ്ട് ദിവസത്തേക്ക് തികയില്ല.

ബസ് അപകടം പോലെ എന്തെങ്കിലും സംഭവിച്ചാല്‍ ഏതു അര്‍ധരാത്രിയിലും രാഷ്ട്രീയക്കാര്‍ ഓടിയെത്തും.

രാവിലെ പത്തുമണിക്ക് മുമ്പ് ഏതെങ്കിലും ഉദ്യോഗസ്ഥരെ വിളിക്കാനൊക്കുമോ? വൈകിട്ട് 5 കഴിഞ്ഞാല്‍ അവര്‍ പിന്നെ ജോലി ചെയ്യുമോ? പക്ഷെ രാഷ്ട്രീയക്കാരന് രാപകല്‍ വ്യത്യാസമില്ല.

ഇത്രയധികം ജോലി ചെയ്യുന്ന എം.എല്‍എമാര്‍ക്കാണ് ശമ്പളം വര്‍ധിപ്പിച്ചപ്പോള്‍ വിമര്‍ശനം വന്നത്. 39,500 എന്നത് 70,000 ആക്കി. രാഷ്ട്രീയക്കാര്‍ക്ക് വേറെ വരുമാനമില്ല. ജോലി സമയം ഏറെയും. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടക്കുന്ന നിയമസഭയാണ് നമ്മുടേത്. ഇവിടെ ചെയ്യുന്നതിന്റെ പകുതി പോലും പ്രവര്‍ത്തിക്കാത്ത മറ്റു സ്റ്റേറ്റുകളിലെ നിയമസഭാംഗങ്ങള്‍ക്ക് രണ്ടു ലക്ഷവും മറ്റും ശമ്പളം കിട്ടുന്നത് ഓര്‍ക്കണം. അഴിമതിക്കും മറ്റും വശംവദരാകാതിരിക്കാന്‍ ശമ്പളവര്‍ദ്ധന തെറ്റല്ല.

മികച്ച ശമ്പളം ലഭിക്കുന്ന ജോലിയായി രാഷ്ട്രീയം മാറിയാല്‍ ഐ.ഐ.ടിയില്‍ പഠിച്ചവരും പ്രഗത്ഭരുമൊക്കെ ഇതിനായി വരും. ഇപ്പോള്‍ മികച്ചവര്‍ ഈ രംഗത്തില്ല. വന്നാല്‍ മത്സരം വരും. തന്നെപ്പോലെ ഇപ്പോഴുള്ളവര്‍ക്ക് ദോഷമാകും. പക്ഷെ മികച്ചവര്‍ വന്നാല്‍ സമൂഹത്തിനു നേട്ടമാകുമെന്നു മറക്കരുത്.

താന്‍ എന്നും കോണ്‍ഗ്രസിനൊപ്പമാണ്. അതിനു മാറ്റമൊന്നും ഇല്ല. മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആഗ്രഹത്തോടെയാണ് താന്‍ രാഷ്ട്രീയത്തില്‍ വന്നത്.

യുവതലമുറയില്‍പ്പെട്ട എം.എല്‍എമാര്‍ ഏതു പാര്‍ട്ടിയിപ്പെട്ടവരാണെങ്കിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. പൊതു കാര്യങ്ങള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കും.

അങ്കമാലിയിലെ ട്രാഫിക് കുരുക്ക് ഇല്ലാതാക്കാന്‍ റോഡ് വികസനത്തിനു് 190 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതുപോലെ ഐ.ടി.ഐ അടുത്ത വര്‍ഷം തുടങ്ങും. സംസ്ഥാനത്ത് അനുവദിച്ച അഞ്ച് ഐ.ടി.ഐകളില്‍ പ്രതിപക്ഷാംഗത്തിനു ലഭിച്ച ഏക ഐ.ടി.ഐ ആണിത്. അതിനായി ഒന്നര വര്‍ഷത്തോളം ഗ്രൗണ്ട് വര്‍ക്ക് ചെയ്തതിനാല്‍ ഗവണ്‍മെന്റിനു അതു ഒഴിവാക്കാന്‍ പറ്റാതെ വന്നു.

എന്‍.എസ്.യു ഐ പ്രസിഡന്റായിരിക്കെ അമേരിക്കയ്ക്ക് വരാന്‍ ടിക്കറ്റ് വരെ എടുത്തതാണ് അതിനിടയ്ക്ക് മന്ത്രി സ്മൃതി ഇറാനിക്കെതിരേ പ്രകടനത്തിനു പോയി. ആവേശം മൂത്ത് മതില്‍ ചാടിക്കടന്നു. പോലീസ് പിടിച്ചു. കേസായില്ലെങ്കിലും വിട്ടയച്ചപ്പോള്‍ പിന്നെ വിമാനത്താവളത്തിലെത്താന്‍ സമയമില്ല. ഇത്തവണ ഇന്ത്യാ പ്രസ് ക്ലബിന്റെ ഫ്ളോറിഡയില്‍ നടന്ന മികച്ച ഉദ്ഘാടന പരിപാടിക്കാണ് എത്തിയത്.

പ്രവാസികളുടെ പ്രശ്‌നനങ്ങള്‍ അറിയാം. തന്റെ ജ്യേഷ്ഠന്‍ അമേരിക്കയിലുണ്ടായിരുന്നു. സഹോദരി ബ്രിട്ടനിലാണ്. പ്രവാസികള്‍ അയയ്ക്കുന്ന കാശുകൊണ്ടാണ് കേരളം നിലനില്‍ക്കുന്നത്. നിങ്ങളുടെ നാട്ടിലുള്ള വസ്തുക്കള്‍ അന്യാധീനപ്പെടാതിരിക്കാനുള്ള നിയമം ശക്തമാക്കുന്നതിനു ശ്രമിക്കും. അതിനു പുറമെ വ്യക്തിപരമായി ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തന്നെ സമീപിക്കാം.

നിയമസഭയില്‍ വാക്കൗട്ട് നടത്തുന്നു എന്നതുകൊണ്ട് ഇറങ്ങിപ്പോകുന്നു എന്നര്‍ത്ഥമില്ല. അഞ്ചുമിനിറ്റ് കഴിഞ്ഞ് തിരിച്ചുവരും. വാക്കൗട്ട് ഒരു പ്രതിഷേധ പ്രകടനമാണ്. നിയമസഭ സ്തംഭിപ്പിക്കുന്നത് ചുരുക്കമാണ്.

മൂക്കന്നൂരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട കുടുംബത്തിലെ 3 കുട്ടികള്‍ ഇപ്പോള്‍ അനാഥാവസ്ഥയിലാണ്. അവരെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും അവര്‍ക്ക് സഹായം എത്തിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ സ്വാഗതം.

ഷിജോ പൗലോസ്, ദേവസി പാലാട്ടി എന്നിവരാണ് യോഗത്തിനു ചുക്കാന്‍ പിടിച്ചത്. ജെംസണ്‍ കുര്യാക്കോസ് ആയിരുന്നു എം.സി.

പ്രസ്‌ക്ലബ് ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ഏഷ്യാനെറ്റ് എഡിറ്റര്‍ ഡോ. കൃഷ്ണ കിഷോര്‍, ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പള്ളി, ടി.എസ് ചാക്കോ, മാധവന്‍ നായര്‍, ജോയി ഇട്ടന്‍, സജിമോന്‍ ആന്റണി, വേള്‍ഡ് മലയാളി കൌണ്‍സില്‍ നേതാവ് പിന്റോ കണ്ണമ്പള്ളി, ഫോമ നേതാക്കളായ ജിബി തോമസ്, അനിയന്‍ ജോര്‍ജ് , അന്നമ്മ മാപ്പിളശേരി, ഏഷ്യാനെറ്റിന്റെ രാജു പള്ളത്ത്, സുനില്‍ ട്രൈസ്റ്റാര്‍ (ഇ- മലയാളി, ഇന്ത്യാ ലൈഫ്) ഫ്രാന്‍സിസ് തടത്തില്‍, മിത്രാസ് രാജൻ  തുടങ്ങിയവര്‍ സംസാരിച്ചു. 
രാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എരാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എരാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എരാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എരാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എരാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എരാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എരാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എരാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എരാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എരാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഖേദകരം: റോജി ജോണ്‍ എം.എല്‍.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക