Image

പെട്ടിക്കുള്ളിലെ ചരിത്രം (അഡ്വ. കുരുവിള വര്‍ഗീസ്)

Published on 01 May, 2018
പെട്ടിക്കുള്ളിലെ ചരിത്രം (അഡ്വ. കുരുവിള വര്‍ഗീസ്)
സിങ്കപ്പൂര്‍ നഗരമദ്ധ്യത്തിലുള്ള മനോഹരമായ ഫോര്‍ട്ട് കാനിംഗ് കുന്നിന്‍ മുകളിലെ ഒരു മരച്ചുവട്ടിലിരുന്നാണ് ഞാനീ കുറിപ്പെഴുതുന്നത്. പുരാതന സിംഗപ്പൂരിലെ രാജാക്കന്മാരെ ഇവിടെയാണ് സംസ്കരിച്ചിരുന്നതെന്നും അവരുടെ ആത്മാക്കള്‍ ഇവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ടെന്നും മലയ് വംശജരുടെയിടയില്‍ ഒരു വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് അവരിതിനെ വിലക്കപ്പെട്ട കുന്ന് എന്നര്‍ത്ഥം വരുന്ന ബുക്കിറ്റ് ലാറങ് ഗാന്‍ (Forbidden Hill) എന്ന് വിളിച്ചിരുന്നു. അങ്ങനെ ഏതോ പരേതാത്മാവ് ക്ഷണിച്ചിട്ടാണ് ഞാനിവിടെ എത്തിയതെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നതിനുമുമ്പ് വന്ന കാര്യം വേഗത്തില്‍ പറയട്ടെ.

സിംഗപ്പൂരിലെ പ്രധാനപ്പെട്ട ഒരു യുദ്ധസ്മാരകവും ടൂറിസ്റ്റ് ആകര്‍ഷണവുമായ “ബാറ്റില്‍ ബോക്‌സ്” എന്ന ഭൂഗര്‍ഭ സൈനിക കേന്ദ്രം ഈ കുന്നിന്‍ മുകളിലാണ്. സിംഗപ്പൂരും ഇന്ത്യയുമായുള്ള സുദീര്‍ഘ ബന്ധത്തിന്‍റെ ത്രസിപ്പിക്കുന്ന ചരിത്രം കേട്ടും വായിച്ചും മനസിലാക്കിയിട്ടുള്ളതുകൊണ്ട് ഇതൊന്ന് കാണുക എന്നതായിരുന്നു എന്റെ വരവിന്റെ ലക്ഷ്യം.

പ്രേതബാധയുള്ള “വിലക്കപ്പെട്ട” കുന്നെങ്ങനെ ടൂറിസ്റ്റ് കേന്ദ്രമായതെന്നുകൂടി പറഞ്ഞെങ്കിലേ കാര്യത്തിലേക്കു കടക്കാന്‍ കഴിയൂ. ആധുനിക സിംഗപ്പൂരിന്റെ പിതാവെന്നറിയപ്പെടുന്ന സ്റ്റാഫോര്‍ഡ് റാഫിള്‍സ് തന്റെ ഔദ്യോഗിക വസതി പണിയാന്‍ തിരഞ്ഞെടുത്തത് അപസര്‍പ്പക കഥകള്‍ അന്തിയുറങ്ങുന്ന ഈ കുന്നിന്‍ മുകളിലായിരുന്നു. പിന്നീടങ്ങോട്ട് മാറിമാറിവന്ന പല ഭരണത്തലവന്മാരും ഗവര്‍ണര്‍മാരും ഇവിടെയാണ് താമസിച്ചത്. അങ്ങനെ ഇതിന് ഗവണ്‍മെന്‍റ് ഹില്‍ എന്നൊരു വിളിപ്പേരുണ്ടായി.പക്ഷേ ഇപ്പോഴിത് അറിയപ്പെടുന്നത് ഫോര്‍ട്ട് കാനിങ് ഹില്‍ എന്ന പേരിലാണ്.1861 ല്‍ ഗവര്‍ണര്‍ ജനറല്‍ ചാള്‍സ് കാനിങ് ഈ കുന്നിന്‍ മുകളില്‍ ഒരു സൈനിക കോട്ട പണിതതോടുകൂടിയാണ് ഈ പേര് കൈവന്നത്.

1920കളില്‍ ഈ കുന്നിന്‍ മുകളിലായിരുന്നു ബ്രിട്ടീഷ് ആര്‍മിയുടെ ആസ്ഥാനം. ഫോര്‍ട്ട് കാനിങ്ങിനെ തെക്കുകിഴക്കന്‍ ഏഷ്യയിലെ ബ്രിട്ടീഷ് സൈനിക നീക്കങ്ങളുടെ സിരാകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ ഒരു ബോംബ് പ്രൂഫ് ബങ്കര്‍ നിര്‍മ്മിക്കാനുള്ള തീരുമാനം സൈനിക നേതൃത്വം കൈക്കൊണ്ടു. ഭൂനിരപ്പില്‍ നിന്ന് ഒന്‍പതുമീറ്റര്‍ താഴെയായി 1936ല്‍ പണിയാരംഭിച്ച ഈ കേന്ദ്രം 1941 ല്‍ പൂര്‍ത്തിയാക്കി. “ബാറ്റില്‍ ബോക്‌സ്” (ആമേേഹല ആീഃ) എന്ന് നാമകരണം ചെയ്ത ഈ ഭൂഗര്‍ഭ കേന്ദ്രത്തിന് 29 മുറികളാണുള്ളത്. ബോംബാക്രമണങ്ങളെ അതിജീവിക്കുവാന്‍ പാകത്തില്‍ ഒരു മീറ്ററിലധികം കനമുള്ള കോണ്‍ക്രീറ്റ് ഭിത്തികളാണ് ഇതിനുള്ളത്.

1942 ഫെബ്രുവരി 15 നു രാവിലെ ഈ ബങ്കറിലിരുന്നാണ് ജനറല്‍ ആര്‍തര്‍ പെഴ്‌സിവലും ഉന്നത സൈനിക മേധാവികളും സിംഗപ്പൂരിനെ ജപ്പാന്റെ മുന്നില്‍ നിരുപാധികം അടിയറ വെക്കാനുള്ള ചരിത്രപ്രധാന തീരുമാനമെടുത്തത്. സിംഗപ്പൂരിന്റെ വീഴ്ചയെ ബ്രിട്ടീഷ് സൈനിക ചരിത്രത്തിലെ ഏറ്റവും ദയനീയമായ കീഴടങ്ങല്‍ എന്നാണ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വിശേഷിപ്പിച്ചത്.

“The worst disaster and largest capitulation in British history".  ബ്രിട്ടീഷ് ചരിത്രത്തില്‍ മാത്രമല്ല, സിംഗപ്പൂരിന്റെയും ദക്ഷിണപൂര്‍വേഷ്യന്‍ ചരിത്രത്തിലും നിര്‍ണായകമായിരുന്നു ആ കീഴടങ്ങലും തുടര്‍ന്നുണ്ടായ ജാപ്പനീസ് തേരോട്ടവും. ജാപ്പനീസ് പട്ടാളത്തിന്റെ അഴിഞ്ഞാട്ടം ഏറെയും നടന്നത് ചൈന, മലയ, സിങ്കപ്പൂര്‍, ബര്‍മ്മ, ആന്‍ഡമാന്‍ എന്നിവിടങ്ങളായിരുന്നു. യുദ്ധം തുടങ്ങി അധികം കഴിയുന്നതിനുമുമ്പുതന്നെ ജപ്പാന്‍കാര്‍ മലയ ആക്രമിച്ചു. കൂട്ടക്കുരുതികളും ക്രൂരതകളുമായി കേവലം രണ്ടുമാസങ്ങള്‍ കൊണ്ട് മലയന്‍ പ്രദേശങ്ങള്‍ പൂര്‍ണമായും കീഴടക്കിയ ജപ്പാന്‍ സേന, മിന്നല്‍ വേഗത്തില്‍ സിംഗപ്പൂര്‍ ദ്വീപിന്റെ വടക്കു ഭാഗത്തു കടന്നപ്പോഴാണ് വന്‍തോതില്‍ നാശനഷ്ടങ്ങളും സിവിലിയന്‍ മരണങ്ങളും ഒഴിവാക്കാന്‍ കീഴടങ്ങുകയാണ് ഉചിതം എന്ന തീരുമാനത്തില്‍ ജനറല്‍ പെഴ്‌സിവലും കൂട്ടരും എത്തിച്ചേര്‍ന്നത്.

“ബാറ്റില്‍ ബോക്‌സി”നുള്ളിലേക്ക് ഗൈഡഡ് ടൂര്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ടിക്കറ്റെടുത്ത് കാത്തിരുന്ന ഞങ്ങള്‍ പത്തുപേരെ ഒരു വനിതാഗൈഡ് ബങ്കറിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോ മുറിയ്ക്കും സന്ദര്‍ശകരില്‍ ഉദ്വേഗം ജനിപ്പിക്കുന്ന ചരിത്രവും കഥകളും പറയാനുണ്ട്. കുറ്റമറ്റ ഓഡിയോവിഷ്വല്‍ സംവിധാനങ്ങളുടെ അകമ്പടിയോടെ “ബാറ്റില്‍ ബോക്‌സി”ന്റെ ചരിത്രവഴികളില്‍ കൂടി കണ്ടും കേട്ടും അനുഭവിച്ചും ഞങ്ങള്‍ ഒന്നര മണിക്കൂര്‍ നീണ്ട യാത്ര പൂര്‍ത്തിയാക്കി പുറത്തുവന്നു.

യുദ്ധകാലത്തുപയോഗിച്ച ഫര്‍ണിച്ചറുകളും വാര്‍ത്താവിനിമയ ഉപകരണങ്ങളും നിര്‍ണ്ണായകമായ കീഴടങ്ങല്‍ തീരുമാനമെടുത്തപ്പോള്‍ എങ്ങനെയൊക്കെ വിന്യസിച്ചിരുന്നുവോ അതേപോലെ തന്നെ മുറികളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ജനറല്‍ പെഴ്‌സിവലിന്റെയും ജന. ബെന്നറ്റ്, ജന. ഹീത്ത്, ജന. സിമ്മണ്‍സ് മുതലായവരുടെ ജീവസ്സുറ്റ മെഴുകുരൂപങ്ങള്‍ അിശേഅശൃരൃമള േഉലളലിരല ഞീീാലെ മേശക്കുചുറ്റും ഒരുക്കിയിരിക്കുന്നത് കണ്ടുനില്‍ക്കുമ്പോള്‍ 76 വര്‍ഷങ്ങള്‍ക്കപ്പുറത്തെ ചരിത്രത്തിന്റെ സാക്ഷിയായ പ്രതീതിയാണ് സന്ദര്‍ശകനില്‍ സൃഷ്ടിക്കുന്നത്. അത്രമാത്രം സൂക്ഷ്മതയോടും യാഥാര്‍ഥ്യബോധത്തോടെയുമാണ് ഇതിന്റെ ഓരോ മുക്കും മൂലയും സജ്ജീകരിച്ചിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധമെന്നു കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഹിറ്റ്‌ലറും നാസി ക്രൂരതകളുമാണ് നമ്മുടെ മനസ്സില്‍ തെളിയുക. എന്നാല്‍ ക്രൂരതയുടെ കാര്യത്തില്‍ ജര്‍മനിയെക്കാള്‍ ഒരു പടി മുന്നിലായിരുന്നു ഉദയസൂര്യന്റെ നാടായ ജപ്പാന്‍. ഏഷ്യന്‍ ഹോളോകാസ്റ്റ് എന്ന് ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ ക്രൂരതകള്‍ ആരെയും ഞെട്ടിക്കുന്നവയാണ്. ദശലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരെയും യുദ്ധത്തടവുകാരെയുമാണ് അതിക്രൂരമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊന്നൊടുക്കിയത്.

ഇത്തരം യുദ്ധകാല ക്രൂരവിനോദങ്ങള്‍ക്ക് ഇരയായവരില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികരുമുണ്ടായിരുന്നു എന്നോര്‍ക്കുക. യുദ്ധചരിത്ര രചയിതാക്കളും യുദ്ധസ്മാരകങ്ങള്‍ ചമച്ചവരും യുദ്ധം പശ്ചാത്തലമാക്കി സിനിമകള്‍ നിര്‍മ്മിച്ചവരുമൊന്നും ഇന്ത്യക്കാരുടെ പങ്ക് വേണ്ടവിധം പരാമര്‍ശിച്ചിട്ടില്ല എന്നത് ഒരു ദുഃഖസത്യമായി ഇന്നും നിലനില്‍ക്കുന്നു. 2014 ല്‍ ശശി തരൂര്‍ എഴുതിയ
The Great War’s Forgotten Soldiers”  എന്ന ലേഖനത്തിന്റെയും രഘു കര്‍ണാഡിന്റെ Farthest Field(അകലങ്ങള്‍ക്കപ്പുറത്തെ യുദ്ധഭൂമി) എന്ന പുസ്തകത്തിന്റെയുമൊക്കെ പ്രമേയം (തരൂരിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍) ചരിത്രത്തിലെ ഈ “മറവിരോഗം” (Historical Amnesia) ) ആണ്. ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ, സൗത്ത് ആഫ്രിക്ക മുതലായ രാജ്യങ്ങളുടെയൊക്കെ പങ്കിനെപ്പറ്റി യുദ്ധ ചരിത്ര രചനകളില്‍ നിറം പിടിപ്പിച്ച വിവരണങ്ങള്‍ നല്‍കുമ്പോള്‍ ലക്ഷക്കണക്കിന് ജവാന്മാരെ യുദ്ധമുന്നണിയിലേക്കയച്ച, പതിനായിരങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ച, അതിലധികം പേര്‍ ഗുരുതരമായി മുറിവേറ്റ ഇന്ത്യയുടെ മഹത്തായ ത്യാഗചരിത്രത്തെപ്പറ്റി അര്‍ഹിക്കുന്ന പരാമര്‍ശമുണ്ടായിട്ടില്ല എന്ന് തരൂര്‍ രൂക്ഷമായ ഭാഷയിലാണ് ഈ ലേഖനത്തില്‍ വിമര്‍ശിക്കുന്നത്.

രണ്ടു മഹായുദ്ധങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരെ ചരിത്രം നിഷ്കരുണം അവഗണിച്ചുവെന്നതാണ് സത്യം. കാരണം അവര്‍ പൊരുതിയത് തങ്ങളുടെ മാതൃരാജ്യത്തിനുവേണ്ടിയല്ലായിരുന്നു, അത് മറ്റാരുടെയോ യുദ്ധമായിരുന്നു. സ്വന്തം ജനങ്ങള്‍ പോലും അവരെ വേണ്ടവിധം സ്മരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തരൂര്‍ ചോദിക്കുന്നു “ദിവസേനയെന്നോണം ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റ് സന്ദര്‍ശിക്കുന്ന ജനങ്ങളില്‍ എത്രപേര്‍ ഓര്‍ക്കുന്നു 1931 ല്‍ പണിതുയര്‍ത്തിയ ഈ മനോഹര കവാടം ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യുവടഞ്ഞ ഇന്ത്യന്‍ സൈനികര്‍ക്കുള്ള സ്മാരകമാണെന്ന്?” ശരിയല്ലേ, നമുക്കില്ലാത്ത ബഹുമാനവും ചരിത്രബോധവും മറ്റുള്ളവര്‍ക്ക് എങ്ങനെയുണ്ടാവും? രഘു കര്‍ണാഡിന്റെ വീക്ഷണത്തില്‍ രണ്ടുതലത്തിലാണ് ഒരാളുടെ മരണം സംഭവിക്കുന്നത്. ആദ്യത്തേത് ഭൗതികശരീരം മരണപ്പെടുമ്പോള്‍. പിന്നീട് നമ്മെക്കുറിച്ചുള്ള ഓര്‍മകള്‍ കൊണ്ടുനടക്കുന്ന മറ്റുള്ളവര്‍കൂടി മരിക്കുമ്പോള്‍. ഈ രണ്ടാമത്തെ മരണം സംഭവിക്കുമ്പോള്‍ വ്യക്തികള്‍ ലോകത്തില്‍നിന്ന് പൂര്‍ണമായി വിടപറയുന്നു. 'അകലങ്ങള്‍ക്കപ്പുറം' എന്ന സങ്കല്‍പ്പംതന്നെ അതാണ്. ഇരുപത്തഞ്ചുലക്ഷത്തോളം ഇന്ത്യക്കാര്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ലക്ഷക്കണക്കിന് പട്ടാളക്കാരാണ് യുദ്ധഭൂമിയില്‍ മരിച്ചുവീണത്. അസംഖ്യം പേര്‍ രോഗങ്ങള്‍ക്കും പട്ടിണിക്കും ഇരയായി. എന്നിട്ടും നമ്മുടെ ചരിത്രമെഴുത്തുകളില്‍ രണ്ടാം ലോകമഹായുദ്ധം വേണ്ടവിധത്തില്‍ ഇടംപിടിച്ചില്ല ...!

“ബാറ്റില്‍ബോക്‌സെന്ന” ഈ പെട്ടിയില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ എനിക്ക് തോന്നിയത് പുരാതന സിംഗപ്പൂരിലെ രാജാക്കന്മാരുടെ മാത്രമല്ല സ്വന്തം നാട്ടുകാരാല്‍ പോലും വിസ്മരിക്കപ്പെട്ട അനേകായിരം ഇന്ത്യക്കാരുടെ ആത്മാക്കളും ഈ കുന്നില്‍ അലഞ്ഞുതിരിയുന്നുണ്ടായിരിക്കാം എന്നാണ്..
പെട്ടിക്കുള്ളിലെ ചരിത്രം (അഡ്വ. കുരുവിള വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക