Image

അവെഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാറിന്റെ നേട്ടം 800 മില്യന്‍ ഡോളര്‍ കടന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 04 May, 2018
അവെഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാറിന്റെ നേട്ടം 800 മില്യന്‍ ഡോളര്‍ കടന്നു (ഏബ്രഹാം തോമസ്)
അവെഞ്ചേഴ്‌സ് പരമ്പരയില്‍ പുതിയ ഹോളിവുഡ് ചിത്രം ഇന്‍ഫിനിറ്റി വാര്‍ ആരംഭിച്ചത് സര്‍വകാല റെക്കോര്‍ഡ് കളക്ഷനിലൂടെയാണ്. അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ചിത്രം നേടിയത് അമേരിക്കയില്‍ 305.9 മില്യന്‍ ഡോളര്‍(സ്റ്റാര്‍വാഴ്‌സ്: ദഫോഴ്‌സ് അവേക്കന്‍സ് മാത്രമേ ഇതിന് മുമ്പ് ഇത്രയും ചുരുങ്ങിയ ദിവസങ്ങളില്‍ 300 മില്യന്‍ ഡോളര്‍ നേടിയിട്ടുള്ളൂ. വിദേശ രാജ്യങ്ങളില്‍ നിന്ന് നേടിയ 502.5 മില്യന്‍ ഡോളര്‍ കൂടി ചേര്‍ക്കുമ്പോ അഞ്ച് ദിവസത്തെ മൊത്തം സാമ്പത്തികനേട്ടം 800 മില്യന്‍ ഡോളറായി. ഇത് ഹോളിവുഡിലെ ചരിത്രനേട്ടമാണ്.

മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ 800 മില്യന്‍ ഒന്‍പതാമത്തെ ചിത്രമാണിത്. കഴിഞ്ഞ വര്‍ഷത്തെ തോര്‍: റാഗ്നാരോക്കിനെയും(854 മില്യന്‍ ഡോളര്‍), ഗ്വാര്‍ഡിയന്‍സ് ഓഫ് ദ ഗ്യാലക്‌സിയെയും(864 മില്യന്‍ ഡോളര്‍), സ്‌പൈഡര്‍ മാന്‍: ഹോം കമിംഗിനെയും (880 മില്യന്‍ ഡോളര്‍) രണ്ടാമത്തെ ആഴ്ച ബോക്‌സ് ഓഫീസ് നേട്ടത്തില്‍ ഈ ചിത്രം മറികടക്കും എന്നാണ് കരുതുന്നത്. ചൈനയില്‍ ചിത്രം മെയ് 11 നേ റിലീസ് ചെയ്യൂ. ആ രാജ്യത്തെ കളക്ഷന്‍ കൂടിയാവുമ്പോള്‍ വളരെ വേഗം ഒരു ബില്യണ്‍ ഡോളര്‍ നേട്ടം ചിത്രത്തിനുണ്ടാവുമെന്ന ചലച്ചിത്ര വ്യവസായ പണ്ഡിതര്‍ പ്രവചിക്കുന്നു.
മാര്‍വെല്‍ ഈ ചിത്രം ഐമാക്‌സ് കാമറകളിലാണ് ചിത്രീകരിച്ചത്. 715 ഐമാക്‌സ് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച് ആദ്യപ്രദര്‍ശനത്തില്‍ ഈ തിയേറ്ററുകളില്‍ നിന്ന് മാത്രം 21 മില്യന്‍ ഡോളര്‍ നേടി. പെര്‍ സ്‌ക്രീന്‍ ആവറേജി(പിഎസ്എ)ല്‍ ചിത്രം രണ്ടാമതെത്തി(55, 878 ഡോളര്‍ വീതം). മാര്‍വല്‍ സ്റ്റഡിയോസ് പത്താം വാര്‍ഷികം ആഘോഷിക്കുകയാണ് 2018 ല്‍. ഈ ചിത്രത്തോടുകൂടി മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഇതുവരെയുള്ള സാമ്പത്തികനേട്ടം 15.5 ബില്യണ്‍ ഡോളറായി.

കല്പിത കഥാതന്തുവില്‍ സാങ്കേതികതയുടെ മികവ് പ്രേക്ഷകരെ പിടിച്ചിരുത്തുവാന്‍ സഹായിക്കുന്നു. എങ്കിലും രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യം പ്രേക്ഷകസ്വാഗതം ഒരല്പം ദുരുപയോഗപ്പെടുത്തി വലിച്ചു നീട്ടിയതായി അനുഭവപ്പെടും. പല ഉപകഥകളുമായി നീങ്ങുന്ന തിരക്കഥ(നാല് പേര്‍, ക്യാപ്റ്റന്‍ അമേരിക്ക- രണ്ട് പേര്‍, സ്റ്റാര്‍ലോര്‍ഡ്- രണ്ടുപേര്‍, റോക്കറ്റ് റാക്കൂണ്‍- രണ്ട് പേര്‍, ഗമോറ ആന്റ്ഡ്രാക്‌സ്-ഒരാള്‍, ഗുട്ട്- മൂന്നുപേര്‍, മാന്റിസ്-രണ്ടുപേര്‍) ചുരുളഴിയുമ്പോള്‍ ബന്ധിപ്പിക്കലിന് കാഴ്ചക്കാരന് ബുദ്ധിമുട്ടും. സാങ്കേതികതയും സംഘട്ടനവും ദ്വന്ദയുദ്ധങ്ങളും രൂപാന്തരവും മനുഷ്യരും ജീവജാലങ്ങളും നാശോന്മുഖമാവുന്നതും കണ്ട് ആസ്വദിക്കുന്ന യുക്തി അന്വേഷിച്ചു എന്ന് വരില്ല.

ബ്ലാക്ക് പാന്ഥറിന്റെ സാമ്പത്തികവിജയം അതേ പശ്ചാത്തലവും കഥാപാത്രങ്ങളും ആവര്‍ത്തിച്ച് രണ്ട് റീലോളം ഒരു പ്രേക്ഷക വിഭാഗത്തിന്റെ കൈയടി ഉറപ്പാക്കിയിട്ടുണ്ട്. ഇതേ ഫോര്‍മുല മറ്റ് ചിത്രങ്ങളില്‍ നിന്നും കടം വാങ്ങുവാനും പ്രേരകമായിട്ടുണ്ട്.
അഭിനയ മികവ് പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണെന്ന് ഓരോ അഭിനേതാവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. റോബര്‍ട്ട് ഡൗണി ജൂനിയര്‍, ക്രിസ് ഹെംവെര്‍ത്ത്, മാര്‍ക്ക് റഫാലോ, ക്രിസ് ഇവന്‍സ്, സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍, ജോണ്‍ ചീഡല്‍, ബെനഡിക്ട് കമ്പര്‍ ബാച്ച്, ടോം ഹോളണ്ട്, ചാഡ് വിക്ക് ബോഡ്മാന്‍, സോ സാല്‍ഡന, കരേന്‍ജില്ലന്‍, ടോം ഹിഡില്‍സ്റ്റന്‍, പോള്‍ ബെറ്റനി  എന്നിങ്ങനെ ഒരു വലിയ താരനിരയുടെ പ്രതിഭ പാഴാക്കിക്കളഞ്ഞിരിക്കുകയാണ്. പ്രേക്ഷക ഹൃദയം തൊട്ടുണര്‍ത്തുന്ന വികാരഭരിത രംഗങ്ങളുടെ അഭാവം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന് നികത്താനാവില്ല.

സംവിധായകര്‍(ആന്തണി റൂസോ, ജോ റൂസോ) ശ്രദ്ധിച്ചത് ഒരു മായാലോകസൃഷ്ടിയില്‍ പ്രേക്ഷകരെ ആദ്യന്തം പിടിച്ചിരുത്തുവാനാണ്. ഈ ഉദ്യമത്തില്‍ ഇവരും സാങ്കേതികവിദഗ്ധരും അണിയറ പ്രവര്‍ത്തകരും വിജയിച്ചിട്ടുണ്ട്. അവസാന റീലുകളില്‍ നായക കഥാപാത്രങ്ങള്‍ ഓരോന്നായി തവിടുപൊടിയായി നശിക്കുന്നത് കാണുമ്പോള്‍ ഇവരുടെ ആരാധകര്‍ ബദ്ധപ്പെട്ടേക്കും. പ്രതിനായകന്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഫോര്‍മുലയായി മാറിക്കഴിഞ്ഞിരിക്കുന്ന ന്യൂയോര്‍ക്കിലെ തെരുവില്‍ തന്നെയാണ്. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത അവെഞ്ചേഴ്‌സിന്റെ നാലാം ഭാഗം 2019 ല്‍ പുറത്തുവരുന്നത് വരെ ആരാധകര്‍ക്ക് കാത്തിരിക്കാം. ചിത്രം അവസാനിക്കുമ്പോള്‍ അണിയറയില്‍ പ്രവര്‍ത്തിച്ച ആയിരക്കണക്കിന് വ്യക്തികളുടെ പേരുകള്‍ കാട്ടുന്നുണ്ട്. ഇവയില്‍ അവസാന ചില സാങ്കേതിക വിഭാഗങ്ങളില്‍ പത്തോ ഇരുപതോ ഇന്ത്യന്‍ വംശജരുടെ പേരുകള്‍ കണ്ടു. അയ്യായിരത്തില്‍ ഇരുപത് ആശ്വസിക്കുവാന്‍ വക നല്‍കുമോ? അറിയില്ല.

അവെഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാറിന്റെ നേട്ടം 800 മില്യന്‍ ഡോളര്‍ കടന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക