Image

ഇതു നമ്മുടെ മാലാഖമാര്‍ (പകല്‍ക്കിനാവ്- 101: ജോര്‍ജ് തുമ്പയില്‍)

Published on 04 May, 2018
ഇതു നമ്മുടെ മാലാഖമാര്‍ (പകല്‍ക്കിനാവ്- 101: ജോര്‍ജ് തുമ്പയില്‍)
നേഴ്‌സുമാര്‍ നമ്മുടെ മാലാഖമാരാണ്. അവര്‍ തൂവെള്ള യൂണിഫോമില്‍ മന്ത്രിക്കുന്നത് ശാന്തിയുടെ ആശ്വാസഗീതമാണ്. ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ഒരു ഡോക്ടറില്ലെങ്കിലും കുഴപ്പമില്ല, എന്നാല്‍ ഒരു നേഴ്‌സ് ഇല്ലാത്ത അവസ്ഥയെക്കുറിച്ച് നമുക്ക് ആലോചിക്കാനാവുമോ? കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നാട്ടിലേക്ക് നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്, നേഴ്‌സുമാര്‍ തെരുവിലിറങ്ങി ശമ്പളത്തിനു വേണ്ടി നിലവിളിക്കുന്ന കാഴ്ചയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇതു കേള്‍ക്കുന്നു. അടിസ്ഥാന കൂലി പോലും നിശ്ചയിക്കാതെ പലരും തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന കാഴ്ചകള്‍ എത്രയോ നാം കണ്ടതാണ്. ഇപ്പോഴും അതു കേട്ടു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം തന്നെ എത്ര തവണ കേരളത്തിലെ നേഴ്‌സുമാരില്‍ നിന്നും ശമ്പളവര്‍ദ്ധനവിനു വേണ്ടിയും തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളി നാം കേട്ടിരിക്കുന്നു. ഒടുവില്‍, വൈകി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.

ജീവനു തുണയായി നില്‍ക്കുന്ന ഈ മാലാഖമാര്‍ക്ക് ഇനി മുതല്‍ 2000 രൂപ വരെ ശമ്പളം നല്‍കുന്നതായിരിക്കും. ഇതു നിയമമാക്കി മാറ്റിയിരിക്കുന്നു. കേരളത്തില്‍ നിന്നും അടുത്ത കാലത്ത് കേട്ട നല്ലൊരു വാര്‍ത്ത. സ്വകാര്യ ആശുപത്രികള്‍ പലപ്പോഴും നേഴ്‌സിങ്ങ് ചാര്‍ജിനത്തില്‍ രോഗിയില്‍നിന്ന് പ്രതിദിനം 500 മുതല്‍ 3000 രൂപ വരെ ഈടാക്കുമ്പോഴാണ് തുച്ഛവേതനം നല്‍കി നേഴ്‌സുമാരെ കബളിപ്പിച്ചിരുന്നത് എന്നു കൂടി നാം ഓര്‍ക്കണം. നമ്മുടെ സഹോദരിമാരായിരുന്നു എന്ന പരിഗണന പോലും പലപ്പോഴും നാം ഇവര്‍ക്കു നല്‍കിയിരുന്നില്ല. പരമോന്നതമായ നീതിപീഠമാണ് മാലാഖമാര്‍ക്കു വേണ്ടി ഒരു വേതന വര്‍ദ്ധന കമ്മിറ്റിയെ നിര്‍ദേശിച്ചതും ഇപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ അതു നടപ്പിലാക്കിയതും. അപ്പോഴും ഉത്തരേന്ത്യയിലെ പല ആശുപത്രികളിലും നൂറു രൂപയില്‍ താഴെ മാത്രമാണ് നേഴ്‌സുമാരുടെ പ്രതിദിന ശമ്പളം എന്നു കൂടി ഓര്‍ക്കണം.


അമേരിക്കയിലെ നേഴ്‌സുമാരില്‍ നിന്നും കേരളത്തിലെ നേഴ്‌സുമാരോട് എനിക്കുള്ള ആദരവിന്റെ പ്രധാന കാരണം, ഈ തുച്ഛ തുകയ്ക്കും അവര്‍ അനുഷ്ഠിച്ചു വരുന്ന കഠിനജോലിയാണ്. അതും പന്ത്രണ്ടു മണിക്കൂര്‍ വരെ തുടര്‍ച്ചയായ ജോലി. നൈറ്റ് ഡ്യൂട്ടിയെക്കുറിച്ചൊന്നും പറയാതിരിക്കുകയാവും നല്ലത്. വൈകുന്നേരം ആറു മണിക്ക് തൂവെള്ള യൂണിഫോം വലിച്ചു കയറ്റിയിട്ടാല്‍ പിന്നെ ഊരുന്നത് പലപ്പോഴും പിറ്റേന്ന് രാവിലെ അടുത്ത ജോലിക്കായി നേഴ്‌സ് രാവിലെ എട്ടു മണിക്ക് വരുമ്പോഴായിരിക്കും. ഇതൊന്നും കേരളത്തിലെ തൊഴില്‍ മേലാളന്മാര്‍ കണ്ടിരുന്നില്ലെന്നതാണ് സത്യം. വടക്കേ ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ മുതല്‍ ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലും മലയാളി നേഴ്‌സുമാരെ കണ്ടിട്ടുണ്ട്. അവരെല്ലാവരും കര്‍മ്മമേഖലയില്‍ അവരുടേതായ മികവ് തെളിയിച്ചവരാണ്. കേരളത്തിലും അങ്ങനെ തന്നെ. എന്നാല്‍ സ്വയം ഒന്ന് ആലോചിച്ചു നോക്കൂ, ഇത്രയൊക്കെ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടും നമ്മുടെ സമൂഹം നേഴ്‌സുമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന രീതിയിലുള്ള അംഗീകാരം നല്‍കിയിട്ടുണ്ടോ?

അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നേഴ്‌സുമാര്‍ക്ക് വലിയ അംഗീകാരമുണ്ട്. അവര്‍ക്ക് ജോലിയില്‍ നല്ല പ്രാധാന്യവും അംഗീകാരവും നല്‍കുന്നു. അത്തരത്തിലുള്ള നിരവധി ആനുകൂല്യങ്ങളുമുണ്ട്. അപ്പോഴാണ്, ജീവിക്കാനാവശ്യമായ മിനിമം വേതനത്തിനായി നമ്മുടെ സഹോദരിമാരായ കുട്ടികള്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്നത്. ഇതു സങ്കടകരം തന്നെ! നഴ്‌സ് സമരം ശക്തമായി മുന്നേറുമ്പോള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും അവര്‍ക്ക് പിന്തുണ വര്‍ധിച്ചിരുന്ന കാര്യം കൂടി ഓര്‍ക്കണം. ഓരോ പ്രവാസിയും നേഴ്‌സിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാനാണ്.

2013 ല്‍ ആണെന്ന് തോന്നുന്നു തങ്ങള്‍ നേരിടുന്ന ചൂഷണത്തിനെതിരെ നേഴ്‌സുമാര്‍ പരസ്യമായി രംഗത്തിറങ്ങിയത്. നടപ്പിലാക്കേണ്ട വേതനപരിഷ്ക്കരണത്തെക്കുറിച്ച് സുപ്രീം കോടതി ഓര്‍ഡര്‍ ഇറക്കുകയും അന്നു ചെയ്തിരുന്നു. പക്ഷേ പ്രാവര്‍ത്തികമായത് ഇപ്പോഴാണെന്നു മാത്രം. അതു സംസ്ഥാനത്തെ മുഴുവന്‍ നേഴ്‌സുമാരും തെരുവില്‍ ഇറങ്ങിയപ്പോള്‍. സാധാരണ തൊഴിലാളികള്‍ക്കുപോലും കേരളത്തില്‍ 800 മുതല്‍ 1000 രൂപ വരെ പ്രതിദിനം വേതനം ലഭിക്കുമ്പോള്‍ നേഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്നതു വെറും 350 രൂപ മാത്രമായിരുന്നുവെന്നത് ആലോചിക്കണം. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കേരളത്തിലെ നേഴ്‌സുമാര്‍ നടത്തുന്ന പെടാപ്പാടിനെക്കുറിച്ച് അവിടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും പലപ്പോഴും എന്നോടു പറഞ്ഞിട്ടുമുണ്ട്. പതിനായിരം രൂപ പോലും തികച്ച് കയ്യില്‍ കിട്ടാതെ ജോലി ചെയ്യുന്ന അനേകം നേഴ്‌സുമാരുടെ നീതിക്കുവേണ്ടിയുള്ളതാണ് ഈ സമരം. രോഗികളെ മറന്നുകൊണ്ടല്ല അവര്‍ സമരം ചെയ്യുന്നത്.. രോഗികളോടല്ല അവരുടെ എതിര്‍പ്പ്.. അവര്‍ നിഷേധിക്കുന്നതും കലാപം ഉയര്‍ത്തുന്നതും ഒരു വ്യവസ്ഥിതിയോടാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കേരളത്തിലെ സാമൂഹ്യ സാമ്ബത്തിക സാഹചര്യങ്ങളില്‍ നേഴ്‌സിങിന് ചേരുന്ന കുട്ടികളില്‍ ഭൂരിഭാഗവും രാഷ്ട്രീയമായി വലിയ 'പിടി' ഇല്ലാത്ത തലത്തില്‍ നിന്നാണ് വരുന്നത്. അതുകൊണ്ടുതന്നെയാണ് ഇവരുടെ പ്രശ്‌നങ്ങള്‍ അര്‍ഹമായ ഗൗരവത്തോടെ സമൂഹം ചര്‍ച്ച ചെയ്യാത്തത്. അതേസമയം ഈ കുട്ടികളുടെ പ്രശ്‌നം ശരിക്കും ഗുരുതരമാണു താനും. ബാങ്ക് ലോണ്‍ ഒക്കെയെടുത്താണ് മിക്കവാറും കുട്ടികള്‍ കേരളത്തിന് പുറത്തുപോയി നേഴ്‌സിങ് പഠിക്കുന്നത്. അതിനുശേഷം തിരിച്ചുവന്ന് ഇവിടെ ജോലിചെയ്യുമ്‌ബോള്‍ സ്വന്തം ചിലവ് നടത്താനും ലോണ്‍ തിരിച്ചടക്കാനുമുള്ള മിനിമം വരുമാനമെങ്കിലും അവര്‍ക്ക് കിട്ടണ്ടേ?

ഒരു നേഴ്‌സിന് ചെയ്യാന്‍ കഴിയുന്നത് നേഴ്‌സിന് മാത്രം ചെയ്യാന്‍ കഴിയുന്നതാണ്. അത് നാം സമ്മതിച്ചേ മതിയാകൂ. ഡോക്ടറുടെ താരപരിവേഷം ഇല്ലെങ്കിലും ഡോക്ടറെക്കാള്‍ കൂടുതല്‍ രോഗിക്ക് വേണ്ടി കഷ്ടപ്പെടുന്നതും അവരുടെ അടുക്കല്‍ സമയം ചെലവഴിക്കുന്നതും ഈ പാവം പിടിച്ച നേഴ്‌സുമാരല്ലേ. അതാരും ഓര്‍ക്കുന്നതേയില്ല. അല്ലെങ്കിലും കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച നാം അറിയില്ലല്ലോ....
Join WhatsApp News
Amerikkan Mollaakka 2018-05-05 10:18:02
ജനാബ് ജോർജ് സാഹിബിനു ഒരു സല്യൂട് ! ഇങ്ങടെ ലേഖനങ്ങൾ സമൂഹത്തിന്റെ ഹൃദയമിടിപ്പുകളാണ്.  പടച്ചോൻ നിങ്ങൾക്ക് കൃപ നൽകട്ടെ. പിന്നെ നേഴ്‌സുമാർ മാലാഖമാർ, പറഞ്ഞിട്ടെന്തു കാര്യം.  നമ്മൾ അമേരിക്കയിൽ വന്നപ്പോൾ ഞമ്മടെ പത്രാസ് കണ്ടപ്പോൾ (ഉപ്പാന്റെ കയ്യിൽ പണമുണ്ടായിരുന്നു)     കേട്ട ചോദ്യം "ഭാര്യ നേഴായിരിക്കും അല്ലെ". നേഴിസിനെക്കുറിച്ച് മലയാളിയുടെ മനോഭാവം നല്ലതല്ല സായ്‌വേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക