Image

അശ്വതി ജ്വാലയ്‌ക്കെതിരേയുള്ള പരാതി വ്യാജമെന്നു പോലീസ്, അന്വേഷണം അവസാനിപ്പിക്കുന്നു

Published on 05 May, 2018
അശ്വതി ജ്വാലയ്‌ക്കെതിരേയുള്ള പരാതി വ്യാജമെന്നു പോലീസ്, അന്വേഷണം അവസാനിപ്പിക്കുന്നു

കൊല്ലപ്പെട്ട വിദേശവനിതയുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന കോവളം സ്വദേശിയുടെ പരാതിയില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. പരാതിക്കാരനില്‍ നിന്നും മൊഴിയെടുത്തെങ്കിലും കാര്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും അതിനാല്‍ പരാതി വ്യാജമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും പോലീസ് അറിയിച്ചു.

വിദേശവനിതയെ കാണാതായപ്പോള്‍ പരാതി പറയാനെത്തിയ ബന്ധുക്കളെ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും അവഗണിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് അശ്വതി ജ്വാലയ്‌ക്കെതിരെ പണപ്പിരിവ് പരാതി ഉയര്‍ന്നത്. ഇത് സംബന്ധിച്ച കോവളം സ്വദേശി അനില്‍കുമാറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. തുടര്‍ന്ന് അശ്വതിയെ തെളിവെടുപ്പിനായി വിളിപ്പിച്ചത് സംസ്ഥാനത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. 

സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പകപോക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി രംഗത്ത് വന്നതോടെ വിവാദങ്ങള്‍ കനത്തു. തങ്ങള്‍ക്ക് വേണ്ടി അശ്വതി പണം പിരിച്ചിട്ടില്ലെന്നായിരുന്നു വിദേശവനിതയുടെ ബന്ധുക്കളുടെയും നിലപാട്. അതേസമയം, പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണെന്ന സംശയവും പോലീസിനുണ്ട്.

വിദേശ വനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ അവരുടെ ബന്ധുക്കളോടൊപ്പം അശ്വതി ജ്വാലയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന പരാതി വന്നത്. മരണപ്പെട്ട വിദേശ വനിതയുടെ പേരില്‍ അശ്വതി ജ്വാല മൂന്നു ലക്ഷത്തിലധികം രൂപ പിരിച്ചെന്നായിരുന്നു പരാതി. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അശ്വതി ജ്വാല നിഷേധിച്ചിരുന്നു. പക്ഷേ, പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് വ്യക്തമാക്കിയ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് പരാതി വ്യാജമാണമെന്ന സംശയം ബലപ്പെട്ടത്.

പരാതി നല്‍കിയ അനില്‍കുമാര്‍ കോവളം പനങ്ങോട് കെപിഎംഎസിന്റെയും ബിഡിജെഎസിന്റെയും പ്രാദേശിക നേതാവാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളില്‍ നിന്ന് പോലീസ് സംഘം വിശദമായി മൊഴിയെടുത്തെങ്കിലും ആരോപണങ്ങളെ സംബന്ധിച്ചുള്ള തെളിവുകളൊന്നും ലഭിച്ചില്ല. തെളിവുകള്‍ ഹാജരാക്കാന്‍ സമയം നല്‍കിയിട്ടും ഇയാള്‍ അതിനും തയ്യാറായില്ല. ഇതോടെയാണ് പരാതി വ്യാജമാണെന്ന് പോലീസിന് സംശയം ബലപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക