Image

ജിന്നയും ഗാന്ധിയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപോലെ സംഭാവന ചെയ്‌തവര്‍: സമാജ്‌വാദി എം.പി

Published on 05 May, 2018
ജിന്നയും ഗാന്ധിയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപോലെ സംഭാവന ചെയ്‌തവര്‍:  സമാജ്‌വാദി എം.പി


ഗൊരഖ്‌പുര്‍: അലിഗഡ്‌ മുസ്ലീംയൂണിവേഴ്‌സിറ്റിയില്‍ പാകിസ്‌താന്‍ രാഷ്ട്രപിതാവ്‌ മുഹമ്മദലി ജിന്നയുടെ ചിത്രം സ്ഥാപിച്ച വിവാദത്തിന്‌ ചൂടേറുന്നു. ജിന്നയെ അനുകൂലിച്ച്‌ ഗൊരഖ്‌പൂരിലെ സമാജ്‌വാദി പാര്‍ട്ടി എം.പി പ്രവീണ്‍ നിഷാദ്‌ രംഗത്തെത്തി. സ്വാതന്ത്ര്യസമരകാലത്ത്‌ ജിന്ന നല്‍കിയ സംഭാവനകള്‍ മഹാത്മാഗാന്ധിയുടേതിനു സമാനമാണെന്നും ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും നിഷാദ്‌ പറഞ്ഞു.

ചിത്രം സ്ഥാപിച്ചത്‌ ചോദ്യം ചെയ്‌ത്‌ ബി.ജെ.പി എം.പി സതീഷ്‌ ഗൗതം യൂണിവേഴ്‌സിറ്റിക്ക്‌ കത്ത്‌ നല്‍കിയതോടെയാണ്‌ വിവാദം ചൂടുപിടിച്ചത്‌.

ജിന്നയുടെ പേരില്‍ ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്‌. അത്‌ അങ്ങേയറ്റം അപലപനീയമാണ്‌. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌ നെഹ്‌റുവും ഗാന്ധിജിയും വലിയ സംഭാവന നല്‍കിയവരാണ്‌. എന്നുകരുതി, ജിന്നയുടെ സംഭാവനയെ കണ്ടില്ലെന്ന്‌ നടിക്കരുത്‌. ജിന്നയും തതുല്യമായ സംഭാവന നല്‍കിയിട്ടുണ്ട്‌. ഗാന്ധിയോ നെഹ്‌റുവോ വീര്‍സവാര്‍ക്കറോ എന്ന്‌ വേര്‍തിരിവില്ല, എല്ലാ ജാതിയിലും മതത്തിലുമുള്ളവര്‍ നിര്‍ണയകമായ പങ്ക്‌ വഹിച്ചിട്ടുണ്ടെന്നും പ്രവീണ്‍ നിഷാദ്‌ പറയുന്നു.

യൂണിവേഴ്‌സിറ്റി കവാടത്തില്‍ സമരം ചെയ്‌ത വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ്‌ നടപടിയേയും നിഷാദ്‌ വിമര്‍ശിച്ചു. വലത്‌ തീവ്രവാദ ശക്തികള്‍ ബുധനാഴ്‌ച കാമ്‌ബസില്‍ കടന്ന്‌ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ നിന്ന്‌ ജിന്നയുടെ ചിത്രം നീക്കാനാണ്‌ തീവ്രവാദ ശക്തികള്‍ അവിടെ എത്തിയത്‌. പതിറ്റാണ്ടുകളായി അവിടെയിരിക്കുന്ന ചിത്രമാണിതെന്നും നിഷാദ്‌ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക