Image

ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളിയ്ക്ക് മറുപടിയുമായി വി മുരളീധരന്‍

Published on 05 May, 2018
ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളിയ്ക്ക് മറുപടിയുമായി വി മുരളീധരന്‍
ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്. ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ ആണെന്നും ബിഡിജെഎസ്സുമായി നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പള്ളിയുടെ അഭിപ്രായത്തോട് ബിഡിജെഎസ് പ്രതികരിക്കട്ടെയെന്നും ബിഡിജെഎസും ബിജെപിയും തമ്മില്‍ തര്‍ക്കങ്ങളില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നും ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ഇത് നല്ലതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

മനസുകൊണ്ട് തളര്‍ന്ന അണികളാണ് ബിഡിജെഎസിന് ഇപ്പോഴുള്ളതെന്നും ഇനിയും ബിജെപിയുമായി സഖ്യം തുടര്‍ന്നാല്‍ അണികള്‍ അതിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറയുന്നവര്‍ പിന്നാലെ വരുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ രംഗത്തു വന്നിരുന്നു. ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസ് തനിച്ച് മത്സരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടതു വിവാദമായിരുന്നു. ബി.ജെ.പിയെ പാഠം പഠിപ്പിക്കുവാന്‍ ഇത് അത്യാവശ്യമാണെന്നും, ഇനി ബി.ജെ.പിയുമായി സഖ്യം തുടര്‍ന്നാല്‍ അണികള്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറുന്നവര്‍ പിന്നാലെ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചതില്‍ പകുതി വോട്ടുകളും ബി.ഡി.ജെ.എസിന്റേതായിരുന്നു. ഇത്തവണ എന്‍.ഡി.എയിലെ മുന്നണിബന്ധം ശക്തമല്ലെന്നും അത് ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയുമായാണ് മുരളീധരന്‍ രംഗത്തു വന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക