Image

കാള്‍ മാക്‌സിന് ജന്മനാടിന്റെ ആദരം

Published on 06 May, 2018
കാള്‍ മാക്‌സിന് ജന്മനാടിന്റെ ആദരം

ബര്‍ലിന്‍: ലോക കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റ് തത്വചിന്തകന്‍ കാള്‍ മാര്‍ക്‌സിന് ജന്മനാടായ ജര്‍മനിയുടെ ആദരം. കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷമായ പരിപാടികള്‍ ജന്മസ്ഥലമായ ജര്‍മനിയിലെ ട്രിയര്‍ പട്ടണത്തില്‍ അരങ്ങേറി. 

ട്രിയര്‍ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന കത്തീഡ്രലില്‍ നടന്ന അനുസ്മരണ സമ്മേളനം യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ക്‌ളൗഡ് ജുങ്കര്‍ ഉദ്ഘാടനം ചെയ്തു. ജര്‍മനിയുടെ മാനസപുത്രന് പ്രണാമം അര്‍പ്പിക്കുന്നതിനൊപ്പം ട്രിയര്‍ നഗരത്തിന്റെ പ്രശസ്തനായ അനശ്വരനായ മകന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജുങ്കര്‍ പറഞ്ഞു. കമ്യൂണിസത്തിന്റെ ഇപ്പോഴുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ കാള്‍ മാര്‍ക്‌സിനെ ബലിയാടാക്കി കുറ്റപ്പെടുത്തുന്നതവരെ ജുങ്കര്‍ അപലപിച്ചു.

കാള്‍ മാര്‍ക്‌സിനെ അദ്ദേഹത്തിന്റെ സമയം മുതല്‍ മനസിലാക്കണം, തന്റെ പില്‍ക്കാല ശിഷ്യന്മാരില്‍ ചിലര്‍ രൂപംകൊടുത്ത മൂല്യങ്ങളും മറ്റുള്ളവര്‍ക്കെതിരെയുള്ള ഒരു ആയുധമെന്നനിലയില്‍ ആ മൂല്യങ്ങളെ വര്‍ണിച്ച വാക്കുകളും കടമടുത്ത് അതിന്റെ ഉത്തരവാദി കാള്‍മാര്‍ക്‌സിന് നല്‍കാനാവില്ല. അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്തണം. അതു വളച്ചൊടിച്ച് പുതുമയുണ്ടാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ട്രയറിലെ ബസിലിക്കയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഇരുപതാം നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ പേരില്‍ നടത്തിയ ദശലക്ഷക്കണക്കിന് ആളുകള്‍ക്കെതിരെയുണ്ടായ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും അപലപിക്കുന്നു. അവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായും ജുങ്കര്‍ പറഞ്ഞു. 

ട്രിയറിലെ കാള്‍ മാക്‌സ് മ്യൂസിയത്തിന്റെ (മാര്‍ക്‌സിന്റെ ജന്മഗൃഹം) അടുത്തു സ്ഥിതിചെയ്യുന്ന ബസിലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ റൈന്‍ലാന്റ് ഫാല്‍സ് സംസ്ഥാന മുഖ്യമന്ത്രി മാലു ഡ്രെയര്‍ (എസ്പിഡി) അധ്യക്ഷത വഹിച്ചു. എസ്പിഡി പാര്‍ട്ടി അധ്യക്ഷ അന്ത്രയാ നാലെസ് ഉള്‍പ്പടെ ക്ഷണിക്കപ്പെട്ട ആയിരത്തോളം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. 

കമ്യൂണിസത്തിന്റെ പിതാവിന് അനുസ്മരിയ്ക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍, രാഷ്ട്രീയ പ്രമുഖര്‍ ട്രിയറില്‍ എത്തിയിട്ടുണ്ട്. ആഘോഷത്തോടനുബന്ധിച്ച് ഇന്ന് ട്രിയര്‍ നഗരത്തില്‍ വോള്‍ക്കര്‍ ഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്. 

നഗരമധ്യത്തില്‍ സ്ഥാപിച്ച കാള്‍ മാര്‍ക്‌സിന്റെ അഞ്ചര മീറ്റര്‍ ഉയരമുള്ള ചൈനയില്‍ നിര്‍മിച്ച പൂര്‍ണകായ പ്രതിമ ശനിയാഴ്ച ഉച്ചയ്ക്ക് അനാവരണം ചെയ്തു. 2.2 ടണ്‍ ഭാരമുള്ള വെങ്കലത്തില്‍ നിര്‍മിച്ച പ്രതിമയ്ക്ക് ഒരു ലക്ഷം യൂറോയോളം ചെലവുണ്ട്. 

ശനിയാഴ്ച മുതല്‍ റെനിഷ് സ്‌റ്റേറ്റ് മ്യൂസിയവും ട്രയര്‍ സിറ്റി മ്യൂസിയം ശെമയോണ്‍ സ്റ്റിഫ്റ്റും ചേര്‍ന്ന് ഒരുക്കിയ കാള്‍ മാര്‍ക്‌സ് (1818/1883) ജീവിതവഴിത്താര ചിത്രപ്രദര്‍ശനം ആരംഭിക്കും.

ഫ്രെഡറിക് എബേര്‍ട്ട് തയാറാക്കിയ “ട്രയല്‍ ടു ദി വേള്‍ഡ് കാള്‍ മാര്‍ക്‌സ്, അദ്ദേഹത്തിന്റെ ആശയങ്ങള്‍, ഇന്ന് അതിന്റെ സ്വാധീനം എന്നതിനെപ്പറ്റിയുള്ള ഡോക്കുമെന്ററിയും കാള്‍ മാര്‍ക്‌സ് ഹൗസില്‍ അവതരിപ്പിക്കും. ഒക്ടോബര്‍ 21 വരെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ മുന്‍ എംപി പി.രാജീവ് ജര്‍മനിയില്‍ വന്നപ്പോള്‍ ട്രിയറിലെ കാള്‍ മാര്‍ക്‌സ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ലേഖകനും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

ഒരു കാലഘട്ടത്തിന്റെ അല്ല, ഒരു നൂറ്റാണ്ടിന്റെ തന്നെ വെളിപാടുകളുമായി ലോകത്തെ ചിന്തിപ്പിച്ച കാള്‍ മാക്‌സിന്റെ ജനനം 1818 മേയ് അഞ്ചിനു ജര്‍മനിയിലെ ട്രിയറിലാണ്. 1883 മാര്‍ച്ച് 14 ന് ലണ്ടനിലാണ് അദ്ദേഹത്തിന്റെ അന്ത്യം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക