Image

അമ്മ ഭവനത്തിലെ സ്‌നേഹദീപം (ഭാഗം:2 -തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി)

തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി) Published on 07 May, 2018
അമ്മ ഭവനത്തിലെ സ്‌നേഹദീപം (ഭാഗം:2 -തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി)
ഭവനത്തിന്റെ സാക്ഷാല്‍ ദീപവും അനുഗ്രഹവുമായി ശോഭിച്ചിരുന്ന എത്രയോ അമ്മമാര്‍ മക്കളാല്‍ അവഗണിതരായും, നിന്ദിതരും രോഗികളും ക്ഷീണിതരും വിസ്മൃതരുമായി ഇന്ന് അവരുടെ കൂരകളിലും വലിയ ഭവനങ്ങളിലുമായി തികച്ചും നിസ്സഹായരായി വീല്‍ച്ചെയറുകളിലും കട്ടിലുകളിലുമായി ഇഴഞ്ഞ് ജീവിക്കുന്നുണ്ട്. അവരുടെ പ്രിയ മക്കളോ വിദേശ രാജ്യങ്ങളില്‍ തിന്നുകുടിച്ച് ആടിപ്പാടി ഉല്ലസിച്ച് ജീവിക്കുന്നു: എന്നിട്ടും ഈ അമ്മമാര്‍ തങ്ങളുടെ ഈ മക്കളുടെ ന•യ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്റെ മാതാവും പകലത്തെ അദ്ധ്വാനവുമൊക്കെ കഴിഞ്ഞ് രാത്രി 10 മണിക്ക് കുത്തി ഇരുന്ന് മറു നാടുകളിലും വിദേശങ്ങളിലുമൊക്കെ കഴിയുന്ന മക്കള്‍ക്കു വേണ്ടി ആളാം പ്രതി കത്തുകള്‍ എഴുതി അയയ്ക്കാറുണ്ടായിരുന്നു. ഇറുപ്പവനും മലര്‍ ഗന്ധമേകുന്ന, വെട്ടുന്നവനും തരു ചൂടകറ്റുന്ന, ഹനിപ്പവനും കിളി പാട്ടു പാടുന്നതുമായ നിസ്വാര്‍ത്ഥ സുന്ദരവും ആനന്ദസന്ദായകവുമായ സാക്ഷാല്‍ സ്‌നേഹം ഇതാണ്! മാതൃസ്‌നേഹം! മറ്റുള്ളത് അധികവും സ്വാര്‍ത്ഥതയ്ക്കു വേണ്ടിയുള്ള തട്ടിപ്പു സ്‌നേഹമാകുന്നു. 

വിവാഹിതയായ മല്ലപ്പള്ളിക്കാരി ഒരു അമേരിക്കന്‍ മലയാളി യുവതി കാമുകനെ കിട്ടാന്‍ വേണ്ടി അവന്റെ ഭാര്യയെ കൊല്ലാന്‍ ക്വോട്ടേഷന്‍ കൊടുത്ത് പിടിക്കപ്പെട്ട് സ്വജീവിതത്തെ തകര്‍ത്തു കളഞ്ഞിരിക്കുന്നു. ഇതുപോലെയുള്ള മറ്റൊരു മിടുക്കന്‍. ക്വൊട്ടേഷന്‍ മലയാളി ഇപ്പോള്‍ ന്യൂയോര്‍ക്ക് ജയിലില്‍ കിടക്കുന്നുണ്ട്. എന്തൊരു സ്‌നേഹവും പ്രേമവും ജീവിതദര്‍ശനവും ഇന്ന് മലയാളി പെണ്ണിന്റേയും ആണിന്റെയും! ആര്‍ക്ക് ആരേ ഇന്ന് വിശ്വസിക്കാം? കൂട്ടുകാരെ വിശ്വസിക്കാമോ? അപ്പ•ാരെ വിശ്വസിക്കാമോ? സ്വന്തക്കാരെ വിശ്വസിക്കാമോ? അമ്മയെ വിശ്വസിക്കാമോ? അപ്പ•ാരെ വിശ്വസിക്കാമോ? അമ്മയെ വിശ്വസിക്കാമോ? അപ്പ•ാരെ വിശ്വസിക്കാമോ? മക്കളെ വിശ്വസിക്കാമോ? ഭാര്യയെ വിശ്വസിക്കാമോ? ഭര്‍ത്താക്ക•ാരെ വിശ്വസിക്കാമോ? ആത്മീയ നേതാക്ക•ാരെ വിശ്വസിക്കാമോ? മനസ്സാക്ഷിയും നിസ്വാര്‍ത്ഥ സ്‌നേഹവും ദൈവവും ഹൃദയത്തിലുള്ളവരെ ആര്‍ക്കും വിശ്വസിക്കാം. അങ്ങനെയുള്ള സംകൃതാത്മാക്കളാകുന്നു കൂടെകൂടെ നമ്മേ ഫോണില്‍ വിളിച്ച് ക്ഷേമങ്ങളൊക്കെ അന്വേഷിക്കുന്നതും.

ആരാണ് അമ്മ? വേണ്ട വിശ്രമം പോലും കിട്ടാതെ പ്രഭാതം മുതല്‍ ജോലികള്‍ തീരുന്നതു വരെ കുടുംബാംഗങ്ങള്‍ക്കും ചിലപ്പോള്‍ അതിഥികള്‍ക്കു വേണ്ടിയും ആത്മാര്‍ത്ഥമായ സേവനങ്ങള്‍ ചെയ്തു ജീവിക്കുന്ന അമ്മമാരെ എത്ര ആശ്ലേഷിച്ചാലും ആദരിച്ചാലും മതിയാകയില്ല. ഒരു പുരുഷന്റെ അദ്ധ്വാനത്തിന്റെയും കഷ്ടപ്പാടുകളുടെയും വേദനകളുടെയും ദുഃഖങ്ങളുടെയും പല മടങ്ങ് ഭാരം പരാതിയും പരിഭവവുമില്ലാതെ ചുമന്ന് ജീവിക്കുന്നവരാകുന്നു ഭാര്യയായും അമ്മയായും പുത്രിയായുമൊക്കെയായി അറിയപ്പെടുന്ന സ്ത്രീ എന്നുള്ള മഹല്‍സത്യം പുരുഷവര്‍ഗ്ഗം ഒരിക്കലും മറക്കരുത്. ഒരു അമ്മയുടെ, ഭാര്യയുടെ അമൂല്യമായ സ്‌നേഹസാന്നിദ്ധ്യത്തിന്റെയും സേവനത്തിന്റെയും യഥാര്‍ത്ഥ വില മനുഷ്യനറിയുന്നത് ആ സ്‌നേഹദീപം നമ്മുടെ ഭവനങ്ങളില്‍ നിന്നും അണഞ്ഞു പോകുമ്പോള്‍ മാത്രമാണ്. എല്ലാ സ്ത്രീകളും ഭവനത്തില്‍ ദീപങ്ങളല്ല.
ഒരു ഓമനപ്പൈതലിന്റെ അമ്മ ഇല്ലാത്തതിന്റെ ഉല്‍ക്കടമായ ദുഃഖത്തെ ഒരു കവി വര്‍ണ്ണിക്കുന്നത് ശ്രദ്ധിക്കുക:
അമ്മയെങ്ങമ്മയെങ്ങെന്നൊരുല്‍ക്കണ്ഠയാല്‍
അമ്മിണി പ്പൈതലിനസ്വാസ്ഥ്യമെപ്പോഴും
മല്ലികക്കുണ്ടമ്മ, മാലതിക്കുണ്ടമ്മ
കല്യാണകൃഷ്ണനുമ്മയുണ്ടെപ്പോഴും
തന്നമ്മയൊന്നിങ്ങോട്ടു വന്നിരുന്നെങ്കി-
ലെന്നഞ്ഞൂറി വട്ടം വിചാരിക്കുമോമന!
വന്നെങ്കിലോടിക്കിതച്ചു ഞാന്‍
ചെന്നമ്മ ചേലതന്‍ തുമ്പത്തു തൂങ്ങിടും.
പല പതിറ്റാണ്ടുകള്‍ക്ക് മുമ്പായി ഞാന്‍ വായിച്ചിട്ടുള്ള ശ്രീ വെണ്ണിക്കുളം ഗോപാലക്കുറുപ്പിനാല്‍ വിരചിതമായ ഈ കവിതയുടെ ചില ഭാഗങ്ങള്‍ പരിമിതമായ എന്റെ ഓര്‍മ്മയില്‍  നിന്നുമാത്രമാണ് ഇവിടെ ഞാന്‍ ഉദ്ധരിച്ചിരിക്കുന്നത്. അറിയാവുന്നവര്‍ തിരുത്തി വായിക്കുക.

ഇനിം ഇത് ദീര്‍ഘിപ്പിക്കുന്നില്ല. കാന്‍സര്‍ മുതലായ മാരക രോഗങ്ങള്‍മൂലവും ആകസ്മികമായ അപകടങ്ങളില്‍പ്പെട്ടും ഇണയുടെ നീചവും നിഷ്ഠൂരവുമായ ആക്രമങ്ങള്‍ മൂലവും നൂറുകണക്കിന് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ട അമ്മമാര്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നിരപരാധികലായ ഈ കുഞ്ഞുങ്ങളുടെ സങ്കടം ആരറിയുന്നു! അതുപോലെ ലക്ഷക്കണക്കിന് വൃദ്ധരായ മാതാപിതാക്കള്‍ രോഗികളും നടക്കാന്‍ വയ്യാത്തവരും ദുഃഖിതരുമായി കേരളത്തിലെ പല വീടുകളിലും അനാഥാലയങ്ങളിലുമൊക്കെയായി കഴിയുന്നുണ്ട്. ഒരിറ്റ് സ്‌നേഹത്തിനു വേണ്ടി ദാഹിക്കുന്ന ബഹുമില്ല്യന്‍ മാതാപിതാക്കള്‍ ഇന്ന് ലോകത്തിലുണ്ട്. അവര്‍ക്കു വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം.

മക്കളെയും കൊച്ചു മക്കളെയും താലോലിച്ച് വളര്‍ത്തി അവരുടെ ജീവിതങ്ങളെ സാര്‍ത്ഥകവും സന്തുഷ്്ടപൂര്‍ണ്ണവുമാക്കി തീര്‍ക്കുവാന്‍ സര്‍വ്വേശ്വരനാല്‍ നിയോഗിക്കപ്പെട്ട അംഗനമാരേ, അമ്മമാരേ ദൈവം നിങ്ങളെ മാനിക്കുന്നു! ആദരിക്കുന്നു! ദൈവത്താല്‍ നിങ്ങള്‍ അനുഗ്രഹീതരുമാകുന്നു! ഈ ശ്രേഷ്ഠമായ മദേഴ്‌സ് ഡേ ആഘോഷവേളയില്‍ ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ഹൃദയംഗമായ എന്റെ സ്‌നേഹാഭിവാദനങ്ങള്‍! ആദരവുകള്‍! ഹാപ്പി മദേഴ്‌സ് ഡേ!
തോമസ് ഫിലിപ്പ്

അമ്മ ഭവനത്തിലെ സ്‌നേഹദീപം (ഭാഗം:2 -തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക