Image

നവയുഗവും ഇന്ത്യന്‍ എംബസ്സിയും കൈകോര്‍ത്തു; 3 ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 07 May, 2018
നവയുഗവും ഇന്ത്യന്‍ എംബസ്സിയും കൈകോര്‍ത്തു; 3 ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗവും, ഇന്ത്യന്‍ എംബസ്സിയും നടത്തിയ കൂട്ടായ പരിശ്രമത്തിന് ഒടുവില്‍, മൂന്ന് ഇന്ത്യന്‍ വനിതകള്‍ ദമ്മാം വനിതാഅഭയകേന്ദ്രത്തില്‍ നിന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മുബൈക്കാരിയായ സയീദ ഷാന്‍, ഹൈദരാബാദ് സ്വദേശിനിയായ സഖ്യ മാരി, ബാംഗ്ലൂര്‍ സ്വദേശിനിയായ ശബാന എന്നീ വനിതകളാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

സഖ്യ മാരി അല്‍കോബാറിലെ ഒരു വീട്ടില്‍ ജോലിക്കാരിയായി ഒരു വര്‍ഷം മുന്‍പാണ് വന്നത്. ശമ്പളം കൃത്യമായി കിട്ടിയിരുന്നില്ല. നാല് മാസത്തെ ശമ്പളം കുടിശ്ശികയായപ്പോള്‍ ജീവിതം ദുരിതമായി മാറി. അതിനൊപ്പം ആരോഗ്യം ക്ഷയിച്ച് അസുഖം കാരണം ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. എന്നിട്ടും സ്‌പോണ്‍സര്‍ അവരെ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സിയ്ക്കാന്‍ തയ്യാറായിട്ടില്ല. പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ ആയപ്പോള്‍, ആ വീടിന് പുറത്തു കടന്ന അവര്‍ റാക്കയിലെ ഇന്ത്യന്‍ എംബസ്സി സേവനകേന്ദ്രത്തിലെ ഹെല്‍പ്പ്‌ഡെസ്‌ക്കില്‍ എത്തി പരാതി പറഞ്ഞു. അവിടന്ന് അറിയിച്ചത് അനുസരിച്ച്, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ അവിടെയെത്തി, സൗദി പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

ശബാന പത്തുമാസം മുന്‍പാണ് ദമ്മാമിലെ ഒരു വീട്ടില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. മോശമായ ജോലിസാഹചര്യങ്ങളാണ് നേരിടേണ്ടി വന്നത്. സ്പോണ്‍സറുടെ ഭാര്യ ദേഹോപദ്രവം ഏല്‍പ്പിയ്ക്കുമായിരുന്നു എന്ന് ശബാന പറഞ്ഞു. ഒരു ദിവസം അവര്‍ മുഖത്തടിച്ചപ്പോള്‍ ശബാനയുടെ ഒരു പല്ല് ഇളകിപ്പോയി. രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയായിരുന്നു. ഉപദ്രവം സഹിയ്ക്കാതെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞപ്പോള്‍ പോലീസുകാര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

സയീദ ഷാന്‍ ദമ്മാമിലെ ഒരു വീട്ടില്‍ പത്തുമാസം ജോലി ചെയ്തു. രാപകല്‍ വിശ്രമമില്ലാത്ത കഠിനമായ ജോലി കാരണം അവരുടെ ആരോഗ്യം മോശമായി. ആഹാരമോ ഉറക്കമോ കൃത്യമായി കിട്ടാത്ത അവസ്ഥയില്‍, ആ വീട്ടിലെ ജീവിതം അസഹനീയമായപ്പോള്‍, അവര്‍ ആ വീട് വിട്ടിറങ്ങി, വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെടുകയായിരുന്നു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, വനിതാ അഭയകേന്ദ്രത്തില്‍ എത്തി ഇവര്‍ മൂവരുടെയും കേസ് ഏറ്റെടുക്കുകയായിരുന്നു. മഞ്ജു ഫോണില്‍ വിളിച്ചു സന്ധി സംഭാഷണം നടത്തിയെങ്കിലും, മൂവരുടെയും സ്പോണ്‍സര്‍മാര്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി മൂന്നുപേര്‍ക്കും ഔട്ട്പാസ്സ് എടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിയ്ക്കുകയും ചെയ്തു.

ചില പ്രവാസി സുമനസ്സുകള്‍ നല്‍കിയ വിമാനടിക്കറ്റില്‍ മൂവരും നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: മഞ്ജു മണിക്കുട്ടന്‍ (second from left) സയീദ ഷാന്‍, സഖ്യ മാരി, ശബാന എന്നിവര്‍ക്കൊപ്പം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക