Image

വിമാനയാത്രാദുരിതം അകറ്റാന്‍ പുതിയ നിയമത്തിലൂടെ ശ്രമം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 08 May, 2018
വിമാനയാത്രാദുരിതം അകറ്റാന്‍ പുതിയ നിയമത്തിലൂടെ ശ്രമം (ഏബ്രഹാം തോമസ്)
വിമാന കമ്പനികള്‍ യാത്രക്കാരെ തിക്കി നിറച്ച് ഫ്‌ളൈറ്റുകള്‍ നടത്തുന്നത് സാധാരണമാണ്. സമീപവര്‍ഷങ്ങളില്‍ സീറ്റുകളും റോകളും തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വരുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു. ഫ്‌ളൈറ്റ് അറ്റന്‍ന്റേര്‍സിന് ആവശ്യമായ വിശ്രമം ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു പരാതി. ഇനിയൊരു പരാതി യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ചാണ്. അടിയന്തിരമായി നിലത്തിറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ 90 സെക്കന്റിനുള്ളില്‍ എങ്ങനെ ഒഴിപ്പിക്കുവാന്‍ കഴിയും എന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയരുന്നു. എയര്‍ലൈനുകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന മറ്റൊരു മാറ്റം യാത്രാ ചാര്‍ജില്‍ നികുതി ഉള്‍പ്പെടുത്താതെ പരസ്യപ്പെടുത്താനാവും എന്നതാണ്. സേവനത്തിനും യാത്രക്കാര്‍ ഒപ്പം കൊണ്ടു പോകുന്ന വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തിലും ചില മിനിമം നിബന്ധനകള്‍ നിലവില്‍ വരും.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) റീ അതൊരൈസേഷന്‍ ബില്‍ ജനപ്രതിനിധി സഭ പാസാക്കി. ബില്ലിന് സമാനമായൊരു ബില്ല് സെനറ്റില്‍ അവതരിപ്പിക്കുകയും പാസ്സാവുകയും ചെയ്താല്‍ രണ്ടു ബില്ലുകളും ക്രോഡീകരിച്ച് ഒരു അന്തിമബില്ല് പ്രസിഡന്റിന്റെ മുന്നിലെത്തും. പ്രസിഡന്റ് ഒപ്പ് വച്ചാല്‍ നിയമമാകും. പ്രതിനിധി സഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളുടെ വലിയ പിന്തുണയോടെയാണ് ബില്‍ പാസ്സായത്.

വിമാന സീറ്റുകളുടെ പ്രതിഷ്ഠിക്കല്‍, നീളം, വീതി, ലെഗ്‌റൂം എന്നിവയ്ക്ക് മിനിമം ഡൈമെന്‍ഷന്‍ ഉണ്ടാവണം എന്ന് പറയുന്നുണ്ടെങ്കിലും എന്തായിരിക്കണം ഈ മിനിമം അളവുകള്‍ എന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ കൂടുതല്‍ യാത്രക്കാരെ ഫ്‌ലൈറ്റുകളില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിക്കുന്ന എയര്‍ലൈനുകള്‍ ഈ മാനദണ്ഡം പാലിക്കുമോ എന്നും വ്യക്തമല്ല.

ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ സ്വാഗതം ചെയ്യുമെന്ന് ഉറപ്പുള്ള ഒരു നിര്‍ദേശവും ബില്ലിലുണ്ട്. ഇന്‍ ഫ്‌ളൈറ്റ് വയര്‍ലെസ് കാളുകള്‍ നിരോധിക്കുന്നതാണിത്.
ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്‌സ് ഫ്‌ളൈറ്റുകള്‍ക്കിടയില്‍ 10 മണിക്കൂര്‍ വിശ്രമം എടുത്തിരിക്കണം എന്നതാണ് മറ്റൊരു നിര്‍ദേശം. ഇത് നടപ്പിലായാല്‍ ഫ്‌ളൈറ്റ് ഡെക്കിലുള്ള പൈലറ്റിനും കോപൈലറ്റിനും ലഭിക്കുന്ന അത്രയും വിശ്രമം ഇവര്‍ക്കും ലഭിക്കും. യാത്രക്കാരില്‍ നിന്നുണ്ടാകാവുന്ന ലൈംഗികാതിക്രമം നേരിടാനും മാര്‍ഗരേഖകള്‍ നിര്‍ദ്ദേശിക്കുന്നു.
സുരക്ഷയില്‍ കാബിനല്‍ നിന്ന് എല്ലാ യാത്രക്കാരെയും 90 സെക്കന്റിനുള്ളില്‍ ഒഴിപ്പിക്കുന്ന പ്രശ്‌നം കൂടുതല്‍ പഠന വിധേയമാക്കും.

എയര്‍ലൈനുകള്‍ക്ക് നികുതി ഉള്‍പ്പെടുത്താതെ ടിക്കറ്റ് വില പരസ്യം ചെയ്യാം. എന്നാല്‍ ഓണ്‍ലൈനില്‍ പോപ് അപ് ചെയ്യുന്ന ലിങ്കിലൂടെ നികുതി എത്രയാണെന്ന് വ്യക്തമാക്കണം. നികുതി ഉള്‍പ്പെടുത്തി ചാര്‍ജ് പരസ്യം ചെയ്യണമെന്ന നിയമം യാത്രക്കാരെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ എയര്‍ലൈനുകള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരുന്നു.

ഇമോഷ്‌നല്‍ സപ്പോര്‍ട്ട് ആനിമല്‍സ് എന്നോ കംഫര്‍ട്ട് പെറ്റ്‌സ് എന്നോ അറിയപ്പെടുന്ന വളര്‍ത്തുമൃഗങ്ങളും ഒപ്പമുള്ള വിമാനയാത്ര ഈയിടെ ധാരാളമായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 7,51,000 കംഫര്‍ട്ട് പെറ്റ്‌സ് യു.എസ്. ഫ്‌ളൈറ്റുകളില്‍ സഞ്ചരിച്ചു. 2017 നെ കാള്‍ 80% കൂടുതലാണിത് എന്ന് എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക എന്ന സ്ഥാപനം പറയുന്നു. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൊണ്ട് പോകുന്നതിന് ചെലവ് കുറവാണെന്ന യാത്രക്കാരുടെ തിരിച്ചറിവാണ് ഇതിന് കാരണമായി പറയുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ അപ്പാടെയോ കുറെയെങ്കിലുമോ നിയമമായാല്‍ വിമാനയാത്രക്കാരുടെ ദുരിതം അല്പമെങ്കിലും കുറയും എന്നാണ് പലരുടെയും പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക